Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

👀ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയേയും മകനേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്ബനിക്കു സമീപം കുറിയേടത്ത് സുരേഷിന്‍റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരാണ് മരിച്ചത്.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സുരേഖയും സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഇവിടെ താമസം.ഗുരുവായൂര്‍ തെക്കേ നടയിലെ തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് സുരേഖ. നേരത്തെ ഇവര്‍ ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മകള്‍ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ബാധ്യതകളെ തുടര്‍ന്ന് വീട് വിറ്റാണ് ഇപ്പോഴത്തെ വാടക വീട്ടിലേക്ക് മാറിയത്.ഗുരുവായൂര്‍ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം എളവള്ളി ശ്മശാനത്തില്‍ സംസ്കരിക്കും.

👀ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് 759 കോടിയുടെ മദ്യവില്‍പ്പന നടന്നതായി ബെവ്‌കോ. ഈ മാസം 21 മുതലുള്ള പത്തു ദിവസത്തെ കണക്കാണിത്.675 കോടി രൂപ ഈ ദിവസങ്ങളില്‍ നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തി.കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 700 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഇക്കുറി 59 കോടി കൂടുതല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് നിര്‍മിക്കുന്ന ജവാന്‍ റം ആണ് ഇക്കുറി ഓണത്തിന് കൂടുതല്‍ വിറ്റുപോയത്.ഉത്രാട ദിനത്തിലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന- 116 കോടി. ബെവ്‌കോയുടെ കണക്ക് അനുസരിച്ച്‌ ആറു ലക്ഷം പേരാണ് അന്നു മാത്രം മദ്യം വാങ്ങിയത്..ഈ ഓഗസ്റ്റില്‍ 1799 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1522 കോടിയായിരുന്നു.

👀സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു.സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തില്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്.കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം.

👀തുല്യനീതി എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകണമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ശിവഗിരി മഠത്തില്‍ നടന്ന 169ാമത് ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സെക്രട്ടേറിയറ്റിനെ ‘തമ്പുരാന്‍ കോട്ട’ എന്നാണ് ഗുരു നിത്യചൈതന്യയതി വിശേഷിപ്പിച്ചത്. ആ തമ്പുരാൻ കോട്ടക്ക് ഇന്നും വിള്ളലുണ്ടായിട്ടില്ല. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നാണ് വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും നാട്ടില്‍ ഉടലെടുത്തത്. ഗുരു ആഗ്രഹിച്ചത് ക്ഷേത്ര പ്രവേശനം മാത്രമായിരുന്നില്ല, ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ ഏവര്‍ക്കും കഴിയണമെന്നായിരുന്നു.ശബരിമലയടക്കം ഇന്നും പല ക്ഷേത്രങ്ങളിലും പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ചില പ്രത്യേക വര്‍ഗങ്ങള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. എല്‍.ഡി.എഫും യു.ഡി.എഫും ഭരിച്ചാലും ഇതിനനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

👀 സെക്രട്ടേറിയറ്റ് തമ്പുരാൻകോട്ടയായി തുടരുന്നെന്നും സംസ്ഥാനത്ത് സാമൂഹികനീതി കൈവന്നിട്ടില്ലെന്നുമുള്ള ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. സെക്രട്ടേറിയറ്റ് തമ്പുരാക്കന്മാരുടേതല്ലെന്നും ഒരിടവും അങ്ങനെയായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.എസ്.എൻ.ഡി.പി യോഗം തൃശൂര്‍ യൂനിയൻ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സെക്രട്ടേറിയറ്റ് മാത്രമല്ല, ഒരു കേന്ദ്രവും തമ്പുരാക്കൻമാരുടേതാകാൻ പാടില്ല. പരമാവധി നീതി എല്ലാവര്‍ക്കും ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ലോകത്താകെ പട്ടിണിയെക്കുറിച്ച്‌ സംസാരിക്കുന്നു. പക്ഷേ, കേരളം അടുത്തവര്‍ഷത്തോടെ വിശപ്പില്ലാ സംസ്ഥാനമായി മാറുകയാണ്.ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ എത്രത്തോളം മാറ്റിമറിച്ചെന്ന് നമ്മള്‍ തിരിച്ചറിയണം. ഗുരുസന്ദേശം ഏറ്റെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം. ഭ്രാന്താലയമായിരുന്ന കേരളം മാറിയത് ഗുരുദേവനെപ്പോലെയുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. ഗുരുവിനെപ്പോലെയുള്ള സാമൂഹിക നവോത്ഥാന നായകര്‍ ലോകത്തിന് മുന്നില്‍ മാതൃകയായി മാറി. വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുസന്ദേശമാണതിന് കാരണം. മനസ്സുകളില്‍ ജാതിചിന്ത കൂടിവരുന്ന കാലമാണിത്. അത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല റിട്ട. പ്രഫ. ഡോ. എം.വി. നടേശൻ അനുസ്മരണ പ്രഭാഷണം നടത്തി.

👀  പാ വപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാങ്ങുന്ന തിരക്കിലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. നെല്‍ കര്‍ഷകര്‍ക്കും റബര്‍ കര്‍ഷകര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്. പതിനായിരക്കണക്കിന് നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്.കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച നെല്ലിന്റെ സംഭരണ വിലപോലും നല്‍കാതെ ആ തുക വകമാറ്റി ചെലവഴിച്ചു. ഹെലികോപ്ടര്‍ വാങ്ങാനും ക്ലിഫ് ഹൗസില്‍ തൊഴുത്തൊരുക്കാനും ലക്ഷങ്ങള്‍ മുടക്കാൻ സര്‍ക്കാറിന് മടിയില്ല. കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പുതുപ്പള്ളിയില്‍ മറുപടി നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്ടര്‍ വാടകക്കെടുക്കാനുള്ള തീരുമാനം ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞതവണ 22 കോടിയോളം രൂപ ഹെലികോപ്ടര്‍ യാത്രക്ക് പിണറായി വിജയൻ പൊടിച്ചെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

