കായംകുളത്ത് 25-കാരിയായ യുവതിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. വയറുവേദനയെ തുടർന്ന് ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു സ്വാതിയെ,ജൂലൈ 17-ന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയിച്ച ഡോക്ടർമാർ, തൊട്ടുപിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായെന്ന് വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച സ്വാതി മരണത്തിന് കീഴടങ്ങി.സംഭവത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ വലിയ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ ഗുരുതരമായ ഹൃദയാഘാതം ഉണ്ടായിട്ടും കൂടുതൽ സൗകര്യങ്ങളുള്ള പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റാൻ വലിയ കാലതാമസം വരുത്തിയതായും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സ്വാതിക്ക് മുൻപേ തന്നെ ഹൃദ്രോഗ പശ്ചാത്തലമുണ്ടായിരുന്നുവെന്നും ചികിത്സയിൽ വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വിശദീകരണം കുടുംബം പൂർണ്ണമായും തള്ളിക്കളയുകയാണ്.
ഭർത്താവ് പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
No Comment.