Skip to content

chithrodayamflashnews.com

Asnap 1409

ഹരിപ്പാട്ട് ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്ന് 14 വയസ്സുകാരൻ രക്ഷപ്പെട്ടു!

ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിച്ച് ഭിക്ഷാടനത്തിന് ഇരയാക്കിയ കുട്ടികൾക്ക് നേരെ ക്രൂരമായ ശാരീരിക പീഡനം. മർദനം സഹിക്കവയ്യാതെ രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ ഹരിപ്പാട് പൊലീസിൽ അഭയം തേടിയതോടെയാണ് ഭിക്ഷാടന മാഫിയയുടെ ഞെട്ടിക്കുന്ന ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ ഇളയ സഹോദരനും ഇതേ രീതിയിൽ ക്രൂര പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് വിവരം.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി ക്രൂരതകളിൽ നിന്ന് രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തി കരയുന്നത് കണ്ട യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും ചൈൽഡ്‌ലൈൻ അധികൃതരുമായി ബന്ധപ്പെട്ട് ‘സെന്റ് തോമസ് ബാലികാ ഭവനിലേക്ക്’ താൽക്കാലികമായി മാറ്റുകയും ചെയ്തു.

അതേസമയം, കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിച്ച പിതാവിന്റെ അനുജൻ അന്തോണിയും ഇളയ കുട്ടിയും നിലവിൽ ഒളിവിലാണ്. മൂത്ത കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഇയാൾ ഇളയ കുട്ടിയുമായി കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഇയാൾക്കൊപ്പം മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പഠിക്കാൻ വിട്ട കുട്ടികളെ ഭിക്ഷാടന മാഫിയക്ക് വിറ്റു
അമ്മ മരിച്ചതിനെ തുടർന്ന് പിതാവ് രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് ഈ കുട്ടികളുടെ ജീവിതം ദുരിതത്തിലായത്. തൂത്തുക്കുടിയിലെ അനാഥ മന്ദിരത്തിൽ നിന്നാണ് ഇരുവരും പഠിച്ചിരുന്നത്. ഹരിപ്പാട്ട് കുട നന്നാക്കുന്ന ജോലി ചെയ്യുന്ന അന്തോണി ഒരു മാസം മുൻപാണ് ഇവരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

തുടർന്ന് കുട്ടികളെ ഇയാൾ നിർബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കുകയായിരുന്നു. ദിവസവും രാവിലെ ഭിക്ഷാടനത്തിനായി ഇറക്കിവിടുന്ന കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന സൗജന്യ ഉച്ചഭക്ഷണമാണ് ഇയാൾ വാങ്ങി നൽകിയിരുന്നത്. ഉച്ചയ്ക്ക് ശേഷവും കുട്ടികളെ വീണ്ടും ഭിക്ഷാടനത്തിന് അയക്കും.

ദിവസേന 1,500 രൂപ ‘ടാർഗെറ്റ്’; കുറഞ്ഞാൽ ക്രൂരമർദനം
ഓരോ കുട്ടിയും ദിവസവും 1,500 രൂപ വീതം ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചു നൽകണമെന്നായിരുന്നു അന്തോണിയുടെ തിട്ടൂരം. ഏതെങ്കിലും ദിവസം ആയിരം രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കുട്ടികളെ ഇയാൾ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 14 വയസ്സുകാരൻ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെട്ടത്. ഒളിവിലുള്ള പ്രതിയെയും ഇളയ കുട്ടിയെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

1 Comments
Casey4869 June 10, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6