👀ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചത് വിവാദമായ സാഹചര്യത്തില്‍ അതിനെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹത്തെ ആരും ചുവപ്പുടുപ്പിക്കാൻ നോക്കേണ്ടെന്നും ഇരുവരും പ്രതികരിച്ചു. പുതുപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ‘സാമൂഹിക പരിഷ്കര്‍ത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബി.ജെ.പി കേരളത്തിന്‍റെ പ്രണാമം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്ന് പറയുന്നതില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളതെന്ന് വി. മുരളീധരൻ ചോദിച്ചു. അദ്ദേഹം പിന്നെ മതേതര സന്യാസിയാണോ. സന്യാസമെന്ന് പറയുന്നത് ഭാരതത്തിന്‍റെ പരമ്പരാഗത ആചാരത്തിന്‍റെ ഭാഗമാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. സി.പി.എം സന്യാസിയാണോ ഗുരുദേവൻ-അദ്ദേഹം ചോദിച്ചു.ഗുരുദേവൻ സന്യാസിയല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. അദ്ദേഹം ഹിന്ദുമത ആചാര്യനാണ്. സാമൂഹിക പരിഷ്കര്‍ത്താവാണ്. ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

👀 ക്രിമിനല്‍ കേസുകളില്‍ അനിവാര്യമായ കാരണങ്ങളില്ലാതെ സാക്ഷികളെ വിചാരണകോടതി വീണ്ടും വീണ്ടും വിളിച്ചുവരുത്തരുതെന്ന് ഹൈകോടതി.നീതിപൂര്‍വമായ വിചാരണക്ക് ശക്തവും യുക്തവുമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഇതു ചെയ്യാവൂ എന്നും പ്രോസിക്യൂഷന്‍റെയോ പ്രതിഭാഗത്തിന്‍റെയോ വീഴ്ച പരിഹരിക്കാൻ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തരുതെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി.ബൈക്കിലെത്തി സ്ത്രീയുടെ രണ്ടു പവന്‍റെ മാല കവര്‍ന്ന കേസില്‍ പരാതിക്കാരിയായ മുഖ്യസാക്ഷിയെ വീണ്ടും വിളിച്ചു വരുത്തുന്നതിനെതിരെ രണ്ടാം പ്രതി കാര്‍ത്തിക് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. മാള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതിക്കാരിയെ വീണ്ടും വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അനുവദിച്ചത്.മാല കവര്‍ന്ന ഒന്നാം പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞെങ്കിലും ബൈക്ക് ഓടിച്ചിരുന്ന രണ്ടാം പ്രതിയായ ഹരജിക്കാരനെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനായി ഒരു തവണ കൂടി പരാതിക്കാരിയെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അനുവദിച്ചതാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്.കേസുകളില്‍ ന്യയമായ തീര്‍പ്പുണ്ടാക്കാൻ സാക്ഷിയെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമാണെങ്കില്‍ കോടതിക്ക് ചെയ്യാമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതു പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ അനര്‍ഹമായ നേട്ടമുണ്ടാക്കാനാകരുതെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് സാക്ഷിയെ വിളിച്ചുവരുത്താൻ അനുമതി നല്‍കിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.

👀 പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ തങ്ങള്‍ക്കെതിരെ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 833 കേസുകളും പിൻവലിക്കാൻ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് മേല്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിന്‍റെ ഭാഗമായാണ് പൗരത്വ പ്രക്ഷോഭത്തില്‍ ഐക്യപ്പെട്ടത്. എന്നാല്‍ സമാന നിലപാട് പുലര്‍ത്തുന്നു എന്നവകാശപ്പെട്ട കേരള സര്‍ക്കാര്‍ ഇതിന്‍റെ പേരില്‍ കേസെടുത്ത നടപടി കടുത്ത അന്യായമാണ്. ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ ബഹുജന ഐക്യനിര കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങളെ അടിച്ചമര്‍ത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ അന്യായമായി കേസുകളെടുത്ത ഇടതു സര്‍ക്കാര്‍ നിലപാട് യഥാര്‍ഥത്തില്‍ പൗരത്വ പ്രക്ഷോഭത്തെ വഞ്ചിക്കുന്നതാണ്.പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ 60ല്‍ താഴെ കേസുകള്‍ മാത്രമാണ് ഇതുവരെ പിൻവലിച്ചത്.

👀കോഴിക്കോട് തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്നയാള്‍ പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.അഗ്നിരക്ഷ സേനയും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ചേര്‍ന്നാണ് തീയണച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ആദ്യം തീയണച്ചെങ്കിലും വീണ്ടും കത്തുകയായിരുന്നു. അഗ്നിരക്ഷ സേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

👀കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങല്‍ ലുക്മാനുല്‍ ഹഖ് (26) ആണ് മരിച്ചത്.

👀ക ള്ളപ്പണ ഇടപാട് ആരോപണത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനെതിരെ അപകീര്‍ത്തി കേസുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍റെ നിയമസ്ഥാപനം.2.50 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ പങ്കാളിയായ ‘കെ.എം.എൻ.പി ലോ’ കേസ് നല്‍കിയിട്ടുള്ളത്.നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ 2.50 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സുപ്രീംകോടതി അഭിഭാഷകൻ വഴി നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ മാത്യു കുഴല്‍നാടൻ രംഗത്ത് വന്നതിന് പിന്നാലെ എറണാകുളത്ത് വാര്‍ത്താസമ്മേളനം വിളിച്ച്‌ സി.എൻ മോഹനൻ പ്രത്യാരോപണം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തിലാണ് കുഴല്‍നാടന്‍ പങ്കാളിയായ ‘കെ.എം.എൻ.പി ലോ’ എന്ന സ്ഥാപനത്തിന് കള്ളപ്പണ ഇടപാടുണ്ടെന്ന് ആരോപണം ഉന്നയിച്ചത്.സി.എൻ മോഹനൻ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ്’കെ.എം.എൻ.പി ലോ’യുടെ നിലപാട്. കള്ളപ്പണ ഇടപാടില്ലെന്നും സ്ഥാപനത്തിന് ദുബൈയില്‍ ഓഫീസ് ഇല്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

