കേരളത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകമായിരുന്നു 2006-ലെ മൂന്നാർ ഹണിമൂൺ കൊലക്കേസ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം മധുവിധു ആഘോഷിക്കാൻ മൂന്നാറിലെത്തിയ നവവരനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണ് ഈ കേസ്.
ചെന്നൈ സ്വദേശിയായ അനന്തരാമൻ എന്ന മുപ്പതുകാരനായിരുന്നു ഈ കേസ്സിലെ ഇര. 2006 ജൂൺ ഏഴിനായിരുന്നു വിദ്യാലക്ഷ്മി എന്ന ഇരുപത്തിനാലുകാരിയുമായി അനന്തരാമന്റെ വിവാഹം നടന്നത്.
എന്നാൽ വിദ്യാലക്ഷ്മിയും അവരുടെ സഹപാഠിയായിരുന്ന ആനന്ദ് എന്ന യുവാവും തമ്മിൽ ഒൻപതാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങിയാണ് വിദ്യാലക്ഷ്മിക്ക് അനന്തരാമനുമായുള്ള വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്. വിവാഹശേഷം ഭർത്താവിനെ എന്നെന്നേക്കുമായി ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ വിദ്യാലക്ഷ്മി തീരുമാനിച്ചു. ഇതിനായി ഇരുവരും ചേർന്ന് വളരെ കൃത്യമായ ഒരു കൊലപാതക പദ്ധതി തയ്യാറാക്കി.

വിവാഹശേഷം ജൂൺ പകുതിയോടെ വിദ്യാലക്ഷ്മിയും അനന്ദരാമനും മധുവിധു ആഘോഷിക്കാൻ മൂന്നാറിലെത്തി.
എന്നാൽ വിദ്യാലക്ഷ്മിയുടെ അറിവോടെ ആനന്ദും സുഹൃത്ത് അൻപുരാജും ഇവർ പോകുന്നിടത്തെല്ലാം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു.
ജൂൺ 18-ന് കുണ്ടള ഡാമിന് സമീപമുള്ള വിജനമായ ഒരു പ്രദേശത്തേക്ക് വിദ്യാലക്ഷ്മി ഭർത്താവിനെ തന്ത്രപൂർവ്വം കൂട്ടിക്കൊണ്ടുപോയി.
കൃത്യമായ സ്ഥലം വിദ്യാലക്ഷ്മി മൊബൈൽ സന്ദേശത്തിലൂടെ കാമുകനെ അറിയിച്ചു. അവിടെയെത്തിയ ആനന്ദും സുഹൃത്തും ചേർന്ന് അനന്തരാമന്റെ കയ്യിലുണ്ടായിരുന്ന ക്യാമറയുടെ നൈലോൺ വള്ളി ഉപയോഗിച്ച് അയാളെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം നാട്ടുകാരായ രണ്ടുപേർ ഭർത്താവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വിദ്യാലക്ഷ്മി പൊലീസിന് നൽകിയ മൊഴി.
എന്നാൽ ഒരു ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലും ഒരു SMS സന്ദേശവുമാണ് കേസിൽ നിർണായകമായത്.
മൂന്നാറിൽ കാമുകൻ ആനന്ദിന്റെ മൊബൈലിന് റേഞ്ച് ഇല്ലാതിരുന്നതിനാൽ അൻപഴകൻ എന്ന ഓട്ടോ ഡ്രൈവറുടെ ഫോൺ ഇവർ താൽക്കാലികമായി ഉപയോഗിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപ് ഈ നമ്പറിലേക്ക് വിദ്യാലക്ഷ്മി അയച്ച
‘In Kundala Lake’ എന്ന SMS സന്ദേശമാണ് നിർണായക തെളിവായത്.
സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാലക്ഷ്മിക്കും കാമുകൻ ആനന്ദിനും കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂട്ടുപ്രതിയായ അൻപുരാജിനും ജീവപര്യന്തം തടവ് ലഭിച്ചു. ഈ ശിക്ഷ പിന്നീട് കേരള ഹൈക്കോടതിയും ഇന്ത്യൻ സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു
No Comment.