
അയ്യോ!!!……പാസ് പോർട്ട് മാറിപ്പോയേ….😳
(17-11-22 വ്യാഴം)
സമയം രാവിലെ 6 മണി. നാട്ടിലാണെങ്കിൽ 7:30 ആയിട്ടുണ്ടാകും. ജയേട്ടൻ 6 മണിയ്ക്കുതന്നെ ഇറങ്ങും . ഓഫീസ് വണ്ടി വരും കൊണ്ടുപോകാൻ. വൈകീട്ട് 6:15 ആകുമ്പോഴേ ഇനി തിരിച്ചെത്തുകയുള്ളൂ. ഞങ്ങളോട് പുറത്തുപോയി ബ്രേക്ഫാസ്റ്റ് കഴിയ്ക്കാൻ പറഞ്ഞപ്രകാരം 9 മണിയോടുകൂടി ഞാനും മക്കളും റെഡിയായി പുറത്തിറങ്ങി. ഫുട്പാത്തിലൂടെ നടന്നു. നാട്ടിലെ റോഡിന്റെ വീതിയേക്കാളുമുണ്ട് ഇവിടുത്തെ ഫുട്പാത്തിന് . സൈഡിലെല്ലാം നിറയെ ഷോപ്പുകൾ. വാഹനങ്ങളാണെങ്കിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിയ്ക്കുന്നു. ഞാനും മക്കളും നാളികേരവും തിരഞ്ഞു നടന്നു. എങ്ങോട്ട് പോകണമെന്നൊന്നും ഒരു നിശ്ചയവുമില്ല. “നാളികേരം ” എന്ന് പേരുള്ള ഹോട്ടലിൽ കയറിയാൽ മതിയെന്ന് ജയേട്ടൻ പറഞ്ഞത് പ്രകാരം നാല് ദിക്കിലേയ്ക്കും നോക്കിനോക്കി നടന്നു. പക്ഷേ നാളികേരം പോയിട്ട് ഒരു തെങ്ങുപോലും കണ്ടില്ല. ജയേട്ടനെ ഇടയ്ക്കിടയ്ക്ക് വിളിയ്ക്കുന്നുണ്ട്. അവർക്കാണെങ്കിൽ എല്ലാ സ്ഥലവും മനഃപാഠമാണുതാനും. ഞങ്ങൾ ഒരു സ്ഥലത്ത് നിൽപ്പുറപ്പിച്ചു. മുകളിലേയ്ക്കും വശങ്ങളിലേക്കുമെല്ലാം നോക്കുന്നുണ്ട്. പക്ഷേ നാളികേരം മാത്രം കാണാനില്ല. ഈ കട കണ്ടോ ആ കട കണ്ടോ എന്നെല്ലാം ജയേട്ടൻ ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞു. മണിക്കൂറൊന്നു കഴിഞ്ഞു. വിശന്നിട്ടു കണ്ണ് കാണാനും വയ്യ. ജയേട്ടൻ പറഞ്ഞു തിരിച്ചു നടക്കാൻ. അതുപോലെ അനുസരിച്ചു. കുറച്ച് നടന്നു. ഇനി തിരിഞ്ഞു നിന്നൊന്നു നോക്കാൻ പറഞ്ഞപ്രകാരം ചെയ്തപ്പോൾ അതാ നാളികേരം അവിടെ ഗമയോടെ നിൽക്കുന്നു. ഞങ്ങൾ ഇത്രനേരം നിന്നതും ആ ഹോട്ടലിനു മുന്നിലായിരുന്നു എന്നുള്ളത് ഒരു കൂട്ടച്ചിരിയ്ക്കു വക നൽകി ബിൽഡിങ്ങിന് ഉയരക്കൂടുതൽ ഉള്ളതുകൊണ്ട് അതിനടിയിൽ നിന്ന് നോക്കുമ്പോൾ പേര് കണ്ടില്ല എന്നുള്ളതാണ് വാസ്തവം.