👀ബി.എം.എസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച്‌ നശിപ്പിച്ചു. പാനൂര്‍ നഗരസഭ ബി.എം.എസ് കമ്മിറ്റി പ്രസിഡന്റ് പെരിങ്ങത്തൂര്‍ ഗുരുജിമുക്കിന് സമീപം അക്കരാമ്മല്‍ അരുകുനിയില്‍ മനോജിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.എം.എസ് പാനൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിങ്ങത്തൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

👀 നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തതെന്നും നടൻ ജയസൂര്യയുടെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്.കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന കാര്‍ഷകോത്സവത്തില്‍ ജയസൂര്യ പറഞ്ഞതിനെ തിരുത്തിയാണ് കൃഷ്ണപ്രസാദ് രംഗത്തുവന്നത്. ‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.
എന്നാല്‍, ആയിരക്കണക്കിന് പേര്‍ക്ക് പണം കിട്ടിയപ്പോള്‍ തനിക്കും കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് നെല്‍കര്‍ഷകരുടെ വേദന മാറുമോ എന്നും കൃഷ്ണപ്രസാദ് ചോദിച്ചു. ‘ഞാൻ കൃഷിക്കാരുടെ പലസമരത്തിലും പങ്കെടുത്തിട്ടുണ്ട്. എന്റെ രാഷ്ട്രീയം എവിടെയും കൂട്ടിക്കലര്‍ത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക സംഘടനയിലല്ലേ പ്രവര്‍ത്തിക്കേണ്ടത്? ഞാൻ അതുമായിട്ടൊന്നും ബന്ധപ്പെട്ടിട്ടില്ല. എന്റെ നെല്‍ കര്‍ഷക സമിതിയില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. അവരൊക്കെ മണ്ടൻമാരാണോ? എനിക്കല്ല പണം കിട്ടേണ്ടത്. കൃഷ്ണപ്രസാദിന് പണം കിട്ടിയാല്‍ നെല്‍കര്‍ഷകരുടെ വേദന മാറുമോ? ആയിരക്കണക്കിന് പേര്‍ക്ക് കിട്ടിയപ്പോള്‍ എനിക്കും കിട്ടിയതാണ്. തനിക്ക് പണം കിട്ടാത്തതിനല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്’. *ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആര്‍. അനിൽ രംഗത്തെത്തിയിരുന്നു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.‌പി രാഷ്ട്രീയമുള്ളയാളാണെന്നും അയാള്‍ക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീര്‍ത്തെന്നും മന്ത്രി പറഞ്ഞു.ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി പറഞ്ഞു.’ജയസൂര്യയുടെ സുഹൃത്തും സിനിമ-സീരിയല്‍ നടനുമായ കൃഷ്ണപ്രസാദില്‍നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കിയിട്ടില്ലെന്നും അത് ലഭിക്കാൻ തിരുവോണ ദിവസം ഉപവാസമിരിക്കുന്നെന്നുമാണ് ജയസൂര്യ പറഞ്ഞത്. ഇത് വാസ്തവവിരുദ്ധമാണ്. കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി പി.ആര്‍.എസ് വായ്പയായി നല്‍കി.2022-23 സീസണില്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ 1817.71 കോടി രൂപ വിതരണം ചെയ്തു. 50,000 രൂപ വരെ നെല്ലിന്റെ വില നല്‍കേണ്ട കര്‍ഷകര്‍ക്ക് പൂര്‍ണമായും ബാക്കി കര്‍ഷകര്‍ക്ക് വിലയുടെ 28 ശതമാനവും ഓണത്തിന് മുമ്പ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിരുന്നു. ബാക്കി 253 കോടി രൂപ പി.ആര്‍.എസ് വായ്പയായി വിതരണം ചെയ്യാൻ എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണപത്രം ഒപ്പിടുകയും വിതരണം ആഗസ്റ്റ് 24ന് ആരംഭിക്കുകയും ചെയ്തു’ -മന്ത്രി വ്യക്തമാക്കി.ജയസൂര്യയുടെ വിമര്‍ശനത്തിന് അതേവേദിയില്‍ മന്ത്രി പി. രാജീവ് മറുപടി നല്‍കിയിരുന്നു. കര്‍ഷകരില്‍നിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പണം നല്‍കാത്തതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കിലോക്ക് 20.40 രൂപ കേന്ദ്ര സര്‍ക്കാറാണ് കര്‍ഷകര്‍ക്ക് കൊടുക്കുന്നത്. ഇത് പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ 7.80 രൂപ അധികമായി നല്‍കുന്നുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാല്‍ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാല്‍, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അല്‍പം ൈവകി. എങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ പൈസക്ക് കാത്തുനില്‍ക്കാെത 2200 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കര്‍ഷകര്‍ക്കും നല്‍കിയിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.

👀 വെള്ളായണി കായലില്‍ നടന്ന 47ാമത് മഹാത്മ അയ്യന്‍കാളി ജലോത്സവത്തില്‍ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തില്‍ കാക്കമൂല ബ്രദേഴ്‌സ് ചുണ്ടന് അയ്യന്‍കാളി എവര്‍റോളിങ് മിനിസ്റ്റേഴ്‌സ് കപ്പ്.കാക്കമൂല നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും വള്ളംകോട് ചുണ്ടന്‍ കിഴക്കേക്കര ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. രണ്ടാംതരം വള്ളങ്ങളില്‍ കാക്കമൂല ബ്ലു ബേര്‍ഡ്‌സ് ഒന്നാം സ്ഥാനത്തെത്തി.കാക്കമൂല ബ്രദേഴ്‌സ് ചുണ്ടന്‍ രണ്ടാം സ്ഥാനവും നേടി. മൂന്നാംതരം വള്ളങ്ങളില്‍ വാഴവിള കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാംസ്ഥാനവും കാക്കമൂല പടക്കുതിര രണ്ടാം സ്ഥാനവും നേടി. വനിതകള്‍ തുഴഞ്ഞ മത്സരത്തില്‍ പനങ്ങോട് പറക്കുംതളിക ഒന്നാം സ്ഥാനവും ഊക്കോട് വിന്നേഴ്‌സ് ചുണ്ടന്‍ രണ്ടാം സ്ഥാനവും നേടി.

👀തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് 120 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി.ഇതോടെ പവന് 44,120ഉം ഗ്രാമിന് 5515 ഉം ആയി. ഇന്നലെ 240 രൂപ കൂടി പവന് 44,000 രൂപയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില -44,320 രൂപ. തുടര്‍ന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക് താഴ്ന്നു.

