ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രഹസ്യസ്വഭാവമുള്ള ഈ റിപോർട്ടിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ ജനീഷ് വ്യക്തമാക്കി.
വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ കായികമന്ത്രി വി. അബ്‌ദുറഹ്മാൻ്റെ നേതൃത്വത്തിലാണ് അർജന്റീന ടീമിനെ കൊച്ചിയിൽ എത്തിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇതിന്റെ ഭാഗമായി സ്പെയിൻ സന്ദർശനം നടത്തുകയും കൊച്ചിയിൽ ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം നടത്തുമെന്ന തരത്തിൽ പ്രഖ്യാപനങ്ങൾ വരുകയും ചെയ്തിരുന്നു. സ്പോൺസർമാർ വഴി വലിയ തുക ചെലവഴിച്ചതായി അവകാശവാദങ്ങൾ ഉയർന്നുവെങ്കിലും ഇതിന്റെ സാമ്പത്തിക ഇടപാടുകളിലോ ജിഎസ്ടി അടയ്ക്കുന്നതിലോ കൃത്യമായ ചട്ടങ്ങൾ പാലിച്ചിരുന്നോ എന്നതിൽ കടുത്ത അവ്യക്തത നിലനിന്നിരുന്നു.
ഇതേത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് കായിക വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തി റിപോർട്ട് തയ്യാറാക്കിയത്. കരാറുകളിലെ വ്യക്തതക്കുറവ് ഉൾപ്പെടെയുള്ള ഗൗരവകരമായ കണ്ടെത്തലുകളാണ് റിപോർട്ടിലുള്ളതെന്നാണ് വിവരം. അതേസമയം, വരുംകാലങ്ങളിൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനേക്കാൾ ഉപരിയായി കേരളത്തിൻ്റെ സ്വന്തം മണ്ണിൽ നിന്ന് മികച്ച ഫുട്ബോൾ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാനാണ് സർക്കാർ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി
No Comment.