കൊച്ചി ഇടപ്പള്ളി ജങ്ഷന് സമീപം സ്വകാര്യ ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് യുവാവും കുടുംബസുഹൃത്തായ യുവതിയും ബസ് നടുറോഡിൽ തടഞ്ഞു. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.
കളമശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മുഹമ്മദ് റിസ്വാന്റെ ഇരുചക്രവാഹനത്തിലാണ് പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിച്ചതെന്നാണ് ആരോപണം. ബസ് പലതവണ ഹോൺ മുഴക്കിയശേഷം പിന്നിൽ നിന്ന് ഇടിച്ചെന്നും, തുടർന്ന് ബസ് മുന്നോട്ടെടുത്തപ്പോൾ ബൈക്ക് നിരക്കിക്കൊണ്ടുപോയെന്നും റിസ്വാൻ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ കുടുംബസുഹൃത്തായ ആശ ബസിന് മുന്നിൽ കയറി നിന്ന് ബസ് തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇരുവരെയും മാറ്റി.
സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും വഴി തടഞ്ഞതിന് യുവാവിനും യുവതിക്കുമെതിരെയും കേസെടുത്തതായി കളമശ്ശേരി പോലീസ് അറിയിച്ചു. ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.
No Comment.