👀 പാര്‍ഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഉത്രാട സന്ധ്യയില്‍ പുറപ്പെട്ട തിരുവോണത്തോണിക്ക് തിരുവോണ പുലര്‍ച്ച ആറന്മുള ക്ഷേത്രക്കടവില്‍ ആചാരപരമായ സ്വീകരണം നല്‍കി.മങ്ങാട്ട് ഭട്ടതിരിക്ക് പിന്നാലെ കാട്ടൂരിലെ 18 നായര്‍ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്കുള്ള ദീപവുമായി തോണിയിലുണ്ടായിരുന്നു.ആറന്മുള ക്ഷേത്രക്കടവില്‍ തോണിയെത്തിയപ്പോള്‍ മേല്‍ശാന്തി കെടാവിളക്കിലെ ദീപം അണച്ച്‌ കാത്തുനിന്നു. മങ്ങാട്ട് അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂരില്‍നിന്ന് വാങ്ങിയ ദീപം ആറന്മുള ക്ഷേത്ര മേല്‍ശാന്തി സ്വീകരിച്ചു. ഇതോടെ തിരുവാറന്മുളയപ്പനുള്ള തിരുവോണ സദ്യവട്ടം ആരംഭിച്ചു. ഓണസദ്യ കഴിക്കാനും ഭഗവാന്‍റെ ദര്‍ശനത്തിനുമായി നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രമതിലകത്തേക്ക് തിരുവോണനാളില്‍ എത്തിച്ചേര്‍ന്നിരുന്നു.

👀കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയൻ എന്ന വിഷ്ണുവിനെ കുത്തിക്കൊന്നയാളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാല്‍, കൊലപാതകം നടത്തിയ ആളുടെ പേര് പുറത്തുവിട്ടില്ല.ഇന്നലെയാണ് കണിമംഗലത്തെ റെയില്‍വേ പാളത്തിന് സമീപം പൂത്തോള്‍ സ്വദേശിയായ കരുണാമയനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൂന്നുപേര്‍ കാറില്‍ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റെന്നാണ് ഇവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

👀തൃശൂര്‍ മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍.കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.കേസിലെ പ്രതികളും മൂര്‍ക്കനികര സ്വദേശികളുമായ ബ്രഹ്മജിത്, വിശ്വജിത് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് ആറരയോടെ മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉല്‍സവത്തിനിടെയാണ് യുവാവിനെ കുത്തികൊലപ്പെടുത്തിയത്. മുളയം സ്വദേശിയായ അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അഖിലിന്‍റെ സുഹൃത്ത് ജിതിൻ ചികിത്സയിലാണ്.

👀കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സി.പി.എം നേതാവും കുന്നംകുളം എം.എല്‍.എയുമായ എ.സി മൊയ്തീന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നോട്ടീസ്.ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. കൂടാതെ, 10 വര്‍ഷം നികുതി രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്.വായ്പാ തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകാൻ എ.സി മൊയ്തീന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഹാജരാകുന്നതില്‍ മൊയ്തീൻ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിര്‍ദേശിച്ചത്. ആഗസ്റ്റ് 22ന് എ.സി മൊയ്തീന്‍റെ തൃശൂരിലെ വീട്ടില്‍ ഇ.ഡി 22 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു.

 ദേശീയം 

👀അരുണാചല്‍ പ്രദേശും അക്സായി ചിന്നും ഉള്‍പ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി.മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, ഭാരത് മാതയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.’2020ല്‍ ചൈന എല്‍.എ.സി (ലൈൻ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ കബളിപ്പിച്ചു. മോദിയുടെ ഈ നുണ വലിയ പാപമാണ്. അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി20 മീറ്റില്‍ ഷി ജിൻ പിങ്ങിന് മുന്നില്‍ മോദി കുമ്പിടുന്നത് നമുക്ക് കാണാം’- സമൂഹ മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) അദ്ദേഹം കുറിച്ചു.

👀താനും രാഹുല്‍ ഗാന്ധിയും തമ്മില്‍ തെറ്റിയെന്ന ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പ്രചരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങള്‍ക്കുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.ബി.ജെ.പിക്കാരെ, വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങള്‍ക്കു മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. എനിക്കും എന്‍റെ സഹോദരനുമിടയില്‍ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്, അത് എന്നും അങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും -പ്രിയങ്ക സമൂഹമാധ്യമമായി എക്സില്‍ എഴുതി.

 

👀ജയ വര്‍മ സിൻഹയെ റെയില്‍വേ ബോര്‍ഡിന്റെ സി.ഇ.ഒയും ചെയര്‍പേഴ്സണുമായി നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍.റെയില്‍വേ മന്ത്രാലയത്തിന്റെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കാബിനറ്റ് അപ്പോയിൻമെന്റ് കമ്മിറ്റി ജയ വര്‍മ സിൻഹയുടെ നിയമനത്തിന് അംഗീകാരം നല്‍കി.അനില്‍കുമാര്‍ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. സെപ്റ്റംബര്‍ ഒന്നുമുതല്‍ ജയ ചുമതലയേറ്റെടുക്കും. ബലാസോര്‍ ട്രെയിൻ അപകടം നടന്നയുടനെയുള്ള ഇടപെടലുകളാണ് ജയയെ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത്. റെയില്‍വേയിലെ സങ്കീര്‍ണമായ സിഗ്നല്‍ സമ്പ്രദായത്തെ കുറിച്ച്‌ അവര്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.ബംഗ്ലാദേശിലെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനില്‍ റെയില്‍വേ ഉപദേഷ്ടാവായുള്ള നാല് വര്‍ഷത്തെ സേവനത്തിനിടെ, കൊല്‍ക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് കൊണ്ടുവരുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. റെയില്‍വേയുടെ നോര്‍ത്തേണ്‍, സൗത്ത് ഈസ്റേറണ്‍, ഈസ്റ്റേണ്‍ വിഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചു.

