ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര സൗത്ത്, തകഴി, പുറക്കാട് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി പടർന്നിരിക്കുന്നത്.
താറാവുകളിലും കോഴികളിലും രോഗം സ്ഥിരീകരിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു. കുമാരപുരം പഞ്ചായത്തിലും ഭീഷണിയുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, കല്ലുപുരയ്ക്കൽ, വേലൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി പടരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഭോപ്പാലിലെ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ വന്നതോടെയാണ് രണ്ട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. പകർച്ചവ്യാധിയുടെ തീവ്രത മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി വരികയാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കോഴി ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്മസ്, പുതുവത്സര സീസണുകളിൽ സാധാരണയായി വിൽപ്പന വർദ്ധിക്കുന്നതിനാൽ നിലവിലെ സാഹചര്യം കർഷകരെ സാരമായി ബാധിച്ചേക്കാം. ആലപ്പുഴ ജില്ലയിൽ ഇതുവരെ 20,000 ലേറെ താറാവുകളും കോഴികളും ചത്തു. ഇറച്ചിക്കോഴികളിൽ ഇതുവരെ പ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ല. ദേശാടനപ്പക്ഷികളിൽനിന്നാണ് രോഗബാധയുണ്ടാകുന്നതെന്നാണ് നിഗമനം. ഇതേപ്പറ്റി കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തു
No Comment.