ഏഴ് വർഷമായി നാട്ടിലേക്ക് മടങ്ങാതെ, കൊടുംചൂടും തണുപ്പും സഹിച്ച് ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളിയെ മ.രി.ച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് ഓഗസ്റ്റ് 3ന് വൈകിട്ട് അഞ്ചുമണിയോടെ മ.രി.ച്ചത്.
പാർക്കിൽ പതിവുപോലെ കിടന്നുറങ്ങുകയാണെന്നാണ് പലരും കരുതിയത്. അതിനാൽ ഏറെ നേരം ആരും മരണവിവരം അറിഞ്ഞില്ല. രാത്രി ഒൻപതോടെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആംബുലൻസിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ.ത.ദേ.ഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
26 വർഷം മുൻപ് സൗദിയിലേക്ക്…
രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതമായിരുന്നു ഷാജഹാന്റേത്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഏകദേശം പത്ത് വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏഴ് വർഷം മുൻപ് വീണ്ടും പ്രവാസജീവിതത്തിലേക്ക് തിരികെയെത്തി, ഇത്തവണ യുഎഇയിലേക്ക്.

സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും കുടുംബവുമായി ഷാജഹാൻ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹം പോലുള്ള പ്രധാന ചടങ്ങുകൾക്കുപോലും അദ്ദേഹം നാട്ടിലെത്തിയില്ല.
പാർക്കായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വീട്…
ഷാർജയിലെ സൗദി പള്ളിക്ക് സമീപമുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ നിരാലംബരായ നിരവധി പ്രവാസികൾക്കൊപ്പമായിരുന്നു കുറേക്കാലമായി ഷാജഹാന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുകയും, ആരെങ്കിലും കരുണയോടെ വാങ്ങിനൽകുന്ന ഭക്ഷണം കഴിച്ചുമായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ല.
ഷാർജയിലെ ഇൻഷുറൻസ് കമ്പനി ജീവനക്കാരിയും സാമൂഹിക പ്രവർത്തകയുമായ കരുനാഗപ്പള്ളി സ്വദേശി മായയുടെ ഓർമകളിലും ഷാജഹാന്റെ ഈ നിശബ്ദ ജീവിതമുണ്ട്. റോളയിലെ ഒരു റസ്റ്ററന്റിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയാണ് മായ ആദ്യമായി ഷാജഹാനെ കാണുന്നത്. വിശന്ന് തളർന്നിരുന്ന അദ്ദേഹത്തിന് അന്ന് മായ ഭക്ഷണം വാങ്ങിനൽകി. പിന്നീട് പലതവണയും ഭക്ഷണം എത്തിച്ചുനൽകി.
ഒടുവിൽ കുടുംബത്തിലേക്കുള്ള ഒരു വഴിതുറന്നു…
സ്വന്തം കാര്യങ്ങൾ ആരോടും പറയാൻ ഇഷ്ടപ്പെടാതിരുന്ന ഷാജഹാൻ ഒരിക്കൽ ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ മായയ്ക്ക് നൽകി. മായ തുടർന്ന് ഷൈലജയെയും മകൾ തസ്നിയെയും നാട്ടിൽ വിളിച്ച് സംസാരിച്ചു. അന്ന് സൗദിയിലായിരുന്ന മകൻ ആഷിഖും മായയെ വിളിച്ചു.
അപ്പോഴാണ് വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പോലും പ്രയാസപ്പെട്ട് ഷാജഹാൻ കഴിയുകയായിരുന്നുവെന്ന വിവരം പുറത്തറിയുന്നത്. യുഎഇയിലെത്താൻ വേണ്ടി ഉണ്ടായ കടബാധ്യതകൾ പോലും കുടുംബം നാട്ടിൽ വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
യുഎഇ ഡ്രൈവിങ് ലൈസൻസുള്ളതിനാൽ വീണ്ടും ജോലി ചെയ്ത് കുടുംബത്തെ സഹായിച്ചുകൂടെയെന്ന് മായ സ്നേഹത്തോടെ ചോദിച്ചെങ്കിലും ഷാജഹാൻ അതിന് തയ്യാറായില്ല. പിന്നീട് മായയുടെ മുന്നിൽപ്പെടാതിരിക്കാൻ പോലും അദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് മായ പറയുന്നു.
മരണവാർത്ത കേട്ടപ്പോൾ സംശയം തോന്നി…
പാർക്കിനടുത്ത് താമസിക്കുന്ന മായയുടെ സുഹൃത്താണ് ഒരു മലയാളി പാർക്കിൽ മരിച്ചെന്നും മൃതദേഹം ആംബുലൻസിൽ കൊണ്ടുപോയെന്നും അറിയിച്ചത്. വിവരം കേട്ടതോടെ മായയ്ക്ക് സംശയം തോന്നി.
വർഷങ്ങൾക്ക് മുൻപ് ഷൈലജ നൽകിയ ഫോൺ നമ്പർ കണ്ടെത്തി മായ നാട്ടിലേക്ക് വിളിച്ചു. പിന്നീട് പാസ്പോർട്ടിന്റെ പകർപ്പും പഴയ ചിത്രവും അയച്ചുനൽകി മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
“ഏഴ് വർഷമായി വാപ്പയെ കണ്ടിട്ടില്ല… അവസാനമായി ആ മുഖമൊന്ന് കാണണം”
ഷാജഹാന്റെ മരണവാർത്ത അറിഞ്ഞതുമുതൽ മകൾ തസ്നിം കരച്ചിൽ നിർത്തിയിട്ടില്ലെന്ന് മായ പറയുന്നു.
ഏഴ് വർഷം മുൻപാണ് തസ്നിം അവസാനമായി വാപ്പയെ കണ്ടത്. അതിനുശേഷം ഫോണിൽ പോലും സംസാരിക്കാൻ കഴിഞ്ഞില്ല.
“ഞാനദ്ദേഹത്തിന്റെ മകളല്ലേ… അവസാനമായി എനിക്ക് ആ മുഖമൊന്ന് കാണണം. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും സഹായിക്കണം…”
മകളുടെ ഈ വാക്കുകളിൽ ഒരു മകളുടെ അവസാന ആഗ്രഹവും, വർഷങ്ങളായി അകന്നുപോയ പിതാവിനെ ഒരിക്കൽ കൂടി കാണണമെന്നുള്ള വേദനയും നിറയുന്നു.
പ്രവാസത്തിന്റെ ഏതോ നിഗൂഢമായ മുറിവുകൾ ഉള്ളിലൊതുക്കി, ആരോടും പരിഭവം പറയാതെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഷാജഹാൻ ജീവിതം അവസാനിപ്പിച്ചു.
ഒടുവിൽ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ്… പക്ഷേ ജീവനോടെയല്ല.
കുടുംബത്തെ അകറ്റിനിർത്തിയ ആ തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു? പ്രവാസജീവിതം അദ്ദേഹത്തിന്റെ ഉള്ളിൽ അവശേഷിപ്പിച്ച മുറിവുകൾ എന്തായിരുന്നു? ഉത്തരം കിട്ടാതെ പോയ ഒരുപാട് ചോദ്യങ്ങൾ ബാക്കിവെച്ചാണ് ഷാജഹാന്റെ മടക്കം.
അവസാനമായി മകളുടെ കണ്ണുകൾക്ക് മുന്നിൽ ആ മുഖമെത്തുമോ എന്ന കാത്തിരിപ്പിലാണ് ഒരു കുടുംബം.
No Comment.