👀 ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കുമെന്ന് മുംബൈയിലെ ബി.ജെ.പി മേധാവിയും എം.എല്‍.എയുമായ ആശിഷ് ഷെലാര്‍.ജയില്‍ മോചിതനാകാൻ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയെന്ന് രാഹുല്‍ ഗാന്ധി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സവര്‍ക്കറെ രാഹുല്‍ ഗാന്ധി നിരന്തരം അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധി സംസാരിക്കുന്ന വേദിക്ക് സമീപം ഇന്ന് വൈകുന്നേരം ബി.ജെ.പി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷെലാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്‍റെ മൂന്നാമത്തെ യോഗം ഇന്നും നാളെയുമായി മുബൈയില്‍ നടക്കുകയാണ്. ഇതില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടാകുമെന്ന് ആശിഷ് ഷെലാര്‍ അറിയിച്ചത്.

👀 സെപ്റ്റംബര്‍ 18 മുതല്‍ 22വരെ പാര്‍ലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച്‌ ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍.17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച്‌ വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച്‌ പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാല്‍ അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ വെളിപ്പെടുത്തിയിട്ടില്ല.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത്. ഇത് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനമാകാനും വഴിയില്ല. പുതുതായി എന്തെങ്കിലും ബില്ല് പാസാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ജി20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതടക്കം നിരവധി കാര്യങ്ങള്‍ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതിനിടെ ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ കുറിച്ച്‌ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണോ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം എന്നും സംശയമുണ്ട്.

👀അഞ്ചു ദിവസത്തേക്ക് വിളിച്ചുചേര്‍ത്ത പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് അവതരിപ്പിക്കാനാണെന്ന് സൂചന.സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ വിളിച്ചുചേര്‍ത്ത സമ്മേളനത്തിന്‍റെ അജണ്ട കേന്ദ്രം പുറത്തുവിട്ടിട്ടില്ല.ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ആശയം നടപ്പാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ പൂര്‍ണസജ്ജമാണെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. 17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച്‌ വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച്‌ പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാല്‍ അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുന്നത് നിലവില്‍ നിയമ കമീഷന്റെ പരിഗണനയിലാണ്. പരിഷ്കാരം ഖജനാവിനും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വലിയ സാമ്പത്തികലാഭം നല്‍കുമെന്നും സുരക്ഷാ, ഭരണ നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നുമാണു സര്‍ക്കാറിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രത്യേക സമ്മേളനം.നിലവില്‍ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സര്‍ക്കാറുകളുടെ കാലാവധി തീരുന്നതിനനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുന്നതിന് പ്രായോഗിക തടസ്സങ്ങള്‍ ഏറെയുണ്ട്. ജൂലൈ 20 മുതല്‍ ആഗസ്റ്റ് 12 വരെയായിരുന്നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. മണിപ്പൂര്‍ കലാപത്തില്‍ മോദിസര്‍ക്കാര്‍ മൗനം പാലിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് ആ സമ്മേളനം വേദിയായി.

👀 പൊതുപ്രവര്‍ത്തകര്‍ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും മദ്രാസ് ഹൈകോടതി.അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് എച്ച്‌. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റര്‍ ചെയ്ത 11 എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി തള്ളി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം പറഞ്ഞത്.ദ്രാവിഡ സൈദ്ധാന്തികൻ പെരിയാര്‍ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എംപി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് (എച്ച്‌ആര്‍&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കെതിരെ എച്ച്‌. രാജ 2018ല്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ് കേസിനാസ്പദമായത്.

👀സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച്‌ വഞ്ചിതരാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ചോദിക്കുന്നതായും ആരും വിവരങ്ങള്‍ നല്‍കരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കി.

👀മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച്‌ എം.എല്‍.എ വിരേന്ദ്ര രഘുവൻഷി.പാര്‍ട്ടിയില്‍ നിന്നും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പാര്‍ട്ടിയില്‍ നിന്നും താൻ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും വേദനയെക്കുറിച്ചും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബോധിപ്പിച്ചിരുന്നുവെന്നും എന്നാല്‍ തന്‍റെ പ്രശ്നങ്ങള്‍ ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ജ്യോതിരാധിത്യ സിന്ധ്യയേയും അദ്ദേഹം വിമര്‍ശിച്ചു. 2020ല്‍ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് സിന്ധ്യ കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുന്നതിനെ കുറിച്ച്‌ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം വിഷയത്തെ കുറിച്ച്‌ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും രഘുവൻഷി പറഞ്ഞു.

