
ഞാനെന്റെ കിനാവുകള് ഓരോ പുലരി
വിടര്ന്നൊടുവില് വാടുംവരെയും കാണും.
ദൂരെയൊരു കനകവാതിലിനപ്പുറം
പൂത്തുനില്ക്കുന്ന കിനാവിന്റെ മധുരമുള്ള
പുഷ്പങ്ങള് പുഞ്ചിരിതൂകി നില്പ്പുണ്ട്.
ഓരോ രാവിന്റെ നിശബ്ദതയിലും ഞാനാ
കിളിവാതില് വരെ പോകാറുണ്ട്.
കപടമായ പുലരികളെയെനിക്കു ഭയമാണ്.
കപടമെങ്കിലും നിശ്ശബ്ദമായ രാവുകളെ
ഞാനെന്നും ചേര്ത്തുനിര്ത്തും.
മരണവണ്ടിയിലൊടുവില് ഞാനും
ആദ്യമായി,അവസാനമായി കയറിയ
മാത്രയിലല്ലോ പൊന്വാതിലെനിക്കായി
തുറന്നതും ജീവിച്ചകാലമത്രയും
കൊതിയൂറി മോഹം പൂണ്ട സ്വപ്നങ്ങള്
നേരില്ക്കണ്ട് വിസ്മയം കൊണ്ടതും.
മരണസുഖമിന്ന് ഞാനറിഞ്ഞു,ചിന്തകള്
കുഴികുത്തിമൂടിയൊരു തൈനട്ടു.
ഭരമില്ലാത്ത ഹൃദയമിന്നൊത്തിരി നേരം
പുഞ്ചിരിച്ചു,ചിലതൊക്കെ മന്ത്രിച്ചു.
‘ഇത് നിന്റെ ലോകം,നീ കണ്ട
കിനാവുകളുടെ യഥാര്ഥ ലോകം.
ഇവിടെ നിനക്കൊരു അതിര്വരമ്പില്ല
ഇവിടെ നിനക്കൊരു ചങ്ങലയുടെ
ആഢംബരവും വേണ്ട; ഇത് നിന്റെ ലോകം.’

No Comment.