തൃശൂർ കുന്നംകുളം സ്വദേശിയായ ഉമ്മർ ഷെറീഫും മറ്റ് ഏഴ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഈ വലിയ ചതിക്കുഴിയിൽ അകപ്പെട്ടത്.
സന്ദർശക വിസയിൽ ഒരു ലക്ഷം രൂപ മാസശമ്പളമുള്ള ജോലിയും ഉംറ കർമ്മങ്ങൾക്കുള്ള മുഴുവൻ ചെലവും വാഗ്ദാനം ചെയ്താണ് പ്രതികൾ ഇവരെ വലയിലാക്കിയത്. യാത്രക്കാർക്ക് നൽകാനായി തയ്യാറാക്കിയ, ലഹരിമരുന്നുകൾ ഒളിപ്പിച്ച ബാഗുകൾക്ക് മുന്നിൽ പ്രധാന ആരോപണവിധേയനായ മലപ്പുറം ചങ്ങരംകുളം സ്വദേശി അലി നിൽക്കുന്നതിന്റെ കോയമ്പത്തൂരിൽ വെച്ചെടുത്ത ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഉമ്മർ ഷെറീഫിന്റെ സുഹൃത്തായ ആഷിക്കിന് കീഴിൽ കൊച്ചന്നൂരിൽ കോൺട്രാക്ട് ജോലികൾ ചെയ്തിരുന്ന ഏഴ് പശ്ചിമ ബംഗാൾ സ്വദേശികളും ഉമ്മർ ഷെറീഫും നിലവിൽ വധശിക്ഷാ ഭീഷണിയിൽ സൗദിയിലെ ജിദ്ദ ജയിലിൽ കഴിയുകയാണ്. തങ്ങളുടെ സുഹൃത്ത് ജയിലിലായ വിവരം അറിഞ്ഞതോടെ, ഉമ്മർ ഷെറീഫിന്റെ സുഹൃത്തുക്കൾ കഴിഞ്ഞ മാസം മുപ്പതാം തീയതി ആലുവയിൽ വെച്ച് അലിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി പരാതികൾ ഇല്ലാതിരുന്നതിനാൽ ഇയാൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുകയായിരുന്നു.

ഉമ്മർ ഷെറീഫിന്റെ സുഹൃത്തായ ആഷിക്കും അലിയും ചേർന്നാണ് ഈ ചതിപ്രയോഗം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് കുടുംബാംഗങ്ങളുടെ പ്രധാന പരാതി. അതേസമയം, അലി പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തതെന്നാണ് ആഷിക് കുന്നംകുളം പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്..!!
No Comment.