👀ഇന്ത്യയിലെ കുത്തക മുതലാ‍ളിയായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ പുറത്ത്.തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മമായ ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിങ് പ്രോജക്‌ട് (ഒ.സി.സി.ആര്‍.പി) ആണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടര്‍മാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് തായ് വാൻ, യു.എ.ഇ സ്വദേശികള്‍ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആര്‍.പി വെളിപ്പെടുത്തുന്നു. അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിൻഡൻബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. ഇത് ആഗോള തലത്തില്‍ വലിയ ചലനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ചു. കൂടാതെ, അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ കനത്ത ഇടിവിന് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ കാരണമാവുകയും ചെയ്തു. ആദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ കമ്പനിയുമായി ബന്ധമുള്ള ആളുകള്‍ തന്നെ വാങ്ങുകയും ഓഫ്ഷോര്‍ കമ്പനികള്‍ വഴി ഓഹരി മൂല്യം ഉയര്‍ത്തിയെന്നുമായിരുന്നു ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് ഒ.സി.സി.ആര്‍.പി വെളിപ്പെടുത്തൽ.സാഹചര്യ തെളിവുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള അനുമാനങ്ങളാണ് ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടിലെ അനുമാനങ്ങള്‍ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ചത്. 2010നും 2013നും ഇടക്ക് അദാനി പവര്‍ മഹാരാഷ്ട്രക്കും അദാനി പവര്‍ രാജസ്ഥാനും വേണ്ടി പവര്‍ എക്യുപ്മെന്‍റുകള്‍ ചൈന, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, എക്യുപ്മെന്‍റുകള്‍ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇൻവോയ്സുകള്‍ ദുബൈയിലെ വിനോദ് അദാനിയുടെ കമ്ബനിയിലേക്കാണ് അയച്ചത്. ഈ കമ്പനി പണം കൂടുതല്‍ കാണിച്ച്‌ ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ (ഡി.ആര്‍.ഐ) കേസായിരുന്നു ഇത്.
2014 മെയ് 14ന് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസില്‍ ഡി.ആര്‍.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കേസില്‍ അന്വേഷണം നടന്നില്ല. തുടര്‍ന്ന് ഡി.ആര്‍.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസില്‍ ക്ലീൻ ചിറ്റ് നല്‍കി.
നാലായിരം കോടി രൂപ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കും തുടര്‍ന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആര്‍.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൗറീഷ്യസില്‍ നിന്ന് പണം ആരുടെ പക്കല്‍ പോയെന്നാണ് ഒ.സി.സി.ആര്‍.പി കണ്ടെത്തിയിട്ടുള്ളത്.
മൗറീഷ്യസില്‍ എത്തിയ പണത്തില്‍ 100 മില്യൻ () വിനോദ് അദാനി രൂപകരിച്ച രണ്ട് കമ്പനികളില്‍ ഒരെണ്ണം മറ്റേ കമ്ബനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ച രേഖകള്‍ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളില്‍ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്. ഈ 100 മില്യൻ ബര്‍മൂഡയിലുള്ള ഗ്ലോബല്‍ ഓപ്പര്‍ച്യുനിറ്റി ഫണ്ടില്‍ നിക്ഷേപിച്ചു. ആ ഫണ്ട് പിന്നീട് മൗറീഷ്യസിലേക്ക് തിരികെ കൊണ്ട് വന്ന് മറ്റൊരു ഫണ്ടില്‍ നിക്ഷേപിച്ചു. ഈ ഫണ്ട് അദാനി കമ്പനിയുടെ ഓഹരി വാങ്ങിക്കാൻ ഉപയോഗിച്ചെന്നും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അംഗമായ മാധ്യമപ്രവര്‍ത്തകൻ രവി നായര്‍ ചൂണ്ടിക്കാട്ടുന്നു.അദാനിയുടെ സ്ബസിഡീയറി കമ്പനികളില്‍ ഡയറക്ടറായിരുന്ന ചാങ് ചുങ് ലിങ് ആണ് ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നാസര്‍ അലി ഷഹബാൻ അലിയും അദാനിയുടെ വ്യാപാര പങ്കാളിയാണ്. 2000-2004ലും ഇടക്ക് വജ്ര കയറ്റുമതിയില്‍ തിരിമറി നടത്തി കോടികള്‍ സമ്പാദിച്ചെന്ന ഡി.ആര്‍.ഐ കേസില്‍ ചാങ് ചുങ് ലിങ്ങിന്‍റെയും നാസര്‍ അലി ഷഹബാൻ അലിയുടെയും പേരുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഈ കേസിലും ക്ലീൻ ചിറ്റ് നല്‍കി.

👀അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ പുറത്തായതിന് പിന്നാലെ അദാനി ഓഹരികളില്‍ വൻ ഇടിവ്.വിപണി മൂലധനത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികള്‍ രേഖപ്പെടുത്തിയത്.
അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്ട്സ്, അദാനി പവര്‍, അദാനി എനര്‍ജി സോലൂഷൻസ്, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എൻ.ഡിടിവി, സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് തിരിച്ചടി നേരിട്ടത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപയിലെത്തി. അദാനി പോര്‍ട്ട്സ് 2.92 ശതമാനം ഇടിഞ്ഞ് 795.10 രൂപയിലും അദാനി പവര്‍ 4.45 ശതമാനം ഇടിഞ്ഞ് 313.80 രൂപയിലുമെത്തി. അദാനി എനര്‍ജി സൊല്യൂഷൻസ് (അദാനി ട്രാൻസ്മിഷൻ) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീൻ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, എൻ.ഡി.ടി.വി എന്നിവ 3.2 ശതമാനം വരെയും ഇടിഞ്ഞു. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മമായ ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിങ് പ്രോജക്‌ട് (ഒ.സി.സി.ആര്‍.പി) ആണ് പുറത്തുവിട്ടത്. തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍.

👀 അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിങ് പ്രോജക്ടിന്‍റെ (ഒ.സി.സി.ആര്‍.പി) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി വിശദീകരിക്കണമെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേതാണെന്ന് ചോദിച്ച രാഹുല്‍, അന്വേഷണം നടക്കാത്തത് പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലാത്തതിനാലാണെന്ന് കുറ്റപ്പെടുത്തി. വിദേശ പൗരന്മാര്‍ എന്തിന് അദാനി ഗ്രൂപ്പില്‍ തന്നെ പണം നിക്ഷേപിച്ചെന്നും ഇതില്‍ ഗൗതം അദാനിയുടെ സഹോദരന്‍റെ പങ്ക് എന്തെന്നും അദ്ദേഹം ചോദിച്ചു. ജി20 ഉച്ചകോടി നടക്കാനിരിക്കെയുള്ള പുതിയ റിപ്പോര്‍ട്ട് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചു.എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് നിര്‍ദേശിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നത്? ഈ വിഷയം അന്വേഷിച്ച്‌ ഉത്തരവാദികളെ ജയിലില്‍ അടക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണ്? ജി 20 നേതാക്കള്‍ ഇവിടെ വരുന്നതിന് തൊട്ടുമുമ്പ് ഇത് ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വളരെ ഗൗരവമായ ചോദ്യമാണ് പുതിയ റിപ്പോര്‍ട്ട് ഉയര്‍ത്തിയിരിക്കുന്നത് -രാഹുല്‍ പറഞ്ഞു.

👀 മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിലേക്ക് കൂടുതല്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗമാകുമെന്ന് റിപ്പോര്‍ട്ട്.മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ് അംഗമാവുക. ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനില്‍ ദേശായിയാണ് പുതിയ പാര്‍ട്ടികള്‍ അംഗമാകുന്ന വിവരം അറിയിച്ചത്.പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് അംഗമാവുന്നതെന്നും ഇതോടെ ഇൻഡ്യ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണം 26ല്‍ നിന്ന് 28 ആയി ഉയരുമെന്നും അനില്‍ ദേശായി വ്യക്തമാക്കി. അതേസമയം, ചെറുതും വലുതുമായ ഏഴിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് കോണ്‍ഗ്രസ് എം.പി നസീര്‍ ഹുസൈനും വ്യക്തമാക്കി.

