Skip to content

chithrodayamflashnews.com

October 15, 2026 6:56 am

ആലപ്പുഴ ജില്ലയിലെ താമരക്കുളം പറയൻകുളത്ത് യുവതിക്ക് നേരെ സുഹൃത്തിന്റെ ക്രൂരമായ ആക്രമണം

ആലപ്പുഴ ജില്ലയിലെ താമരക്കുളം പറയൻകുളത്ത് യുവതിക്ക് നേരെ സുഹൃത്തിന്റെ ക്രൂരമായ ആക്രമണം. മുപ്പതുകാരിയായ ശബാനയെയാണ് ആൺസുഹൃത്തായ ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീടിൻ്റെ മുറ്റത്തുള്ള വിറകുപുരയ്ക്ക് സമീപം ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ശബാനയുടെ അടുത്തേക്ക് എത്തിയ ശരത്, കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും അതിക്രൂരമായി വെട്ടുകയായിരുന്നു. വെട്ടേറ്റ ശബാന നിലവിളിച്ചുകൊണ്ട് താഴെ വീണതോടെ പ്രതി ഇരുട്ടിലേക്ക് ഓടിമറഞ്ഞു.

​ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ശബാനയുടെ അമ്മയും കുട്ടിയും പുറത്തിറങ്ങി നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ കാണുന്നത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലുതെന്നി വീണ് തല പൊട്ടിയതാണെന്നായിരുന്നു നാട്ടുകാരും വീട്ടുകാരും ആദ്യം കരുതിയിരുന്നത്. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തലയിലുള്ളത് വീണപ്പോഴുണ്ടായ മുറിവല്ലെന്നും, ആയുധം ഉപയോഗിച്ച് വെട്ടേറ്റതാണെന്നും വ്യക്തമായത്. പരിക്ക് ഗുരുതരമായതിനാൽ ശബാനയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവർ ഇപ്പോൾ അവിടെ ചികിത്സയിലാണ്.

​കഴിഞ്ഞ ആറുവർഷമായി ശബാനയും ശരത് കൃഷ്ണനും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായതാണ് ഈ ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ശരത് പോലീസിന് നൽകിയ മൊഴി. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നൂറനാട് പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ടവർ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ അതിവേഗം പിടികൂടാൻ പോലീസിന് കഴിഞ്ഞു. ഹരിപ്പാട്ടുള്ള സ്വന്തം വീട്ടിൽ നിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ശരത് പോലീസിന്റെ പിടിയിലായത്. കൃത്യമായ സമയത്ത് അന്വേഷണം ആരംഭിച്ചതുകൊണ്ടാണ് പ്രതിയെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6