തന്നെയുമല്ല അവിടെ എന്തോ വർക്ക് നടക്കുന്ന കാരണം കസ്റ്റമേഴ്സ് ഒന്നും ഇല്ല. തുറന്നു കിടക്കുന്ന കാരണവും മറ്റു കടകൾ പരിചയമില്ലാത്ത കാരണവും പേരുകേട്ടപ്പോൾ മലയാളികൾ അല്ലേ എന്നുള്ളതുകൊണ്ടും ഞങ്ങൾ അവിടെത്തന്നെ കയറി. പക്ഷേ അവർ ഹിന്ദിക്കാരായിരുന്നു. അവിടുന്ന് വെള്ളേപ്പവും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഒരു കറിയുംകൂടി കൊണ്ടുവന്നിട്ടു പറഞ്ഞത് ഇത് സൗത്ത് ഇന്ത്യൻസ് കഴിയ്ക്കുന്നതാണ് ഇതിന്റെ പേര്…. എന്തോ ഒരു പേരും പറഞ്ഞു. എനിയ്ക്കാണെങ്കിൽ അത് എന്താണെന്ന് ഒരു ഐഡിയയും കിട്ടുന്നില്യ. ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ഭക്ഷണം പാർസൽ വാങ്ങിച്ചു. അല്ലെങ്കിൽ ഇനിയും ഇത്ര ദൂരം വീണ്ടും നടക്കേണ്ടി വരുമല്ലോ.
ഹോട്ടൽ തിരഞ്ഞുള്ള നടത്തത്തിനിടയിൽ
ആ സമയത്താണ് ജയേട്ടന്റെ ഫോൺ വരുന്നത്. “Palm ബീച്ച് ഹോട്ടലിൽ നിന്ന് ഫോണുണ്ടായിരുന്നു അവിടെ ഏതോ ഒരു സ്ത്രീയുടെ പാസ്പോർട്ട് മാറിപ്പോയിട്ടുണ്ട്. അത് കയ്യിലുണ്ടെങ്കിൽ ഹോട്ടൽ ബോയ് എത്തുമ്പോൾ കൊടുത്തുവിടണമെന്ന് ” പറഞ്ഞു. ഞാൻ വേഗം ബാഗ് തുറന്നു നോക്കിയപ്പോൾ മക്കളുടെ പാസ്പോർട്ട് രണ്ടും കറക്റ്റും എന്റെതിനു പകരം മറ്റൊരു സ്ത്രീയുടെ ആയിരുന്നു. ദൈവമേ!!!…. ഇത്രയും നേരം ഞാൻ മറ്റൊരാളുടെ പാസ്സ്പോർട്ടുമായാണോ കറങ്ങിയത്. അതെടുത്തു പേരും അഡ്രസ്സും വായിച്ചു നോക്കിയപ്പോൾ മലയാളിയാണെന്നു മനസ്സിലായി. അവർ എയർപോർട്ടിൽ പോകാൻ നേരം റൂം വെക്കേറ്റ് ചെയ്യുമ്പോഴാണ് പാസ്പോർട്ട് മാറിയ വിവരം അറിയുന്നത്. ഫ്ലൈറ്റ് മിസ്സ് ആകും എന്നതുകൊണ്ട് ആകെ തിടുക്കമായിരുന്നു. ജയേട്ടൻ പറഞ്ഞുകൊടുത്തപ്രകാരം റൂം ബോയ് ഞങ്ങളിരിയ്ക്കുന്ന ഹോട്ടലിൽ ഓടിക്കയറി വന്നു. അയാൾ വിവരമെല്ലാം പറഞ്ഞപ്പോൾ ഞാൻ ആ സ്ത്രീയുടെ പാസ്പോർട്ട് തിരിച്ചു നൽകി. എന്റെ പാസ്പോർട്ട് ഹോട്ടൽ റിസെപ്ഷനിൽ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്. അയാൾ താങ്ക്സ് പറഞ്ഞ് തിരിച്ചോടി. ഞങ്ങൾ വേഗം കഴിച്ച് പൈസയും കൊടുത്ത് പുറത്തിറങ്ങി. കാരണം എന്റെ കൈയ്യിൽ പാസ്പോർട്ട് ഇല്ല. എന്തേലും ചെക്കിങ് വന്നാൽ പെട്ടതുതന്നെ. CID കൾ പലയിടങ്ങളിലും വേഷം മാറി നിൽക്കുന്നുണ്ടായിരിയ്ക്കും. എപ്പോഴാ അവർ മുന്നിലെത്തുന്നതെന്ന് പറയാൻ പറ്റില്യ. . അവിടെ നിയമങ്ങളെല്ലാവർക്കും ഒരുപോലെതന്നെഎന്നുള്ളതുകൊണ്ട് ഫൈൻ ചുമത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