👀 2014 ല്‍ അധികാരത്തില്‍ വന്നവര്‍ 2024 ല്‍ പുറത്തുപോകുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു.ഇൻഡ്യ സഖ്യത്തിന്റെ യോഗങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതില്‍ സന്തോഷമുണ്ട്. സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്ത് പോകുമെന്നും ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുജനത്തെ ഒറ്റിക്കൊടുത്തവരെ 2024ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും പ്രതിപക്ഷ സഖ്യം ഇൻഡ്യയുടെ യോഗത്തില്‍ പങ്കെടുക്കാൻ സൈഫയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാദവ് പറഞ്ഞു.സംസ്ഥാനത്ത് നിന്ന് 80 എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

👀 ഇൻഡ്യ മുന്നണിയുടെ പ്രാഥമിക ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുക എന്നതാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. രാജ്യത്തെയും ഭരണഘടന, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയേയും സംരക്ഷിക്കുകയാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഒന്നിച്ച്‌ പോരാടേണ്ടതുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തും.മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംസ്ഥാനതലത്തിലായിരിക്കും. നേതൃത്വത്തെ കൂട്ടായി തീരുമാനിക്കാനുള്ള കഴിവുണ്ടെന്നും അതൊരു പ്രശ്നമാകില്ലെന്നും ഡി. രാജ കൂട്ടിച്ചേര്‍ത്തു.

👀സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താല്‍കാലികമെന്ന് കേന്ദ്ര സര്‍ക്കാര്‍.സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയാറാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാരും തയാറാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. വോട്ടര്‍പട്ടിക പൂര്‍ത്തിയായി കഴിഞ്ഞെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്‍റെ സുപ്രധാന തീരുമാനങ്ങളെയും 370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിലുണ്ടായ മാറ്റങ്ങളെയും കുറിച്ചാണ് തുഷാര്‍ മേത്ത സുപ്രീംകോടതിയിലെ വാദത്തിനിടെ വിവരിച്ചത്. 2018ല്‍ ജമ്മു കശ്മീരില്‍ 1767 കല്ലേറുകളാണ് ഉണ്ടായത്. നിലവില്‍ കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2018ല്‍ മാത്രം 52 ഹര്‍ത്താലുകളോ ബന്ദുകളോ നടന്നിരുന്നെങ്കില്‍ ഇപ്പോഴില്ല. 1.08 കോടി വിദേശ, സ്വദേശ വിനോദ സഞ്ചാരികള്‍ കശ്മീര്‍ സന്ദര്‍ശിച്ചു. സാമൂഹിക, സാമ്പത്തിക ഉന്നതിയിലേക്ക് പ്രദേശം മാറി കൊണ്ടിരിക്കുന്നു. വിദേശ സഹയാത്തോടെയാണ് കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനം 45 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.

👀ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിനും 10നും നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാൻ സാധ്യതയില്ല. പകരം പ്രധാനമന്ത്രി ലി ക്വയാങ്ങിനെ അയക്കുന്ന കാര്യം ചൈന പരിശോധിക്കുകയാണ്. അതിര്‍ത്തി സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും തമ്മില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷിയുടെ പിൻമാറ്റമെന്നാണ് റിപ്പോര്‍ട്ട്.ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുക്കുന്നത്. പൊലീസിന് കൂടുതല്‍ ഉപകരണങ്ങളും നല്‍കും.ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകള്‍ ഇന്‍റലിജൻസ് സമര്‍പ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിര്‍ത്തിക്കടുത്ത നിര്‍മാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

👀ഉത്തര്‍പ്രദേശില്‍ ‘എന്നെ വെടിവെക്കരുത്’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പൊലീസില്‍ കീഴടങ്ങി കവര്‍ച്ചാകേസിലെ പ്രതി.”ഞാൻ കീഴടങ്ങാൻ വന്നതാണ്, എന്നെ വെടിവെക്കരുത്” എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് കവര്‍ച്ചാകേസിലെ പ്രതിയായ അങ്കിത് വര്‍മ പൊലീസ് സ്റ്റേഷനിലെത്തിയത്. ഛാപിയ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവാവ് കീഴടങ്ങിയത്. ഇയാള്‍ കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്നു.

👀ജി20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഖലിസ്താൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍.നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രവര്‍ത്തകനായ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്.

👀ഛര്‍ദ്ദിക്കാൻ വേണ്ടി ബസില്‍ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച്‌ മരിച്ചു.ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്.

 അന്താരാഷ്ട്രീയം 

👀 വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോഷിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ആഫ്രിക്കയില്‍നിന്നുള്ള ഹ്രസ്വ വിഡിയോ ടെലഗ്രാം ചാനലിലെ വാഗ്നര്‍ഗ്രൂപ്പിന്റെ ലിങ്ക് വഴിയാണ് പ്രചരിച്ചത്. തന്നെകുറിച്ചും തനിക്കെതിരായ ഭീഷണികളെ കുറിച്ചുമാണ് പ്രിഗോഷിൻ വിഡിയോയില്‍ സംസാരിക്കുന്നത്. സൈനിക വേഷവും തൊപ്പിയും ധരിച്ചാണ് പ്രിഗോഷിനെ കാണുന്നത്. അദ്ദേഹത്തിന്റെ വേഷത്തിനും ഭാവത്തിനും അനുയോജ്യമായ ഒരു പശ്ചാത്തലമാണുള്ളത്.”ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ, ഞാൻ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് വേണ്ടിയാണിത്. 2023 ആഗസ്റ്റ് രണ്ടാം പകുതിയായ ഇപ്പോള്‍ വാരാന്ത്യമാണ്, ഞാനിപ്പോള്‍ ആഫ്രിക്കയിലാണുള്ളത്.”-എന്നാണ് പ്രിഗോഷിൻ വിഡിയോയില്‍ പറയുന്നത്.അതിനാല്‍ എന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക്, ഞാൻ എത്രമാത്രം സമ്പാദിക്കുന്നു അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരോട് പറയാനുള്ളത് എല്ലാം നല്ല രീതിയില്‍ പോകുന്നു എന്നാണ്.-പ്രിഗോഷിൻ തുടര്‍ന്നു.

