Skip to content

chithrodayamflashnews.com

July 15, 2026 7:24 am
Asnap 1409

യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം  വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമൻ ആണ് കൊല്ലപ്പെട്ടത്.

ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.

അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിന് ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വെച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പൊലീസ് പറയുന്നത്.

ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ ദൃശ്യങ്ങൾ പകർത്തി എന്നതല്ലാതെ ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല.

അവശനിലയിലായ സുമനെ വീണ്ടും യുവാക്കൾ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6