
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സാമാന്യ ഫലം
കുംഭരാശിയിൽ ജനിച്ച ജാതകർക്ക് ധനസ്ഥാനാധിപനും പതിനൊന്നാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം അഞ്ചാം ഭാവത്തിൽ നിന്ന് ആറാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. രോഗം, ശത്രു, കടം എന്നിവയെ സൂചിപ്പിക്കുന്ന ആറാം ഭാവത്തിലേക്ക് വ്യാഴം സംക്രമിക്കുന്നത് ജ്യോതിഷപ്രകാരം അനിഷ്ടസ്ഥിതിയാണെങ്കിലും, വ്യാഴം ഇവിടെ തന്റെ ഉച്ചരാശിയിൽ നിലകൊള്ളുന്നതിനാൽ ദോഷാനുഭവങ്ങളുടെ തീവ്രത വൻതോതിൽ ലഘൂകരിക്കപ്പെടും. ആറാം ഭാവത്തിൽ നിന്നുകൊണ്ട് വ്യാഴം തന്റെ ശുഭദൃഷ്ടി പത്ത്, പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലേക്ക് പതിപ്പിക്കുന്നത് അതീവ പ്രയോജനകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും. ജന്മരാശിയിൽ ശനി സഞ്ചരിക്കുന്ന കഠിനമായ ഏഴരശ്ശനി കാലഘട്ടത്തിലൂടെയാണ് ജാതകർ കടന്നുപോകുന്നതെങ്കിലും, ധനസ്ഥാനമായ രണ്ടാം ഭാവത്തിലേക്ക് വ്യാഴത്തിന്റെ ദൃഷ്ടി പതിക്കുന്നതിനാൽ ശനിദോഷത്തിന്റെ കാഠിന്യം ഗണ്യമായി കുറയും. ദൈവാധീനത്തിൽ നേരിയ കുറവുകൾ അനുഭവപ്പെടാമെങ്കിലും, നിരന്തരമായ പ്രയത്നത്തിലൂടെയും ക്ഷമയിലൂടെയും ജീവിതത്തിൽ ആഗ്രഹിക്കുന്ന സുപ്രധാന ലക്ഷ്യങ്ങൾ പലതും സാക്ഷാത്കരിക്കാൻ സാധിക്കുന്ന അനുകൂല സാഹചര്യങ്ങൾ ഈ രാശിമാറ്റത്തിലൂടെ സംജാതമാകും.
തൊഴിലും ധനസ്ഥിതിയും
തൊഴിൽപരമായും സാമ്പത്തികമായും സമ്മിശ്രവും എന്നാൽ പുരോഗതി ദൃശ്യമാകുന്നതുമായ സാഹചര്യങ്ങളായിരിക്കും ഈ കാലയളവിൽ നിലനിൽക്കുക. ആറാം ഭാവത്തിലെ വ്യാഴം കർമ്മരംഗത്ത് ചില എതിർപ്പുകളും മത്സരങ്ങളും ഉയർത്തിയേക്കാം. ചിലപ്പോൾ അർഹതപ്പെട്ട പദവികൾ താൽക്കാലികമായി മറ്റുള്ളവർ കൈക്കലാക്കുന്നത് മനക്ലേശത്തിന് കാരണമാകുമെങ്കിലും, പത്താം ഭാവത്തിലേക്കുള്ള വ്യാഴദൃഷ്ടി ഒടുവിൽ അർഹമായ പ്രമോഷനും സ്ഥാനമാനങ്ങളും അധികാരപ്രാപ്തിയും ജാതകർക്ക് നൽകും. ബിസിനസ്സ് രംഗത്ത് മുന്നോട്ട് പോകുന്നവർക്ക് ലാഭവർദ്ധനവ് ഉണ്ടാകുകയും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിക്കുകയും ചെയ്യും. ചെറുകിട സംരംഭങ്ങൾ, ഏജൻസികൾ, കരാർ ജോലികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച വിജയം കൈവരിക്കാനാകും. വിവിധ സ്രോതസ്സുകളിൽ നിന്നും തടസ്സമില്ലാതെ ധനാഗമനമുണ്ടാകും. ലോണുകൾക്കും ചിട്ടികൾക്കും അനുമതി ലഭിക്കുന്നതിനാൽ കടബാധ്യതകൾ ഒരു പരിധി വരെ വീട്ടിത്തീർക്കാനും പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനും സാധിക്കും. ജ്യേഷ്ഠസഹോദരങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ആവശ്യമായ ധനസഹായങ്ങളും പിന്തുണയും തൊഴിൽരംഗത്ത് പ്രതീക്ഷിക്കാവുന്നതാണ്.
