പുന്നപ്ര സ്വദേശിയായ അനന്തു (27) എന്ന യുവാവിനാണ് മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ കാരണം അഞ്ചു മാസത്തോളം കഠിനമായ ശാരീരിക വേദനയും മാനസിക വിഷമവും അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ പുന്നപ്ര വളഞ്ഞവഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അനന്തുവിന്റെ കാലിന് പരിക്കേറ്റത്. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച അനന്തുവിന്റെ മുറിവിൽ ചില്ലു കഷ്ണങ്ങൾ ഉണ്ടായേക്കാമെന്ന് കൂടെയുള്ളവർ സംശയം പ്രകടിപ്പിച്ചിട്ടും കൃത്യമായ പരിശോധന നടത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ല.
മുറിവ് കഴുകി വൃത്തിയാക്കിയെന്ന് അവകാശപ്പെട്ട ആശുപത്രി ജീവനക്കാർ ചില്ലു കഷ്ണം ഉള്ളിലിരിക്കെത്തന്നെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും മുറിവേറ്റ ഭാഗത്തെ വേദന മാറിയില്ല. വേദന കാരണം നടക്കാനോ തന്റെ ജോലിയായ ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയായി പോകാനോ അനന്തുവിന് സാധിച്ചില്ല. പിന്നീട് പലതവണ വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ ചെന്ന് വേദനയെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും എക്സ്-റേ എടുത്ത് പരിശോധിക്കാനോ മുറിവിനുള്ളിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാനോ ഡോക്ടർമാർ തയ്യാറായില്ല. സാധാരണ വേദനയാണെന്ന് പറഞ്ഞ് മരുന്നുകൾ നൽകി മടക്കി അയക്കുകയാണ് ഉണ്ടായത്.
ഒടുവിൽ വേദന സഹിക്കവയ്യാതെ പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിൽ കാലിനുള്ളിൽ വലിയൊരു ചില്ലു കഷ്ണം തറച്ചിരിക്കുന്നത് വ്യക്തമായി. തുടർന്ന് കഴിഞ്ഞ ഡിസംബർ 30-ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഏകദേശം രണ്ട് സെന്റീമീറ്ററോളം വലിപ്പമുള്ള ഫൈബർ ഗ്ലാസ് കഷ്ണം ഡോക്ടർമാർ പുറത്തെടുത്തു. അഞ്ചു മാസത്തോളമാണ് ഈ വലിയ ചില്ലു കഷ്ണവുമായി അനന്തു വേദന തിന്നു കഴിഞ്ഞത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും കളക്ടർക്കും അനന്തു പരാതി നൽകിയിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തോട് കാണിച്ച ഈ അനാസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് യുവാവ് രംഗത്തെത്തിയ സംഭവം ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
No Comment.