റിസെപ്ഷനിൽ എത്തിയപ്പോൾ അവർ എന്റെ പാസ്പോർട്ട് എടുത്തുതന്നു. തുറന്നുനോക്കി ഉറപ്പുവരുത്തി. ഇത് ആദ്യമേ ചെയ്താൽ മതിയായിരുന്നു എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. അവരും നോക്കിയില്ല അതുപോലെതന്നെ ഞങ്ങളും. ഒരു ചിരി പാസ്സാക്കിയിട്ട് ഞങ്ങൾ റൂമിലേയ്ക്കുള്ള ലിഫ്റ്റിൽ കയറി.
ഞാനും മക്കളും കൂടി കൊറിയൻ ഫിലിം ലാപ്ടോപ്പിൽ കണ്ടു. നല്ലൊരു ഫിലിം. ശേഷം, കൊണ്ടുവന്ന ഭക്ഷണം വിശപ്പില്ലാതിരുന്നിട്ടുകൂടി കുറച്ച് കഴിച്ചു. പിന്നീട് പാട്ട് കേട്ടങ്ങനെ കിടന്നു.കുറച്ചുനേരം ഉറങ്ങി,

ജയേട്ടൻ ഓഫീസിൽ നിന്ന് എത്തി ചായ കുടിച്ചതിനുശേഷം ഞങ്ങൾ നടക്കാനിറങ്ങി. പാർക്കിലും പോയി. അത് ഒരൊന്നൊന്നര നടത്തമായിരുന്നു. സത്യത്തിൽ ഒരെട്ടുപത്തു കിലോമീറ്ററെങ്കിലും നടന്നിരിയ്ക്കും. എനിയ്ക്കാണെങ്കിൽ കാൽ രണ്ടും ചെരുപ്പുകൊണ്ടു മുറിവ് വന്നു. നീറ്റലാണെങ്കിൽ സഹിയ്ക്കാൻ വയ്യാ. ഞാൻ പറഞ്ഞു ഇനി മതി റൂമിൽ പോകാം. കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് ക്യാരിഫോറിൽ കൊണ്ട് പോയി ഫ്രഞ്ച്ഫ്രൈസും ചിക്കൻ സ്ട്രിപ്സും കോളയും ജ്യൂസും വാങ്ങിത്തന്നു.


ശേഷം റൂമിൽ എത്തി കാല് കഴുകിയതിനുശേഷം സാനിറ്റയ്സർ എടുത്ത് മുറിവിൽ ഒഴിച്ചിട്ട് ജയേട്ടൻ പറയാ പെട്ടന്ന് മാറുമെന്ന്. എന്റെ ജീവൻപോയി എന്ന് പറഞ്ഞാൽ മതിയല്ലോ. നാളെ എല്ലാവർക്കും ഷൂ വാങ്ങിത്തരാമെന്ന് ഉറപ്പും നൽകി. പുറത്തുനിന്നു ഭക്ഷണം കഴിച്ചകാരണം വേഗം ഉറങ്ങാമെന്നു വിചാരിച്ച് മക്കളോട് ഗുഡ്നൈറ്റ് പറഞ്ഞ് ഞങ്ങൾ അപ്പുറത്തെ റൂമിലേയ്ക്ക് പോയി.
തുടരും…..



[…] 2) മാലിനി ജയരാജ് ( തൃശ്ശൂർ ) എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക… Spread the […]
[…] എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക… Spread the love […]