പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഒലവക്കോട് ജങ്ഷനിൽ ഇന്നലെ പുലർച്ചെയാണ് വിവിധതരം ലഹരിവസ്തുക്കളുമായി മൂന്നംഗസംഘം പിടിയിലായത്.
കോട്ടയം സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക സ്വദേശി ബി. ഫാത്തിമ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരു കിലോഗ്രാമോളം എം.ഡി.എം.എ, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽനിന്നാണ് പ്രധാന ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലഹരിസംഘത്തിന് പണം നൽകുന്ന വ്യക്തിയെ ഞായറാഴ്ച രാത്രിയോടെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.

തമിഴ്നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്നുതന്നെ പൊലീസ് സംഘത്തെ പിന്തുടർന്നിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം യാത്രാമാർഗം മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ, ഒലവക്കോട് ജങ്ഷനിൽ പൊലീസ് വാഹനം കുറുകെയിട്ട് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
പുലർച്ചെ രണ്ടുമണിക്ക് ആരംഭിച്ച പരിശോധനയ്ക്കൊടുവിൽ അഞ്ചുമണിയോടെയാണ് കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
പിടിയിലായവർ ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
No Comment.