തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു യുവതി ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മുറിയെടുക്കുമ്പോൾ ഓട്ടോ ഡ്രൈവറും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പരിചയമുണ്ടെന്നും മുറിയെടുക്കാൻ സഹായിച്ചിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

യുവതിയെ തിരക്കി ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തിയതോടെയാണ് മരണ വിവരം പുറത്തുവന്നത്. രണ്ട് ദിവസമായി താൻ യുവതിയെ ഫോണിൽ വിളിക്കുന്നുവെന്നും ഫോണെടുക്കുന്നില്ലാ എന്നും ഇയാൾ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞു. ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ നേതൃത്വത്തിൽ ബലമായി മുറി തുറന്നതോടെയാണ് സ്ത്രീയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവിക്കാന്‍ വേണ്ടിയാവാം യുവതി മുറി എടുത്തതെന്നാണ് പൊലീസിന്റെ സംശയം. യുവതിയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള ബന്ധവും ഇയാളുടെ പശ്ചാത്തലവും അടക്കം പൊലീസ് പരിശോധിക്കുകയാണ്.
No Comment.