ഗസ്സ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഗസ്സയിൽ മാധ്യമപ്രവർത്തകരെയും വധിച്ച് ഇസ്രായേൽ. അൽജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈൽ അൽ ഗൗൽ, കാമറാമാൻ റാമി അൽ റഫീ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെസ്റ്റ് ഗസ്സ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് മാധ്യമപ്രവർത്തകർക്കു കൂടി ജീവൻ നഷ്ടമായത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ ഗസ്സയിലെ വീടിന് സമീപത്തു നിന്നുള്ള റിപ്പോർട്ടിങ്ങിന് പോയതായിരുന്നു ഇരുവരും. റിപ്പോർട്ടിങ്ങിനിടെ ഇസ്രായേൽ ആക്രമണം ഉണ്ടാവുകയായിരുന്നു.
‘ഗസ്സയിലെ നിരപരാധികളായ ജനങ്ങൾക്കുനേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകളെയും കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ കഷ്ടപ്പാടുകളെയും മുറിവേറ്റവരുടെ പ്രയാസങ്ങളേയും കുറിച്ച് ലോകത്തെ അറിയിക്കുകയായിരുന്നു ഇസ്മായിൽ’- എന്ന് അൽ ജസീറയുടെ ഗസ്സയിലെ മറ്റൊരു ജേണലിസ്റ്റായ അനസ് അൽ ഷെരീഫ് പറഞ്ഞു.

ഇതാദ്യമായല്ല, അൽ ജസീറ ജേണലിസ്റ്റുകൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ജനുവരിയിൽ ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മകൻ ഹംസ അൽദഹ്ദൂഹും സഹപ്രവർത്തകനായ എ.എഫ്.പിയുടെ വീഡിയോ സ്ട്രിങ്ങർ മുസ്തഫ തുറയയും ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനും റഫയ്ക്കും ഇടയിലുള്ള ഒരു ജനവാസ മേഖലയിലായിരുന്നു ആക്രമണം. അൽ ജസീറയിൽ പ്രൊഡ്യൂസറായും വീഡിയോഗ്രാഫറായും ഹംസ പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അതിനു മുമ്പ്, 2023 ഡിസംബറിൽ ഖാന് യൂനിസില്‍ അല്‍ ജസീറ ക്യാമറാമാന് സമീര്‍ അബുദാഖയെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ വാഇൽ ദഹ്ദൂഹിന് പരിക്കേറ്റിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നുകിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുയർന്നിരുന്നു.
No Comment.