വീട്ടുകാരറിയാതെ വീടിനു പുറത്ത് സൂക്ഷിച്ച താക്കോലെടുത്ത് അകത്തുകയറി പത്തും പവനും പണവും കവര്‍ന്നു. തരൂര്‍ പഴമ്പാലക്കോട് പാനത്ത് വീട്ടില്‍ പി.കെ ജോയിയുടെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ വന്‍ മോഷണം നടന്നത്. പത്ത് പവന് സ്വര്‍ണാഭരണങ്ങളും 90,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട് പൂട്ടി താക്കോല്‍ സിറ്റൗട്ടിലെ ഷൂവിനുള്ളില്‍ വച്ച് ജോയി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
ഭാര്യ ജിജിയെ പള്ളിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് ജോയി വീട് പൂട്ടിയിറങ്ങിയത്. ദമ്പതികള്‍ തിരികെ എത്തിയപ്പോള്‍ മുന്‍വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. എന്നാല്‍ താക്കോല്‍ പഴയതുപോലെ തന്നെ ഷൂവിനുള്ളില്‍ ഇരിക്കുന്നത് കണ്ട് ആദ്യം സംശയം തോന്നിയില്ല. പിന്നീട് അകത്തുകയറി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
മോഷണത്തിന് ശേഷം താക്കോല്‍ തിരികെ ഷൂവിനുള്ളില്‍ തന്നെ വച്ച് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ജിജി എല്ലാ ചൊവ്വാഴ്ചയും പള്ളിയില്‍ പോകുന്നതും ജോയി ഇവരെ കൂട്ടിക്കൊണ്ടു വരാന്‍ പോകുമെന്നതും കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലിസ് കരുതുന്നു. ജോയിയുടെ പരാതിയില്‍ കേസെടുത്ത ആലത്തൂര്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും
ഷൂവിനുള്ളിലെ താക്കോലെടുത്ത് വീട് തുറന്നു; ആലത്തൂരില്‍ 10 പവനും 90,000 രൂപയും കവർന്നു
No Comment.