അച്ഛൻ അമ്മയെ മ.ർ.ദിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. സ്നേഹവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം എന്താണെന്ന് ചെറുപ്പത്തിൽ എനിക്ക് അറിയില്ലായിരുന്നു. പകരം, വഴക്കും കണ്ണീരും പേടിയുമായിരുന്നു ഞങ്ങളുടെ വീട്ടിലെ സ്ഥിരം കാഴ്ചകൾ.
അച്ഛന് അമ്മയെ കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് സങ്കടം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതിനെക്കുറിച്ച് അമ്മ അച്ഛനോട് ചോദിച്ചപ്പോൾ പോലും മറുപടിയായി ലഭിച്ചത് ബെൽറ്റ് വെച്ചുള്ള സ്ഥിരം മ.ർ.ദനമായിരുന്നു. അതിന് ശേഷം അച്ഛൻ കുടുംബകാര്യങ്ങൾ നോക്കാതെയായി
ഒരിക്കൽ, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നിയ അമ്മ എന്നെയും കൂട്ടി കടൽത്തീരത്തേക്ക് പോയി. എല്ലാം അവസാനിപ്പിക്കാമെന്ന് അമ്മ തീരുമാനിച്ചിരുന്നു. പക്ഷേ അവസാന നിമിഷം എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ തീരുമാനം മാറ്റി. എന്നെ ഓർത്താണ് അമ്മ ജീവിതത്തിലേക്ക് തിരികെ വന്നത്. അമ്മയെ മ.ർ.ദിക്കുന്നത് തുടർന്നപ്പോൾ ഒടുവിൽ അമ്മ പോലീസിൽ പരാതി നൽകി. പോലീസ് അച്ഛന് മുന്നറിയിപ്പ് നൽകി. അതിന് ശേഷം അച്ഛൻ ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല.
സ്നേഹം എന്താണെന്ന് പോലും അറിയാതെ വളർന്ന ഞാൻ, കോളേജിൽ പഠിക്കുമ്പോഴാണ് ഒരാളെ സ്നേഹിക്കുന്നത്. പക്ഷേ ആ ബന്ധവും അധികകാലം നീണ്ടില്ല. വീണ്ടും ഒരു നഷ്ടം കൂടി. അതിനൊപ്പം അച്ഛന്റെ വഴക്കുകളും പഴയ ഓർമകളും..എല്ലാം ചേർന്ന് ഞാൻ പതിയെ തകർന്നുപോയി. ഒടുവിൽ ഒരു ദിവസം ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.ഫിനോയിൽ കുടിച്ച് ആ.ത്മ.ഹ.ത്യക്ക് ശ്രെമിച്ച ഒരാഴ്ചയോളം ICU-വിൽ കിടന്നു.

ബോധം തിരികെ വന്നപ്പോൾ മുന്നിൽ കണ്ടത് അച്ഛനെയായിരുന്നു. എന്നാൽ ആശ്വാസവാക്കുകൾക്ക് പകരം, എന്റെ തീരുമാനത്തെ പരിഹസിക്കുന്ന വാക്കുകളാണ് എനിക്ക് കേൾക്കേണ്ടിവന്നത്, “ചാവാനാണെങ്കിൽ നല്ലപോലെ പഠനം നടത്തിയിട്ട് വേണ്ടേ ഇങ്ങനെയൊക്കെ ചെയ്യാൻ എന്നായിരുന്നു അച്ഛൻ ചോദിച്ചത് “
ആ സംഭവത്തിന് ശേഷം നാട്ടിലും കൂട്ടുകാർക്കിടയിലും ഞാൻ ഒന്നിനും കൊള്ളാത്തവളായി മാറിയെന്ന തോന്നലുണ്ടായി. പക്ഷേ അവിടെ നിന്നാണ് എന്റെ ജീവിതം മാറിയത്. “എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല” എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. വീണ്ടും പഠിക്കാൻ തുടങ്ങി. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്നു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ജോലിയിൽ പ്രവേശിച്ചു.
ഇന്ന് ഞാനും അമ്മയും സന്തോഷത്തോടെ ജീവിക്കുകയാണ്.പഴയകാലത്തെക്കുറിച്ച് ഇപ്പോഴും ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്. അന്ന് അനുഭവിച്ച വേദനകൾ ഓർക്കുമ്പോൾ കണ്ണ് നിറയും. പക്ഷേ അതേ വേദനകളാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതെന്ന് ഇപ്പോൾ മനസ്സിലാകുന്നു.
ഇന്ന് എന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ…
അമ്മയ്ക്ക് ഇപ്പോൾ പേടിയില്ലാതെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു. ആ സമാധാനത്തിന് കാരണം ഞാൻ തന്നെയാണെന്ന് ഓർക്കുമ്പോൾ..ഞാൻ നേടിയ എല്ലാ വിജയങ്ങളേക്കാളും വലുതായി അതിനെ കാണുന്നു.
No Comment.