(1)അതിദാരിദ്ര്യമുക്തർ വീണ്ടും ദരിദ്രരാകരുത്; പ്രത്യേക ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ ഉണ്ടാവണം. വികസന കാര്യങ്ങളിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണം. കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിലായിരുന്നെങ്കിൽ, ഇന്ന് അവരെ ചേർത്തുപിടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ 207 വീടുകളുടെ വാർപ്പ് പണി പൂർത്തിയായിക്കഴിഞ്ഞു. കനത്ത മഴ കാരണം നിർമ്മാണത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടെങ്കിലും വരും ഫെബ്രുവരിയിൽ വീടുകളുടെ താക്കോൽ കൈമാറാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2026-നെ കേരളത്തിലെ ഭവനരഹിതരില്ലാത്ത വർഷമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(2)മദർ തെരേസ സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ഒന്നാം വർഷം/രണ്ടാം വർഷം/മൂന്നാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ് ,ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.
(3)25 മണിക്കൂർ ദൈർഘ്യമുള്ള ദിവസങ്ങൾ; അപ്രതീക്ഷിത മാറ്റം ഉടൻ സംഭവിക്കും? കാരണങ്ങൾ നിരത്തി ശാസ്ത്രജ്ഞർ
ഒരു ദിവസമെന്നത് 24 മണിക്കൂർ ദൈർഘ്യമുള്ളതാണെന്ന് എല്ലാവർക്കും അറിയാം. സൂര്യന്റെ സ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. എന്നാൽ 25 മണിക്കൂർ ദൈർഘ്യമുള്ള ദിവസം ഉണ്ടാകുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കേൾക്കുമ്പോൾ സിനിമയിലെ ഏതെങ്കിലും ഒരു സീനുമായി താരതമ്യം ചെയ്യാൻ സാധിക്കുമെങ്കിലും ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുശേഷം ഇത് സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അത് എങ്ങനെ സംഭവിക്കുമെന്ന് പരിശോധിക്കാം.
24 മണിക്കൂറുകൾ
സിഡ്നി ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്ര കൺസൾട്ടന്റായ ക്യുറേറ്റർ ഡോ. നിക്ക് ലോംബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞത്, ഒരു ദിവസമെന്നത് 24 മണിക്കൂറാണ്. ഓരോ മണിക്കൂറും 60 മിനിറ്റായും പിന്നീട് 60 സെക്കന്റായും വിഭജിക്കപ്പെട്ടിരിക്കുന്നത് സങ്കീർണവും രസകരമാണെന്നുമാണ്. ഈ ആശയം ഉത്ഭവിച്ചത് പുരാതന ഈജിപ്തുകാരിൽ നിന്നാണ്. അവർ സൂര്യഘടികാരങ്ങളായിരുന്നു സമയം നോക്കാനായി വിനിയോഗിച്ചിരുന്നത്. അവർ പകലിനെ പത്ത് മണിക്കൂറായി വിഭജിച്ചു. രാത്രിയെ 12 മണിക്കൂറായും വിഭജിച്ചു.ഈജിപ്തുകാർക്ക് ഡെക്കൻസ് എന്ന് വിളിക്കപ്പെടുന്ന 36 നക്ഷത്രഗ്രൂപ്പുകളുടെ സംവിധാനമുണ്ടായിരുന്നു. അതായത് ഏതൊരു രാത്രിയിലും മുൻപുള്ളതിന് 40 മിനിറ്റ് കഴിഞ്ഞ് ഒരു ദശകം ഉദിക്കുന്ന തരത്തിൽ തിരഞ്ഞെടുക്കുമെന്ന് ലോംബ് പറയുന്നു. ദശാബ്ദങ്ങൾ നിരീക്ഷിച്ച് രാത്രിയിൽ സമയം നിർണയിക്കാൻ ആളുകളെ സഹായിക്കുന്നതിന് പ്രത്യേക മേശകളും ഉപയോഗിച്ചിരുന്നു. ഇവ ശവപ്പെട്ടികളിലും ക്രമീകരിച്ചിരുന്നു. മരിച്ചവർക്കും സമയം നിർണയിക്കാൻ കഴിയുമെന്ന് രസകരമായി പറഞ്ഞിരുന്നു.പിന്നീടാണ് പുരാതന ബാബിലോണിയക്കാർ സുമേറിക്കാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഷഷ്ഠകാല സമ്പ്രദായം (ബേസ് 60) ഉപയോഗിച്ച് മണിക്കൂറുകളെയും മിനിറ്റുകളെയും 60 യൂണിറ്റുകളായി വിഭജിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ ഉയർന്നുവന്ന ആദ്യത്തെ മെക്കാനിക്കൽ ക്ലോക്കുകളാണ് ഈ ഘടനയെ ഒടുവിൽ ബന്ധിപ്പിച്ചത്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സമ്പ്രദായമാണിത്. ഇത് സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയുടെ ഭ്രമണത്തെ (സൗരദിനം) അളക്കുന്നു. സൂര്യനെ ചുറ്റുമ്പോൾ ഭൂമി അതിന്റെ അച്ചുതണ്ടിലും കറങ്ങുന്നു. അതുകൊണ്ട് ഒരു സൗരദിനം ഒരു സൈഡ്രിയൽ ദിവസത്തേക്കാൾ (വിദൂര നക്ഷത്രങ്ങളെ അപേക്ഷിച്ച് ഒരു പൂർണഭ്രമണം) അല്പം ദൈർഘ്യമുള്ളത്
എങ്ങനെ 25 മണിക്കൂറാകും?