👀 ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലെ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപ്പിടിത്തത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 64 മരണം.43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ടെന്ന് എമര്‍ജൻസി മാനേജ്മെന്റ് സര്‍വീസസ് അറിയിച്ചു.തീപിടിത്ത വിവരമറിഞ്ഞയുടൻ അഗ്നിരക്ഷ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തീപ്പിടിത്തത്തിന് കാരണമെന്താണെന്ന് മനസിലായിട്ടില്ല.

👀 ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിനും 10നും നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാൻ സാധ്യതയില്ല. പകരം പ്രധാനമന്ത്രി ലി ക്വയാങ്ങിനെ അയക്കുന്ന കാര്യം ചൈന പരിശോധിക്കുകയാണ്. അതിര്‍ത്തി സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും തമ്മില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷിയുടെ പിൻമാറ്റമെന്നാണ് റിപ്പോര്‍ട്ട്.ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുക്കുന്നത്. പൊലീസിന് കൂടുതല്‍ ഉപകരണങ്ങളും നല്‍കും.ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകള്‍ ഇന്‍റലിജൻസ് സമര്‍പ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിര്‍ത്തിക്കടുത്ത നിര്‍മാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

👀 ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോര്‍ഗസ്(33) ഇരട്ട ഹൃദയാഘാതം വന്ന് മരിച്ചു. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ലാരിസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാര്‍ത്ത പുറത്തുവിട്ടത്.ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ അവര്‍ കോമയിലായി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.അവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഫിറ്റ്നസ്, ഫാഷൻ, യാത്ര വിവരങ്ങെളല്ലാം ലാരിസ ഇൻസ്റ്റഗ്രാമില്‍ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമില്‍ 30,000 ഫോളോവേഴ്സ് ആണ് ഇവര്‍ക്കുള്ളത്.

കായികം, സിനിമ 

👀ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്.ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (89) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി.

👀ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയ ഡിഫൻഡര്‍ ഡി 90 യുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.കേരളത്തിലെ ആദ്യ ഡിഫൻസര്‍ ഡി 90 ആണ് താര ദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. നികുതിമാത്രം 46 ലക്ഷം വരും. 2.70 കോടിയാണ് വാഹനത്തിന്റെ ഓണ്‍റോഡ് പ്രൈസ്.അടുത്തിടെ ബിഎംഡബ്ല്യു 740ഐ താരം തന്റെ ഗാരേജിലെത്തിച്ചിരുന്നു. പോര്‍ഷെയും മിനി കണ്‍ട്രിമാനും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറുമാണ് ഫഹദിന്റെ വാഹനശ്രേണിയിലെ മറ്റു വമ്പൻമാര്‍.

👀 ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവും എം.പിയുമായ രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയത്തെ ഏറെ സ്നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗത്തിനായി മുബൈയിലെത്തിയ ഛദ്ദയും പരിനീതിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്.രണ്ട് ദിവസത്തേക്ക് മുംബൈയിലെത്തിയതായിരുന്നു ഛദ്ദ. മെഹ്ബൂബ് സ്റ്റുഡിയോയില്‍ പരിനീതി അഭിനയിക്കുന്ന പരസ്യത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.ഇരുവരുടേയും വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 25ന് വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല.

👀സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബാള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. പി.കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍.2018ല്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ പരിശീലകൻ സതീവന്‍ ബാലൻ ആയിരുന്നു.പരിശീലക സ്ഥാനത്തേക്ക് അഞ്ചുപേരെയാണ് കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്. കേരളത്തിന്റെ മുന്‍ കോച്ച്‌ ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച്‌ ടി.ജി പുരുഷോത്തമന്‍, മുന്‍ കര്‍ണാടക കോച്ച്‌ ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ്.സി പരിശീലകൻ ഷഫീഖ് ഹസ്സന്‍ എന്നിവരാണ് സതീവൻ ബാലന് പുറമെ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത്.ക്യൂബയില്‍ പോയി ആറുവര്‍ഷം കായിക വിദ്യാഭ്യാസം പഠിച്ച സതീവൻ, 1995ലാണ്‌ പരിശീലക കുപ്പായമണിഞ്ഞത്.

👀കസാഖിസ്ഥാനില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ മൂവാറ്റുപുഴ സ്വദേശിനിക്ക് സ്വര്‍ണം. 80 കിലോക്ക് മുകളിലുള്ള വിഭാഗത്തില്‍ ഇടതുകൈക്ക് വെള്ളിമെഡലും വലതു കൈക്ക് സ്വര്‍ണമെഡലും നേടിയാണ് 55കാരിയായ മൂവാറ്റുപുഴ സ്വദേശിനി ഫെസി മോട്ടി ഒന്നാമതായത്.മൂവാറ്റുപുഴ കാട്ടുകുടിയില്‍ പരേതനായ ജോര്‍ജിന്‍റെയും കുഞ്ഞമ്മ ജോര്‍ജിന്‍റെയും മകളും അന്തരിച്ച മുൻ കോണ്‍ഗ്രസ് നേതാവ് പി.പി. മോട്ടിയുടെ ഭാര്യയുമാണ് ഫെസി മോട്ടി. 18 അംഗ സംഘമാണ് കേരളത്തില്‍നിന്നുള്ളത്. ഇതില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടാൻ കഴിഞ്ഞത് ഫെസിക്ക് മാത്രമാണ്. 2017ല്‍ തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് സംസ്ഥാന മീറ്റില്‍ ഫെസി മൂന്ന് സ്വര്‍ണമെഡല്‍ നേടിയിരുന്നു. 45-50 പ്രായക്കാരുടെ വിഭാഗത്തില്‍ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളിലാണ് മെഡലുകള്‍ നേടിയത്. 2017ലും 2018ലും ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളില്‍ ചാമ്പ്യനാണ്. 2019ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മത്സരത്തില്‍ ഹാമര്‍ ത്രോയില്‍ നാലാംസ്ഥാനം നേടി.

sponcerd redmedia

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6