
എന്താണ് സുഖം? എന്താണ് സന്തോഷം?
വ്യക്തമായിട്ട് നിർവ്വചിക്കാൻ കഴിയാത്ത അവസ്ഥാന്തരമത്രെ സുഖവും സന്തോഷവും. സുഖം തന്നയോ സന്തോഷം എന്നു ചോദിക്കുന്നവരുണ്ട്. സുഖത്തിലൂടെ സന്തോഷം അനുഭവിക്കാനാകുന്നു എന്നു പറയുന്നവരുമുണ്ട്. ഒരു കാര്യം തീർച്ചയാണ്. സുഖവും സന്തോഷവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. സുഖത്തിൽ മനസ്സിൻ്റെ സുഖവും ശരീരത്തിൻ്റെ സുഖവും കാണുന്നു. മനസ്സിനു സുഖം അനുഭവിക്കണമെങ്കിൽ ശരീരസുഖം വേണം. ശരീര സുഖത്തിനായിട്ട് ആരോഗ്യം വേണം. ആരോഗ്യമുള്ള ശരീരത്തിലെ പ്രൗഢമായ മനസ്സിരിച്ചൂ. പ്രൗഢമായ മനസ്സിൽ സദ്ചിന്തകൾ ജനിക്കും. സദ്ചിന്തകളിലൂടെ സദ്പ്രവൃത്തികൾ ചെയ്യാനാകും. പ്രവൃത്തികൾ നല്ലതെങ്കിൽ വിളവുകൾ നന്മകളായിരിക്കും. നന്മ കൊയ്യുമ്പോൾ മനുഷ്യത്വം പൂത്തുല്ലസിക്കും. മനുഷ്യത്വമുള്ളിടത്ത് ഈശ്വരസ്പർശനം അനുഭവിക്കും. ഈശ്വരൻ ഉള്ളിൽ കുടികൊണ്ടാലവിടെ ആനന്ദം അനുഭവിക്കാനാകും. എന്താണീ ആനന്ദം. സന്തോഷാത്മകമായി മനസ്സിരിക്കുക എന്നതാണ് ആനന്ദം. അതായത് സദാശിവനായിരിക്കുക. സദാ ശിവത്വം നിറഞ്ഞു നിൽക്കുന്നിടത്ത് സുഖവും സന്തോഷവും പ്രകടമാകും. അതിനായിട്ട് ചിന്തിക്കൂ, പ്രവർത്തിക്കു, തീർച്ചയായും ആ അവസ്ഥയിലൂടെ ജീവിക്കുക പരമാനന്ദപ്രദമായിരിക്കും. വെണ്ണയ്ക്ക് തൂവെള്ള നിറം. വെണ്ണയാണ് സുഖമെങ്കിൽ വെണ്ണ ഉരുകിയ നെയ്യാണ് സന്തോഷം. സുഖത്തിൽ വെണ്ണ രുചിക്കും, നെയ്യിൽ രുചിക്കൊപ്പം നറു സുഗന്ധവും എന്ന പോലെയത്രെ സന്തോ ഷം. പലരും കരുതുന്നത് തിന്നുകയെന്നതിലാണ് സുഖവും സന്തോഷമെന്ന്. മറ്റു ചിലർ കുടിക്കുക, മദിക്കുക, രമിക്കുക, ഉറങ്ങുകയൊക്കെയാണ് സുഖവും സന്തോഷവും എന്നു കരുതുന്നു. ഇതിലൊന്നും സുഖസന്തോഷമില്ല. തുടർച്ചയായി അനുഭവിക്കുന്തോറും അതിൽ വിരക്തി ഉണ്ടാകുന്നുവെങ്കിൽ അതിൽ സുഖവും സന്തോഷവും പറയാനാകില്ല. ഇന്ദ്രിയസുഖവും വിഷയസുഖങ്ങളും താൽക്കാലികമത്രെ. ശാശ്വതമായ സുഖം ആത്മസുഖമാണ്. ആത്മസുഖം മാത്രമേ പരമാനന്ദം നൽകൂ. അതിനഭ്യാസം വേണം. സാധനയിലൂടെ നേടാനാകുന്ന സുഖവും സന്തോഷവും ഈശ്വരസാക്ഷാത്ക്കാരത്തിൻ്റെ നിർമ്മലമായ അനുഭവ നിർവൃതിയത്രെ. ശാന്തിയും സമാധാനവും നിലനിൽക്കുന്നിടത്ത് സുഖവും സന്തോഷവും നമ്മളെ പുണർന്നു നിൽക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന : –
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob . 9867242601
No Comment.