മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനും പ്രശസ്ത യൂട്യൂബറും വ്ലോഗറുമായ എസ്.ആർ. ധന്യയുടെ, ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന, ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
മോട്ടോർ വാഹന വകുപ്പാണ് നടപടി സ്വീകരിച്ചത്. ജൂലൈ ഒന്നിന് കാസർകോട് വെച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച ധന്യയെ പരിശോധിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയെന്നാണ് റിപ്പോർട്ട്. തുടർന്ന് ബന്തിയോട് ഭഗവതി നഗറിൽ വെച്ച് പോലീസ് വാഹനം തടഞ്ഞു. നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതികരണത്തിൽ താൻ ഒരു ബിയർ മാത്രമാണ് കഴിച്ചതെന്നും പോലീസിനെ കണ്ടപ്പോൾ ഭയന്നതിനാലാണ് വാഹനം നിർത്താതെ പോയതെന്നും ധന്യ പറഞ്ഞിരുന്നു. ലൈസൻസ് സസ്‌പെൻഷന് പുറമെ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം. സോഷ്യൽ മീഡിയയിലെ പ്രശസ്തിയോ ഫോളോവേഴ്സിന്റെ എണ്ണമോ നിയമലംഘനങ്ങൾക്ക് ഇളവ് നൽകില്ലെന്ന സന്ദേശം കൂടിയാണ് നടപടി നൽകുന്നത്.
No Comment.