
ജീവിത പാന്ഥാവിൽ ഏവരും സ്വാർത്ഥതയുടെ മുഖമുദ്രയാണ് അണിയാൻ താൽപ്പര്യം. സ്വന്തം നേട്ടത്തിനായി, സ്വയം നേടുമ്പോൾ അപരനു ദോഷം വന്നു ചേരണമെന്ന ചിന്തയിൽ ജീവിക്കുന്നു. അസൂയയും കുശുമ്പും വച്ചു പുലർത്തുന്നു. മൃഗത്തേക്കാളും അധഃപതനവും ചിന്താരഹിതനുമായി മാറുന്നു. ഒരു വെട്ട് രണ്ടു കഷ്ണം എന്ന മാതിരി സ്വഭാവം. ആരോടും അനുകമ്പയോ ദയയോ കാരുണ്യമോ ത്യാഗമോ കാട്ടില്ല. സ്വന്തം കാര്യത്തിനപ്പുറം ഒന്നുമില്ല. സ്വന്തം വിജയം ഘോഷിക്കും. മറ്റുള്ളവരുടെ വിജയം സഹിക്കില്ല. ഇത്തരം അവസ്ഥ മനുഷ്യൻ എന്ന പദത്തിനു യോഗ്യനല്ലാ എന്നു ഞാൻ പറഞ്ഞീടുകിൽ നെറ്റി ചുളിക്കരുത്. ഏതു ജീവിതത്തിനും ചില അടിസ്ഥാന ഘടകങ്ങൾ ചേർന്നു വന്നാലെ ആ ജീവതത്തിനു ഭംഗി തോന്നുകയുള്ളൂ. അർത്ഥമില്ലെങ്കിൽ അത് വ്യർത്ഥമായി മാറുന്നു. ചത്തതിലൊക്കുമേ ജീവിക്കുക എന്ന നിലവാരം ഉപേക്ഷിച്ചേ പറ്റൂ. അതിനായി നാം പരിവർത്തനവിധേയനാകണം. സ്വയമോ അഭ്യസിച്ചൊ മാറാനാകും. ഭാരത സംസ്ക്കാരം മനോധർമ്മങ്ങളെ അനുശാസിക്കുന്നു. അതിലൂടെ ആത്മാർത്ഥ പഠനത്തിനു സ്വയം തയ്യാറായാൽ തീർച്ചയായും മനസ്സിൻ്റെ നിർമ്മലാവസ്ഥ കൈവരിക്കാനാവും. അതിനു കഴിയാത്തവർ ആചാര്യന്മാരെ കണ്ടെത്തണം. ലക്ഷ്യം മഹത്വമാക്കണമെങ്കിൽ അതിനായി പരിശ്രമം അവശ്യമത്രെ. പരിശ്രമിച്ചീടുകിൽ ഫലം തീർച്ച. നന്മയുടെ വഴിമാത്രം ചിന്തിക്കുക പ്രവർത്തിക്കുക. അതു നമ്മളെ, നമ്മുടെ മനസ്സിനെ, സ്വഭാവത്തേ ഒക്കെ മാറ്റിമറിക്കും. ഒരുവൻ പൂർണ്ണതയിലെത്തുവാൻ നന്മയുടെ കടമ്പകൾ ഒത്തിരി കടക്കണം. അതിനായി ആത്മസംയമനം വേണം. ആത്മസംയമനം ഉള്ളിടത്ത് മതിയാവോളം ക്ഷമിക്കാനുള്ള കഴിവു വന്നു ചേരും. നമുക്ക് ക്ഷമിക്കാനുള്ള കഴിവ് ആർജ്ജിക്കുന്നിടത്ത് ഏതു കീറാമുട്ടിയും എളുപ്പം അഴിക്കാനാകും. സമരിയാക്കാനാകും. ഏതു പ്രശസ്തരേയും എടുത്തു നോക്കു, ഏതു നേതൃത്വങ്ങളെയും എടുത്തു നോക്കു ക്ഷമയെന്ന പരിവേഷം അവരുടെ സ്വഭാവമായിരിക്കും. നാം എന്തു ചെയ്താലും ആ പ്രവൃത്തി മറ്റൊരാൾക്കു് ദോഷം ഭവിക്കരുത്. കഴിയുമെങ്കിൽ ഒരു നല്ല പ്രവൃത്തിയെങ്കിലും മറ്റൊരാൾക്ക് ആശ്വാസമാകുന്ന രീതിയിൽ ചെയ്തു തീർക്കുക. ആരുടെ വിജയങ്ങളിലും സ്വന്തം വിജയം പോലെ ദർശിക്കുക. പ്രവർത്തിക്കുക. നാം ഈശ്വരനെ സാക്ഷിപ്പെടുത്തി ചെയ്യുന്ന കർമ്മങ്ങൾ പുണ്യ പ്രവർത്തനങ്ങളായി പരിലസിക്കും. ഈശ്വരസാക്ഷാത്കാരമത്രെ പരമമായ മനുഷ്യൻ്റെ ലക്ഷ്യം. അതു സാധ്യമാകുക വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സംസാരങ്ങൾ കൊണ്ടോ ആരെയും നോവിക്കാതെ മാനവ സേവയ്ക്കു പ്രാപ്തനാകുക. അതാകട്ടെ ഏവരുടേയും ഇന്നത്തെ പ്രതിജ്ഞ. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.