Skip to content

chithrodayamflashnews.com

Asnap 1409

ഇതൊരു കഥയാണ്

 

ഇതൊരു കഥ.
എഴുതി തീരാത്ത
മഷി പടര്‍ന്ന കടലാസിലെ
അവസാനത്തെ വാചകം.
ഇതൊരു കഥ!

തിരിഞ്ഞു നോക്കിയും
തിരിച്ചടിച്ചും
തിരികെ നടന്നും
തിരികെ വിളിച്ചും
ഞാന്‍ എഴുതിയ കഥ.

വാക്കുകളില്‍ വിഷം പുരട്ടി
വരികളില്‍ പ്രണയവര്‍ണ്ണം നല്‍കി
ഞാന്‍ എഴുതിയ
അര്‍ത്ഥമില്ലാത്ത
അര്‍ത്ഥമുള്ള കഥ.

ഇവിടെ ഒടുങ്ങാത്ത
ഇവിടെ പൂര്‍ണ്ണമാകാത്ത
വളയങ്ങളില്‍
വലയം ചെയ്ത
എന്റെ കഥ.

പകലുകള്‍ രാത്രികളില്‍ ഒളിഞ്ഞും
രാത്രികള്‍ പകലുകളില്‍ മറഞ്ഞും
കേളികള്‍ കണ്ടും കേട്ടും
കണ്ണും കാതും മൂടിയും
ഞാന്‍ ശബ്ദമില്ലാതെ
എഴുതിയ കഥ.

ഉറുമ്പുകള്‍ കൂട്ടമായി പൊതിഞ്ഞും
ചിലന്തിവലകളില്‍ പീലികെട്ടിയും
കണ്ണുകള്‍ ചിമ്മാതെ
ഞാന്‍ എഴുതിയ കഥ.

തീരം മൗനമായി ഇരുന്നിട്ടും
തിരയുടെ ശബ്ദം ശ്രവിക്കാതെയും
മണല്‍ത്തരിയുടെ ഗാനം
കേള്‍ക്കാതെയും
ഇളംമഴയുടെ പ്രേമമറിയാതെയും
ഞാന്‍ എഴുതിയ കഥ

ഇതൊരു കഥയാണ്
കവിതയുടെ ചുണ്ടുകളില്‍
ചുംബനം നല്‍കി
ആദ്യമായി പറഞ്ഞ വാക്ക്
ഇതൊരു കഥയാണ്.

ഇതൊരു ഉത്തരമാണ്.
ചോദ്യം എഴുതപ്പെടാത്ത ഉത്തരം.
ഇവിടെ ആര്‍ക്കും ചോദ്യശരങ്ങള്‍
എറിഞ്ഞു പോകാം.

വീണുപോയത് ഞാനല്ല.
വീഴ്ത്തിയത് നീയുമല്ല.
വീണ്ടും ആവര്‍ത്തിച്ചാല്‍
വെറുമൊരു ഉത്തരം നല്‍കി ഞാന്‍
കൈകള്‍ മലര്‍ത്തും.

ഇവിടെ ഒരു കഥയുണ്ട്.
എവിടെയോ കേള്‍ക്കാനായി ഒരു കാതുണ്ട്.
കഥയുടെയും കാതിന്റെയും
ഇടയിലൂടെ ഞാനൊന്നു നടക്കാം.
എഴുതി മടുത്ത വാക്കുകളില്‍
ഒരു വട്ടം നോക്കാം.

ഇതൊരു കഥയാണ്.
നീയിത് വായിക്കും വരെ
ഇതൊരു കഥയാണ്.
നീയിത് വായിച്ചും തീരുംനേരം
ഇതൊരു കഥയല്ല.
ഇതാകാം ഞാനും നീയും ഈ ലോകവും.

3 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6