കുടുംബവും ബന്ധങ്ങളും
കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും നിലനിർത്താൻ ഈ ഗോചരമാറ്റത്തിലൂടെ സാധിക്കും. സ്വന്തമായി വീട് നിർമ്മിക്കാനോ ഭൂമി, വാഹനം എന്നിവ വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ചില തടസ്സങ്ങൾ നീങ്ങി ആഗ്രഹങ്ങൾ സഫലമാകും. പിതൃസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് രമ്യമായ പരിഹാരമുണ്ടാകുകയും അവ സ്വന്തം പേരിൽ കൈവരികയും ചെയ്യും. സന്താനഭാഗ്യം ഇല്ലാതെ വിഷമിച്ചിരുന്ന ദമ്പതികൾക്ക് ഈ കാലയളവിൽ സൽസന്താനപ്രാപ്തി കൈവരാൻ യോഗമുണ്ട്. മക്കളുടെ ഉദ്യോഗം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ഭംഗിയായി നടക്കും. ജാതകരുടെ വാക്കുകൾക്ക് കുടുംബത്തിലും സമൂഹത്തിലും വലിയ വില കൽപ്പിക്കപ്പെടും. എന്നാൽ ഏഴരശ്ശനി തുടരുന്നതിനാൽ പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേരിയ ഇച്ഛാഭംഗങ്ങൾക്കോ ഭംഗങ്ങൾക്കോ സാധ്യതയുള്ളതിനാൽ ബന്ധങ്ങളിൽ കൂടുതൽ സുതാര്യത പുലർത്തേണ്ടതുണ്ട്.
ആരോഗ്യവും മാനസികാവസ്ഥയും
ആരോഗ്യപരമായ കാര്യങ്ങളിൽ ഈ രാശിമാറ്റം ജാഗ്രതയും ഒപ്പം വലിയ ആശ്വാസവും ഒരേസമയം പ്രധാനം ചെയ്യും. ആറാം ഭാവത്തിലെ വ്യാഴം രോഗാവസ്ഥകളെ സൂചിപ്പിക്കുന്നതിനാൽ ആരോഗ്യപരമായ ദുർബലതകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ ഭക്ഷണക്രമവും നല്ല ദിനചര്യകളും പിന്തുടരേണ്ടതും പതിവായി യോഗ പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്. എങ്കിലും ദീർഘനാളായി രോഗദുരിതങ്ങൾ വന്ന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവർക്ക് അതിൽ നിന്നെല്ലാം പെട്ടെന്ന് ആശ്വാസം ലഭിക്കുകയും മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരികയും ചെയ്യും. മാനസികമായ സമ്മർദ്ദങ്ങൾ ഒഴിഞ്ഞുമാറുന്നതിലൂടെ നല്ല ഉറക്കവും ശാന്തതയും ലഭിക്കും. മനസ്സ് കൂടുതൽ ആത്മീയ കാര്യങ്ങളിലേക്കും ദാനധർമ്മങ്ങളിലേക്കും വ്യാപരിക്കുന്നതിനാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മാനസിക സംതൃപ്തിക്കും വലിയ സന്തോഷത്തിനും വഴിതെളിക്കും.
പ്രധാനമായും ശ്രദ്ധിക്കേണ്ടത്
ഏഴരശ്ശനി കാലഘട്ടം നിലനിൽക്കുന്നതിനാൽ കോടതി വ്യവഹാരങ്ങളിലും തൊഴിൽ-ബിസിനസ്സ് സംബന്ധമായ വലിയ ഇടപാടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അനാവശ്യമായ തർക്കങ്ങളിൽ നിന്നും നിയമപരമായ പ്രശ്നങ്ങളിൽ നിന്നും സ്വയം മാറിനിൽക്കുക. വിദ്യാഭ്യാസരംഗത്ത് ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നതിന് ചില തടസ്സങ്ങൾ നേരിട്ടേക്കാമെന്നതിനാൽ വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ചിലർക്ക് പഠനത്തിനായോ തൊഴിലിനായോ അന്യദേശങ്ങളെയോ വിദേശങ്ങളെയോ ആശ്രയിക്കേണ്ടി വരും, അത് ഭാവിയിലേക്ക് ഗുണം ചെയ്യും. ദൈവാധീനത്തിലെ സമ്മിശ്രാവസ്ഥകൾ പരിഹരിക്കുന്നതിനും പ്രതിസന്ധികളെ മറികടക്കുന്നതിനും പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

No Comment.