2023 | മാർച്ച് 19|ഞായർ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022 – 2023 വർഷത്തെ ‘തിലകൻ സ്മാരക’ പുരസ്കാരത്തിന് (അഭിനയം), അഭിനേത്രിയും എഴുത്തുകാരിയുമായ ശ്രീമതി.ദീപ പ്രമോദിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ മഹാനടനായ ശ്രീ. തിലകന്റെ പേരിൽ അഭിനയകലയ്ക്കു നൽകിവരുന്ന ഈ അവാർഡ്. കെ. എസ്. ഹരിഹരൻ സംവിധാനം ചെയ്ത് 2022 മെയ് മാസം റിലീസ് ആയ ‘കാളച്ചേകോൻ’ എന്ന സിനിമയിലെ നായകന്റെ അമ്മ വേഷത്തിലുള്ള അഭിനയ മികവിനാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ശ്രീ. മണികണ്ഠൻ ആചാരിയുടെ ഭാര്യയുടെ വേഷമായിരുന്നു. കേരളത്തിലെ തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച സിനിമയായിരുന്നു കാളച്ചേകോൻ. കാളച്ചേകോൻ കൂടാതെ, അടുത്തുതന്നെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റു രണ്ടു സിനിമകളിൽ കൂടി ദീപ അഭിനയിച്ചിട്ടുണ്ട്.
2023 മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
മലയാള സിനിമയിലേക്ക് എത്തുന്നതിനു മുന്നേ, പ്രവാസത്തിന്റെ കണ്ണീരും കയ്പ്പും കലർന്ന ജീവിത സമസ്യകൾ പ്രമേയമാക്കി യുഎഇ യിൽ ചിത്രീകരിച്ച ചില ഹ്രസ്വസിനിമകളിൽ ദീപ അഭിനയിച്ചിട്ടുണ്ട്. ഒപ്പം, യു എ ഇ യിലെ തന്നെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിന്റെ പരസ്യചിത്രങ്ങളിലും കുടുംബത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പം മുതൽക്കേ നാടകരംഗത്ത് സജീവമായിരുന്നു. ചെറുതും വലുതുമായ കുറെയേറെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്കുള്ള തുടക്കം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിനിയായ ദീപ, നെല്ലൂർ നാരായണൻ നമ്പ്യാരുടെയും കായല്ലൂർ തങ്കമണിയുടെയും മകളാണ്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.
യുഎഇ യിലെ അറിയപ്പെടുന്ന ഒരു കലാകുടുംബമാണ് ദീപയുടേത്. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയും, നടനും ഗായകനുമായ ശ്രീ. പ്രമോദ് കുഞ്ഞിമംഗലം ആണ് ഭർത്താവ്. ഏതാണ്ട് ഏഴോളം മലയാള സിനിമകളിൽ പ്രമോദും അഭിനയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളായ അമൽ, ആദിയ എന്നിവർ മക്കളാണ്. യു എ ഇ യിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് ദീപ പ്രമോദും കുടുംബവും. പ്രാദേശികവും അല്ലാത്തതുമായ നിരവധി മലയാളി കൂട്ടായ്മകളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നവരാണ് ഇവർ.
അഭിനയം പോലെത്തന്നെ എഴുത്തിനോടും പ്രതിപത്തിയുള്ള ആളാണ് ദീപ പ്രമോദ്. 2022 നവംബറിൽ നടന്ന പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് ‘മണൽക്കാറ്റിനും പറയുവാനുണ്ട് ‘ എന്ന ആദ്യ കവിതാസമാഹാരം ദീപയുടേതായി പുറത്തിറക്കിയിരുന്നു. അതുകൂടാതെ ഹൃദയമുദ്രകൾ, പ്രണയമുദ്രകൾ, മണ്ണായി മടങ്ങിയാലും മറവിയെടുക്കാത്തത് തുടങ്ങിയ കാവ്യസമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കൂടാതെ, ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതിവരുന്നു. ‘നിലാപ്പൂക്കൾ’ എന്ന ഒരു സംഗീത ആൽബത്തിനായ് ഗാനം രചിച്ചിട്ടുണ്ട്. വിവിധ സാഹിത്യ കൂട്ടായ്മകളുടെ കവിതാ പുരസ്കാരങ്ങൾ, യൂത്ത് ഇന്ത്യ ദുബൈയുടെ കവിതാ പുരസ്കാരം, മൿബെത് പബ്ലിക്കേഷന്സിന്റെ പ്രണയകഥ പുരസ്കാരം, യൂത്ത് ഇന്ത്യ ദുബൈയുടെ നോമ്പെഴുത്തു പുരസ്കാരം, ഓൺലൈൻ സാഹിത്യവേദികളിലൂടെ ഒന്നിലധികം തവണ ലഭിച്ച ‘തൂലികാരത്നം’, ‘ആസ്വാദന ലിഖിതരത്നം’ ആദരവുകൾ തുടങ്ങി എഴുത്തിന്റെ മേഖലയിൽ ഒട്ടേറെ അംഗീകാരങ്ങൾ ദീപ പ്രമോദിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ, ദുബായിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീമതി. ദീപ പ്രമോദ്.

No Comment.