ദോഹ: ലോകകപ്പ് ഫുട്ബോൾ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കൾക്ക് 42 മില്ല്യൺ ഡോളർ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.
രണ്ടാം സ്ഥാനക്കാർക്ക് 30 മില്ല്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. ഫൈനൽ മത്സരം അവസാനിച്ചാൽ അർജന്റീനയുടേയോ ഫ്രാൻസിന്റെയോ അക്കൗണ്ടുകളിലാണ് ഈ പണമെത്തുക.
മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യൺ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യൺ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും.
ക്വാർട്ടറിലെത്തിയ ബ്രസീൽ, നെതർലൻഡ്സ്, ഇംഗ്ലണ്ട്, പോർച്ചുഗൽ എന്നീ ടീമുകൾ 17 മില്ല്യൺ ഡോളറു(140 കോടി രൂപ) മായാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രീ ക്വാർട്ടർ കളിച്ച സെനഗൽ, ഓസ്ട്രേലിയ, പോളണ്ട്, ജപ്പാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, യുഎസ്എ എന്നീ ടീമുകൾക്ക് 13 മില്ല്യൺ ഡോളർ (107 കോടി രൂപ) വീതം ലഭിച്ചു.
ഖത്തർ, ഇക്വഡോർ, മെക്സിക്കോ, വെയ്ൽസ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെൻമാർക്ക്, ബെൽജിയം, കോസ്റ്ററിക്ക, ജർമനി, ഘാന, യുറഗ്വായ്, സെർബിയ, കാമറൂൺ, ഇറാൻ എന്നീ ടീമുകൾ സ്വന്തമാക്കിയത് ഒമ്പത് മില്ല്യൺ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ. ഈ ടീമുകൾക്കൊന്നും ഗ്രൂപ്പ് ഘട്ടം കടയ്ക്കാനായിരുന്നില്ല.

No Comment.