
ഇണക്കവും പിണക്കവും മനുഷ്യരിൽ സർവ്വസാധാരണമാണ്. സ്നേഹം ഉള്ളിടത്തേ ഇണക്കവും പിണക്കവും ഉണ്ടാകൂ. അധികസമയം ഇത്തരക്കാർക്ക് പിണങ്ങിയിരിക്കാനാകില്ല. മനസ്സിൻ്റെ നിർമ്മലം ഇണക്കത്തെ ഓമനിക്കും. എന്നാൽ പിണക്കം മെല്ലെ വിദ്വേഷമായും വിദ്വേഷം പകയായും മാറിയാൽ മനുഷ്യൻ മൃഗത്തേക്കാൾ മോശമായി മാറുന്നു. മൃഗങ്ങൾ ഇരയെ കൊല്ലുന്നതു പോലെ കടിച്ചുകീറി തച്ചു കൊന്ന് പക നിർവ്വഹിക്കുന്നു. പകയിൽ മനുഷ്യമനസ്സ് നിയന്ത്രണത്തിനും അപ്പുറമായിരിക്കും. ഇവിടെ കോപത്തിൻ്റെ സാന്നിദ്ധ്യം മനുഷ്യനെ അന്ധനാക്കുന്നു. അന്ധതയിൽ ചെയ്യുന്ന പ്രവൃത്തികൾ പകയുടെ വൈകൃതങ്ങളായിരിക്കും. അത് അനുഭവിക്കുന്നവർ കണ്ണീരും കയ്യുമായ് നിരാലംബരായി മാറുന്നത് കാണാം. പക ഒഴിവാക്കിയെ മതിയാവൂ. അതിനുള്ള മാർഗ്ഗങ്ങൾ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ആദ്യപടി മനസ്സിനെ നിയന്ത്രിക്കയാണ് വേണ്ടത്. അതിന് അറിവും ബോധവും ജ്ഞാനവും മനസ്സിൽ വളർത്തണം യോഗ ധ്യാനം മുതലായവ അതിന് ഗുണപ്രദമായിരിക്കും. നല്ല ചിന്തകൾ മനസ്സിൽ കാത്തു സൂക്ഷിക്കുമ്പൊൾ പകയ്ക്ക് സ്ഥാനമില്ലാതാകും. സങ്കീർത്തനങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ പഠിക്കുകയും പാരായണം ചെയ്യകയും ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്യുക ഉത്തമമായിരിക്കും. ദുഷ്ടതയെ അകറ്റി, ദുഷ്ട ചിന്തകളെ ഉപേക്ഷിച്ച് ജീവിക്കുവാൻ തയ്യാറെടുക്കുക. കോപവും വിദ്വേഷവും വർജ്ജിക്കുന്നതോടെ ശാന്തിയും സമാധാനവും മനസ്സിനെ ഭരിക്കും. ശാന്തിയും സമാധാനവും ഈശ്വര ചൈതന്യത്തിൻ്റെ മുഖമുദ്രയാണ്. അവിടെ സ്നേഹവും വാത്സല്യവും ദയയും കരുണയും ത്യാഗവും സഹനവും ഒക്കെ കാണാനാകും. ഇവയൊക്കെ കാത്തു സൂക്ഷിക്കുമ്പൊൾ പക പടിക്കു പുറത്ത് തന്നെ നിൽക്കും. ആത്മാവു കൊണ്ട് നമ്മളെല്ലാവരും സഹോദരങ്ങളാണ്’. നമ്മളെല്ലാവരും ധരിച്ചിരിക്കുന്ന ആത്മാവ് പരമാത്മാവിൻ്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ പകയിൽ ജനിക്കുന്ന പ്രവൃത്തികൾ പാപപങ്കിലമായിരിക്കും. പാപം ചെയ്യുന്നിടത്ത് ചെകുത്താൻ വസിക്കും. ഈശ്വരൻ വസിക്കണമെങ്കിൽ ധർമ്മബോധം വേണം. ധർമ്മബോധമുണ്ടെങ്കിൽ കർമ്മങ്ങളിൽ നന്മയെ കാണു. പകയൊഴുവാക്കി ഉത്തമ മനുഷ്യനായി ജീവിക്കുക ആനന്ദാത്മകമായിരിക്കും. തിരിച്ചറിവും ബോധവും അതിനായി മനുഷ്യനെ പ്രാപ്തനാക്കിയിരിക്കും. അപ്രാപ്യമായിട്ട് ഒന്നുമില്ല. എവിടെ നാം സന്നദ്ധമാകുന്നുവൊ അവിടെ നിറഞ്ഞ വസന്തം മനുഷ്യന് നിർമ്മിക്കാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.