ഭർതൃവീടുകളിൽ മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്തകൾ ഏറിവരുന്ന ഇക്കാലത്ത്, ശ്രദ്ധേയവും ചിന്തോദ്ദീപകവുമായ നിലപാട് വ്യക്തമാക്കി നടി ആശ ശരത്. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കവെയാണ് താരം മക്കളോട് നൽകിയ ഉറപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്.

പലതും സഹിച്ച് അവിടെത്തന്നെ നിൽക്കേണ്ടി വരുന്നതും, തിരികെ ചെന്നാൽ സ്വന്തം വീട്ടുകാർ അംഗീകരിക്കില്ലെന്ന ഭയവുമാണ് പല പെൺകുട്ടികളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാൽ രണ്ട് പെൺമക്കളുടെ അമ്മയായ താൻ അങ്ങനെയല്ലെന്നും, സന്തോഷമില്ലാത്ത ഒരു ദാമ്പത്യത്തിൽ ഒത്തുതീർപ്പുകളുമായി ജീവിക്കേണ്ടതില്ലെന്ന് മക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒത്തുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എപ്പോൾ വേണമെങ്കിലും തങ്ങളുടെ അടുത്തേക്ക് മടങ്ങിവരാമെന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ആശ ശരത് ഓർമ്മിപ്പിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ ആത്മവിശ്വാസമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രശംസ.
No Comment.