ഭൂമിയിൽ ചന്ദ്രന്റെ ഗുരുത്വാകർഷണബലം മൂലമാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രൻ സമുദ്രങ്ങളിൽ വേലിയേറ്റ വീക്കങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ ഈ വീക്കങ്ങൾ ചന്ദ്രനുമായി പൂർണമായും വിന്യസിക്കാത്തതിനാൽ, അവ ഭൂമിയുടെ ഭ്രമണത്തിൽ ഒരു ചെറിയ ബ്രേക്കിംഗ് ബലം ചെലുത്തുന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണബലം സമുദ്രങ്ങൾ ചെറുതായി വീർക്കാൻ കാരണമാകുന്നു. ഈ പ്രതിപ്രവർത്തനം ഒരു ബ്രേക്ക് പോലെ പ്രവർത്തിക്കുകയും കാലക്രമേണ ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണ് നാസ വിശദീകരിക്കുന്നത്. ഹിമാനികൾ ഉരുകുന്നതും ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിലാക്കാൻ കാരണമാകുന്നു.ഇത് പെട്ടെന്ന് നടക്കുന്ന മാറ്റമല്ല. ഏകദേശം ഒരു നൂറ്റാണ്ടിൽ 1.7 മില്ലിസെക്കൻഡിൽ മാത്രമേ വ്യത്യാസം വരികയുള്ളൂ. ഭൗതികശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറായ സാറാ മിൽഹോളണ്ട് ലൈവ് സയൻസിനോട് പറഞ്ഞതുപോലെ ചരിത്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ ഇപ്പോഴുള്ളതിനേക്കാൾ ചെറുതും ദൈർഘ്യമേറിയതുമായ ദിവസങ്ങൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. ഏകദേശം ഒരു ബില്യൺ വർഷങ്ങൾക്ക് മുൻപ്, ഒരു ദിവസത്തിന്റെ ദൈർഘ്യം ഏകദേശം 19 മണിക്കൂർ മാത്രമായിരുന്നു.അതുപോലെ കോടികണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പ്രതിവർഷം 400 ദിവസത്തിലധികം അനുഭവപ്പെട്ടിരുന്നുവെന്നും ഓരോ ദിവസവും 21 മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്നിരുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂമി രൂപപ്പെട്ടതിനുപിന്നാലെ ഒരു ദിവസം വെറും പത്ത് മണിക്കൂറിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ. അതുപോലെ 24 മണിക്കൂറിനേക്കാൾ ദൈർഘ്യമുള്ള ദിവസങ്ങളും ഉണ്ടായിട്ടുണ്ട്
(4)മുണ്ടക്കൈ – ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമെന്ന നിലയിൽ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻറെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോൾ ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.
11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റർ കുടിവെള്ള ടാങ്ക്, ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയൽ, ഓരോ വീട്ടിലും സൗരോർജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ ടൗൺ ഷിപ്പിലുണ്ടാകും.
207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോൺക്രീറ്റ് ഭിത്തി, തേപ്പ്, ടൈൽ പാകൽ, പെയിൻറിംഗ് എന്നീ ജോലികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റർ നീളത്തിൽ റോഡിൻറെ പ്രാരംഭ പണി പൂർത്തിയായി. കുടിവെള്ള ടാങ്കിൻറെ റാഫ്റ്റ് വാർക്കൽ കഴിഞ്ഞു. 1600ഓളം ജീവനക്കാർ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നൽകുന്നത്.
20 വർഷത്തോളം വാറൻറിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമാണത്തിനുപയോഗിക്കുന്നത്. സിമൻറ്, മണൽ, മെറ്റൽ, കമ്പി മുതലായവ നിർമാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമാണങ്ങൾക്കും 5 വർഷത്തേയ്ക്ക് കേടുപാടുകളിൽ നിന്നും കരാറുകാർ സംരക്ഷണം നൽകും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.
‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
(5)പരീക്ഷണങ്ങൾ വിജയം, രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ റെഡി; റൂട്ടും നിരക്കും ഇങ്ങനെ
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ റൂട്ട് പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവാണ് റൂട്ട് വിവരങ്ങൾ പുറത്തുവിട്ടത്. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും ട്രെയിൻ ഓടുക. 15 – 20 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അശ്വിനി വെെഷ്ണവ് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണവും സർട്ടിഫിക്കേഷനും പൂർത്തിയായി. ആദ്യത്തെ നിർദ്ദിഷ്ട റൂട്ട് ഗുവാഹത്തി – കൊൽക്കത്തയാണ്. ഇത് വലിയ ഒരു നാഴികക്കല്ലാണ്. വന്ദേഭാരത് സ്ലീപ്പർ ലോകോത്തര സൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും ദീർഘദൂര രാത്രി യാത്രകൾക്ക് ആധുനിക യാത്രാനുഭവവും പ്രദാനം ചെയ്യും. പുതിയ സർവീസ് ബിസിനസ് യാത്രക്കാർക്ക് മാത്രമല്ല രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ രാത്രികാലയാത്ര ആഗ്രഹിക്കുന്ന കുടുംബാംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനകരമാകും’- മന്ത്രി പറഞ്ഞു
യാത്രാ നിരക്ക്
ത്രീ – ടയർ എസി : ഏകദേശം 2,300 രൂപ
ടൂ – ടയർ എസി: ഏകദേശം 3,000 രൂപ
ഫസ്റ്റ് ക്ലാസ് എസി : ഏകദേശം 3,600 രൂപ
(6)മദ്യത്തിന് പേരിടൽ; സര്ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
തൃശൂര്: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.
ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി.
പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്കോ നടത്തിയത് സരോഗേറ്റ് അഡ്വര്ടൈസ്മെന്റാണ്. വിഷയത്തില് മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്ടെ മലബാര് ഡിസ്റ്റിലറീസില് നിന്നും പുറത്തിറക്കുന്ന ബ്രാന്ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്ക്കാര് പരസ്യമാണ് വിവാദമായത്.
(7)പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവുകാരുടെയോഗം വിളിച്ച്, തിരൂർ പോലീസ്
തിരൂർ: ജനുവരി 4, 5, 6 എന്നീ തീയതികളിൽ നടക്കുന്ന പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടി വരവുകാരുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷൻ SHO വിഷ്ണുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരൂർ ഡിവൈഎസ്പിയായ Aj ജോൺസൺ ഉദ്ഘാടനം ചെയ്തു. ഡിജെ വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും ഘോര ശബ്ദങ്ങളോട് കൂടിയുള്ള സൗണ്ട് സിസ്റ്റം എന്നിവയും ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന പ്രകാരമുള്ള ആൾട്രേഷൻ ചെയ്ത വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കുവാനും ആനകൾക്ക് സർക്കാർ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്നും തീരുമാനമായി. കൂടാതെ കാർണിവെല്ലുകൾ രാത്രിയിൽ 10:00 മണിക്ക് ശേഷം പ്രവർത്തിക്കുവാൻ പാടില്ല എന്നും തിരുമാനമായി. ആനകളെ ജാഥയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ആയതിൻ്റെ നിയമ വശങ്ങളെയും സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വിഭാഗം DFO യായ സൈനുൽ ആബിദ് സംസാരിക്കുകയുണ്ടായി. യോഗത്തിൽ പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം കോഡിനേറ്ററായ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം ലെയ്സൺ ഓഫീസർ Asi മുഹമ്മദ് ഷംസാദ് നന്ദിയും പറഞ്ഞു.
(8)ക്രിസ്മസ്-ന്യൂ ഇയര് സ്പെഷ്യല് ഡ്രൈവ്; ലഹരിവേട്ട ശക്തമാക്കി എക്സൈസ്; പ്രത്യേക പരിശോധനയിൽ 165 പേർ അറസ്റ്റിൽ..!
ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഒഴുക്ക് തടയാൻ മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 165 പേർ പിടിയിലായി. ഡിസംബർ ഒൻപതിന് ആരംഭിച്ച ഈ പരിശോധന ജനുവരി അഞ്ച് വരെ തുടരും.
പോലീസ്, വനം വകുപ്പ്, റെയിൽവേ തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തിരച്ചിലാണ് നടക്കുന്നത്. ഇതുവരെ 910 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സംഘം 6,191 വാഹനങ്ങളും പരിശോധിച്ചു.
120 അബ്കാരി കേസുകളിലായി 107 പേരും, മയക്കുമരുന്ന് കേസുകളിൽ (എൻ.ഡി.പി.എസ്) 58 പേരുമാണ് പിടിയിലായത്. പരിശോധനയിൽ പത്തോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും 74,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തൊഴിലാളി ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് പുരോഗമിക്കുന്നത്.
പരിശോധനയിൽവൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. 27 കിലോയിലധികം കഞ്ചാവും 26 ഗ്രാമിലധികം മെത്താഫെറ്റാമിനും പിടിച്ചെടുത്തു. ഇതിനുപുറമെ 512 ലിറ്റർ വിദേശമദ്യവും 40 ലിറ്ററോളം ചാരായവും 378 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു.
ഹെറോയിൻ, ഹാഷിഷ് ഓയിൽ, കഞ്ചാവ് ചെടികൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പുകയില ഉൽപ്പന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് 372 കോട്ട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ ഇന്റലിജൻസ് വിഭാഗം, ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, ഹൈവേ പട്രോളിംഗ് തുടങ്ങിയ വിഭാഗങ്ങളാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 0483 2734886 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ.
(9)മുണ്ടക്കൈ – ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമെന്ന നിലയിൽ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻറെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോൾ ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
(10)ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം
ന്യൂഡൽഹി | ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ വിലാസം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്തുകൊടുത്താൽ മതി. വാടകയ്ക്കു താമസിക്കുന്നവർക്ക് വാടകക്കരാർ അപ്ലോഡ് ചെയ്തു പോലും വിലാസം എളുപ്പത്തിൽ മാറ്റാമെന്നതാണ് മെച്ചം. മൊബൈൽ നമ്പർ മാറ്റാനും പുതിയ ആധാർ ആപ്പിൽ സൗകര്യമുണ്ട്. വൈകാതെ വ്യക്തിയുടെ പേര്, ഇമെയിൽ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാകും.
∙ വിലാസം തെളിയിക്കുന്ന രേഖകൾ: റേഷൻ കാർഡ്, വോട്ടർ ഐഡി, മാര്യേജ് സർട്ടിഫിക്കറ്റ്, വാടകക്കരാർ, വസ്തുനികുതി രസീത്, ബാങ്ക് പാസ്ബുക്, പാസ്പോർട്ട്, എംപി/എംഎൽഎ നൽകുന്ന സാക്ഷ്യപത്രം, വൈദ്യുതി ബിൽ, തഹസിൽദാർ/ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം, ലൈഫ്/മെഡിക്കൽ ഇൻഷുറൻസ് പോളിസി, ലാൻഡ്ലൈൻ ടെലിഫോൺ ബിൽ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തൊഴിലുറപ്പ് കാർഡ് തുടങ്ങിയവ.
എങ്ങനെ മാറ്റാം?∙ ആപ് സ്റ്റോറിൽനിന്ന് ‘ആധാർ’ (Aadhaar) ആപ് ഇൻസ്റ്റാൾ ചെയ്യുക. ആധാർ നമ്പറും ഒടിപിയും നൽകി റജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുക. തുടർന്ന് ആപ്പിന്റെ ക്യാമറ സ്ക്രീനിൽ മുഖം കാണിക്കുക. ചുറ്റും പച്ചനിറം തെളിഞ്ഞുവെന്ന് ഉറപ്പാക്കണം. കണ്ണ് ഇടയ്ക്ക് അടയ്ക്കുകയും തുറക്കുകയും ചെയ്യണം.
∙ ഫെയ്സ് ഡിറ്റക്ഷനു ശേഷം ആപ്പിന്റെ ഹോം പേജിലെത്തും. ഏറ്റവും താഴെ ‘Services’ വിഭാഗത്തിൽ ‘My Aadhaar update’ എന്ന ഓപ്ഷനെടുക്കുക.
∙ ‘Address Update’ തുറന്ന് ‘Using your documents’ തിരഞ്ഞെടുക്കുക. ‘Continue’ നൽകിയ ശേഷം പുതിയ വിലാസം തെളിയിക്കാൻ നിങ്ങളുടെ പക്കലുള്ള രേഖ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.
∙ സ്കാൻഡ് പകർപ്പ് അപ്ലോഡ് ചെയ്യുമ്പോൾ ഫയൽ സൈസ് 2 എംബിയിൽ താഴെയായിരിക്കണം. അപ്ലോഡ് ചെയ്ത ശേഷം‘Fill details’ നൽകുക.
∙ നിലവിലുള്ള വിലാസം ആദ്യം കാണാം, പുതിയ വിലാസം ചുവടെ നൽകി മുന്നോട്ടു പോകുക. ‘Proceed to face authentication’ നൽകിയാൽ വീണ്ടും മുഖം പരിശോധിക്കും. ഇത് പൂർത്തിയായാൽ 75 രൂപ ഓൺലൈനായി അടച്ച് നടപടി പൂർത്തിയാക്കാം.
No Comment.