2023 | ഫെബ്രുവരി 3 | വെള്ളി |

സംസ്ഥാന ബജറ്റ് ഇന്ന്.
കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഒഴിവാക്കാനാണു സാധ്യത.
കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ജനരോഷ കൊടുങ്കാറ്റില്‍ കരിയിലപോലെ യുഡിഎഫ് പറന്നുപോകുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
ഓഹരി വിൽപ്പന അദാനി ഗ്രൂപ്പ് റദ്ദാക്കി; നിക്ഷേപകർക്ക് തുക തിരിച്ചു നൽകും
ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്ന രണ്ട് കമ്പനികൾ തിങ്കളാഴ്ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപനയിൽ പങ്കാളികളായതായി റിപ്പോർട്ട്. ഈ ഓഹരി വിൽപന അദാനി ഗ്രൂപ്പ് റദ്ദാക്കി. നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എലാറ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ എലാറ ക്യാപിറ്റൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യൻ ബ്രോക്കറേജ് സ്ഥാപനമായ മൊണാർക്ക് നെറ്റ്വർത്ത് ക്യാപിറ്റലും അദാനി ഗ്രൂപ്പിന്റെ ഓഹരി വില്പനയുടെ ഓഫർ കരാറിൽ അദാനി എന്റർപ്രൈസസ് വെളിപ്പെടുത്തിയ 10 പങ്കാളികളിൽ രണ്ടുപേരാണ്. ഈ റിപ്പോർട്ട് വന്നതോടെയാണ് അദാനി എന്റർപ്രൈസസ് ഓഫർ റദ്ദാക്കി, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് അറിയിച്ചത്.
വാഹന പരിശോധനക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന് അപമാനിച്ചെന്നു പരാതി.
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും പരാതി നല്‍കിയത്.
സ്വർണമിശ്രിതം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 95 ലക്ഷം രൂപ വിലമതിക്കുന്ന 1.783 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് തലയാട് സ്വദേശിയായ പാറക്കൽ ഇർഷാദിൽ (31) നിന്നും 831 ഗ്രാം സ്വർണമിശ്രിതവും, എയർ ഇൻഡ്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന കോട്ടോളിൽ അബ്ദുൽ റഹ്മാനിൽ (30 ) നിന്നും 952 ഗ്രാം സ്വർണമിശ്രിതവും ആണ് പിടികൂടിയത്.
വയനാട്ടിലേക്ക് തുരങ്കപാത
വയനാട്ടിലേക്ക് തുരങ്കപാത പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഫോറസ്റ്റ് ക്ലിയറന്‍സിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്. ടി സിദ്ദിഖിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില്‍ തുരങ്കപാത, ചുരം റോഡ്, പര്‍വ്വത് മാല പദ്ധതി എന്നിവയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രിയുടെ പേര്
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പേര്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ കസ്റ്റഡയിലുള്ള എഎപിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ്ജും മലയാളിയുമായ വിജയ് നായരുടെ മൊഴിയെ ഉദ്ധരിച്ചാണ് പേര് പരമാർശിച്ചിരിക്കുന്നത്.എന്നാൽ കുറ്റപത്രത്തിൽ കെജ്രിവാളിനെ പ്രതിയാക്കിയിട്ടില്ല.
ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ചു, പരക്കെ അക്രമം
ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വൻ പ്രതിഷേധം. റോഡ് ഉപരോധിച്ച നാട്ടുകാർ വാഹനങ്ങൾ ആക്രമിച്ചു. കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നു. കർണാടക അതിർത്തിയിൽ ഹൊസൂരിനുസമീപമുള്ള കൃഷ്ണഗിരി ഗോബസന്ദിരം ഗ്രാമവാസികൾ ജെല്ലിക്കെട്ടിന് അനുമതി തേടി ജില്ലാ ഭരണകേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ അനുമതി നൽകിയില്ല. പ്രദേശത്ത് വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ അനുമതി നൽകുകയും ചെയ്തു.
വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീകൾ കുടുംബ കോടതികളെ സമീപിക്കണം
വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീകൾ ശരീഅത്ത് കൗൺസിലിനെയല്ല, കുടുംബ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ‘ഖുല’ വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇസ്ലാമിൽ സ്ത്രീ മുൻകൈയെടുത്ത് വിവാഹമോചനം നേടുന്ന പ്രക്രിയയാണ് ഖുല. തന്റെ ഭാര്യക്ക് ശരീഅത്ത് കൗൺസിൽ നൽകിയ ഖുല സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് സി ശരവണന്റെ വിധി. തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി.
അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നോട്ടീസ്
ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണമെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി നോട്ടീസ് നൽകി.
കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിക്ക് ഭരണാനുമതി
കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിന് ഈ തുക ചെലവഴിക്കുമെന്ന് വ്യവസായ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി. ഇതിൽ 850 കോടി ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയാണ്. കിൻഫ്രയാണ് നോഡൽ ഏജൻസി.
മാധ്യമപ്രവർത്തകന് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനായി
നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകന് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ വൈകിയതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു. ലക്നൌ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു. ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിന് തുരങ്കം വെയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം തടയാൻ ബിജെപിയും കോൺഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെടുന്നെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളം കടക്കെണിയിലെന്ന് ബോധപൂര്‍വ്വം കുപ്രചരണം നടത്തുന്നു. കേന്ദ്രത്തിന്റെ അനുമതിയോടെയാണ് കോവിഡ് കാലത്ത് വായ്പയെടുത്തത്. കോൺഗ്രസ് അത് ധൂർത്തായി ചിത്രീകരിച്ചു. പ്രതിപക്ഷ കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനം
സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. 2012–13ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു, കേന്ദ്ര നയങ്ങൾ കാരണം പ്രതിസന്ധി വരും വർഷങ്ങളിൽ രൂക്ഷമായേക്കാം. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായി ഉയർന്നു.
സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള കേസ് വിജിലന്‍സ് കോടതി പരിഗണിക്കും
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് പരിഗണിക്കുക വിജിലന്‍സ് കോടതി. എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു.
റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നു. തൃശൂർ ഗണേശമംഗലം സ്വദേശി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. ഇവർ 20 വർഷമായി തനിച്ചാണ് താമസിച്ചിരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശമംഗലം സ്വദേശി ജയരാജൻ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലവിളി കേട്ടാണ് അയൽവാസികൾ എത്തിയത്. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല.
കൃഷി മന്ത്രി പി പ്രസാദിന്റെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചു
കൃഷി മന്ത്രി പി പ്രസാദിന്റെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ നേതൃത്വത്തെ യാത്രാ വിവരം അറിയിച്ചില്ലെന്നും പാർട്ടി ഇസ്രയേൽ യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിദേശയാത്ര റദ്ദാക്കിയത്. ഇസ്രയേൽ കാർഷിക മേഖലയെ പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 12 മുതൽ 15 വരെ യാത്ര നിശ്ചയിച്ചിരുന്നത്. കർഷകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, എന്നിവരാണ് സംഘത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.
ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചു
കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചു. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് പൂർണഗർഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുന്‍പായി കാർ കത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കാറിന്റെ പിന്‍ഭാഗത്തു നിന്നാണ് തീ പടർന്നത്. കാറിൽ ഒരു കുട്ടിയടക്കം 6 പേരുണ്ടായിരുന്നു. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഡോർ ജാമായതിനാൽ മുൻസീറ്റിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.
നിമിഷ പ്രിയക്ക് തിരിച്ചടി
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാക്കാൻ യെമന്‍ ക്രിമിനൽ പ്രോസിക്യൂഷന് മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടിക്ക് കാരണമായത്. ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങും എത്താത്തതിനാൽ ഇനിയുള്ള നാളുകൾ നിർണായകമാണ്. 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം നൽകേണ്ടി വരുമെന്ന് യെമൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
പിഴവ് സംഭവിച്ചെന്ന് സർക്കാർ കോടതിയിൽ
പിഎഫ്ഐ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ നടപടികൾ നേരിടേണ്ടി വന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിഎഫ് ഐ പ്രവർത്തകരുടെ വസ്തുക്കൾ കണ്ടുകെട്ടിയതുമായി സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശം. ചില സ്ഥലങ്ങളിൽ പിഴവ് സംഭവിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നും സർക്കാർ വിശദീകരണം.
കോൺക്രീറ്റ് മിക്സർ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു
ബെംഗളൂരു ബന്നാർഘട്ട റോഡിൽ കോൺക്രീറ്റ് മിക്സർ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമന്ത (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗായത്രി സാമന്തയെ സ്കൂളിലാക്കാന്‍ പോകുന്നതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു.
ഹർജി തള്ളി
സ്ഥാനാർത്ഥികൾ ഒരേ സമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. വിഷയം നിയമ നിർമ്മാണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു താൽപര്യ ഹർജി കോടതി തള്ളിയത്.
വിരമിച്ചവർക്കുള്ള ആനുകൂല്യം; സമയം നീട്ടില്ലെന്ന് ഹൈക്കോടതി
വിരമിച്ച കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 2 വർഷ സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ 4 മാസത്തിനുള്ളിൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയ്ക്ക് സമീപം നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
No Comment.