കോഴിക്കോട് വളയത്ത് ജിതിൻ-ബിജിഷ ദമ്പതികളുടെ ഇളയ മകൻ യവിൻ യുവിക് ആണ് ചികിത്സ കിട്ടുന്നതിന് മുൻപ് തന്നെ ദാരുണമായി മരണപ്പെട്ടത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം മാതാപിതാക്കൾക്ക് മുന്നറിയിപ്പും വലിയൊരു ജാഗ്രതാ സന്ദേശവുമാണ് നൽകുന്നത്.
ഉച്ചയോടെ വീടിന്റെ വരാന്തയിൽ നിൽക്കുമ്പോഴായിരുന്നു കുട്ടി തലയിടിച്ച് താഴേക്ക് വീണത്. വീഴ്ചയ്ക്ക് പിന്നാലെ അല്പനേരം കരഞ്ഞ കുഞ്ഞ് പിന്നീട് സാധാരണ പോലെ ഉറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി ഉണരാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ അടുത്തെത്തി വിളിച്ചു നോക്കിയപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമോ ആഘാതമോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അത്വിക് ആണ് യവിന്റെ സഹോദരൻ.

കുട്ടികൾ കളിക്കുന്നതിനിടയിലോ ഉയരങ്ങളിൽ നിന്നോ തലയിടിച്ചു വീണാൽ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. വീഴ്ചയ്ക്ക് ശേഷം കുട്ടികൾ ഉറങ്ങുകയോ ഒരു തവണ ഛർദ്ദിക്കുകയോ ചെയ്യുന്നത് സാധാരണമാണെങ്കിലും, രണ്ടിലധികം തവണ തുടർച്ചയായി ഛർദ്ദിക്കുക, അസാധാരണമായി ദീർഘനേരം മയങ്ങിപ്പോവുക, ഉണർത്താൻ ശ്രമിച്ചാൽ എഴുന്നേൽക്കാതിരിക്കുക, അകാരണമായ ഉദാസീനതയോ പിടിവാശിയോ കാട്ടുക, മൂക്കിൽ നിന്നോ ചെവിയിൽ നിന്നോ ദ്രാവകമോ രക്തമോ വരിക, അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, കൈകാലുകൾക്ക് പെട്ടെന്ന് ബലക്കുറവ് അനുഭവപ്പെടുക എന്നിവ കണ്ടാൽ ഒരു നിമിഷം പോലും വൈകാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന കുഞ്ഞിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് നാട്.
No Comment.