താമരശ്ശേരി മൊബൈൽ ഫോണിന്റെ ഇഎംഐ (EMI) തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് നേരെ ഫൈനാൻസ് ജീവനക്കാരുടെ ക്രൂരമായ ആക്രമണം. മർദനത്തിൽ പരിക്കേറ്റ താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനെ (24) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ടിവിഎസ് (TVS) ഫൈനാൻസ് ജീവനക്കാരായ മൂന്ന് യുവാക്കളെ താമരശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ട് മണിയോടെ താമരശ്ശേരിയിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. അബ്ദു റഹ്മാൻ എടുത്ത മൊബൈൽ ഫോൺ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ഫൈനാൻസ് ജീവനക്കാർ എത്തിയത്. സംസാരത്തിനിടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
പ്രതികൾ അബ്ദു റഹ്മാനെ മർദിക്കുകയും തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അബ്ദു റഹ്മാന്റെ കൈയിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേറ്റത്.ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഫൈനാൻസ് ജീവനക്കാരെ നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടികൂടി. ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ള ജീവനക്കാരെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലോൺ കുടിശ്ശിക ഈടാക്കാൻ എത്തിയവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ നിയമപരമായ മാർഗങ്ങളിലൂടെയല്ലാതെ ഗുണ്ടാ സ്റ്റൈലിൽ നടപടിയെടുക്കുന്നത് അനുവദിക്കില്ലെന്ന് താമരശ്ശേരി പൊലിസ് വ്യക്തമാക്കി.
No Comment.