പരാതിക്കാരില്ലാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ഒരു പോക്സോ കേസ് വെളിച്ചത്തുകൊണ്ടുവന്നത് കേരള പോലീസിന്റെ ഈ മാസ്റ്റർ സ്ട്രോക്കിലൂടെയാണ്. കൊല്ലം കടയ്ക്കൽ ഊന്നൻകല്ല് സ്വദേശിയായ ഇമ്പിച്ചിക്കോയ തങ്ങൾ (62) ആണ് ഈ കേസിൽ അറസ്റ്റിലായത്.
മദ്രസയിൽ പഠിക്കാനെത്തിയ എട്ടും ഒൻപതും വയസ്സുള്ള പെൺകുട്ടികളാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പോലീസിന് ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നു.
എന്നാൽ, സംഭവം പുറത്തറിയുന്നത് സമുദായത്തിന് അപമാനമാകുമെന്ന് രക്ഷിതാക്കൾ കരുതി. അതിനാൽ അവരോ മഹല്ല് കമ്മിറ്റിയോ പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല.
പ്രദേശത്തെ അറിയപ്പെടുന്ന ഒരു സംഘടനാ നേതാവ് കൂടിയായിരുന്നു പ്രതി. ഇതും കേസ് ഒതുക്കിത്തീർക്കാൻ കാരണമായി.

പരാതിക്കാരില്ലാതെ കേസ് മുന്നോട്ട് പോകില്ല.
എന്നാൽ പിഞ്ചുകുട്ടികൾ അനുഭവിച്ച ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ കടയ്ക്കൽ പോലീസ് തയ്യാറായില്ല. പ്രതിയെ കുടുക്കാൻ അവർ തന്ത്രപരമായ ഒരു പദ്ധതി തയ്യാറാക്കി. സംശയം തോന്നാത്ത രീതിയിൽ മദ്രസയിൽ ഒരു ‘സാമൂഹ്യ ബോധവൽക്കരണ പരിപാടി’ സംഘടിപ്പിച്ചു.
ഇതിനായി മഹല്ല് കമ്മിറ്റിയെയും അവർ കൂടെക്കൂട്ടി. ഈ പരിപാടിയുടെ മറവിൽ ചൈൽഡ് ലൈനിന്റെ സഹായത്തോടെ കുട്ടികൾക്കായി അതീവ രഹസ്യമായി കൗൺസിലിംഗ് ഏർപ്പെടുത്തി. പോലീസിന്റെ ഈ മാസ്റ്റർ പ്ലാൻ കൃത്യമായി ലക്ഷ്യം കണ്ടു.
ഭയരഹിതമായ അന്തരീക്ഷത്തിൽ നടന്ന കൗൺസിലിംഗിൽ കുട്ടികൾ മനസ്സ് തുറന്നു. തങ്ങൾ നേരിട്ട ക്രൂരമായ ലൈംഗികാതിക്രമങ്ങൾ അവർ കൗൺസിലറോട് വിശദീകരിച്ചു.
ചൈൽഡ് ലൈൻ മുഖേന ലഭിച്ച ഈ ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.
ഈ സമയത്ത് പ്രതി കുടുംബസമേതം ഉംറ നിർവഹിക്കാൻ പോയിരിക്കുകയായിരുന്നു. തനിക്കെതിരെ വലവിരിച്ചത് അറിയാതെ മടങ്ങിയെത്തിയ ഇയാളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. പ്രതിയെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.
തുടർന്ന് കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവന്നത്. ഏഴുവയസ്സുകാരിയായ മറ്റൊരു വിദ്യാർഥിനിക്ക് ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടിത്തന്നിരുന്നു. ഇതോടെ പ്രതിക്കെതിരെ പോലീസ് മൂന്നാമത്തെ പോക്സോ കേസും ചുമത്തി.
ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് കോടതിയുടെ അനുമതിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
മദ്രസയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്ന് കടയ്ക്കൽ എസ്.എച്ച്.ഒ ജ്യോതിഷ് ചിറവൂർ അറിയിച്ചു. രക്ഷിതാക്കൾ പോലും കൈവിട്ട കേസിൽ, പോലീസിന്റെ ഈ സമയോചിതവും ബുദ്ധിപരവുമായ ഇടപെടലാണ് കൂടുതൽ കുരുന്നുകളെ ക്രൂരമായ ചൂഷണങ്ങളിൽ നിന്നും രക്ഷിച്ചത്.
No Comment.