Skip to content

chithrodayamflashnews.com

Asnap 1409

3 കൊലപാതകം, പിന്നാലെ ‘ക്ഷീണം’ മാറ്റാൻ ബാറിൽ കയറി മദ്യപിച്ചു, വീണ്ടും 2 കൊലപാതകം; ഞെട്ടിച്ച് അഫാന്റെ മനോനില

3 കൊലപാതകം, പിന്നാലെ ‘ക്ഷീണം’ മാറ്റാൻ ബാറിൽ കയറി മദ്യപിച്ചു, വീണ്ടും 2 കൊലപാതകം; ഞെട്ടിച്ച് അഫാന്റെ മനോനില


തിരുവനന്തപുരം: ആദ്യ മൂന്നു കൊലപാതകം നടത്തിയ ശേഷം ‘ക്ഷീണം’ മാറ്റാനായി ബാറിൽ കയറി മദ്യപിച്ചതായി പൊലീസിനോട് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നുപറച്ചിൽ. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തി കൊലപ്പെടുത്തിയത് രണ്ടുപേരെ. നിരവധി കൊലപാതക കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പോലും കുഴയ്ക്കുന്നതാണ് ബന്ധുക്കൾ അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മനോനില. ഇത്രയും മണിക്കൂറുകളുടെ ഇടവേളകളിൽ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറിൽ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും അരും കൊലകൾ നടത്തുകയും ചെയ്യുന്ന രീതി മുൻപ് കേട്ടിട്ടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകങ്ങൾക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഫാനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. ആവശ്യമെങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും പൊലീസ് തേടും.

വ്യത്യസ്തമായ മനോനിലയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുള്ളതെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മനസ്സിലാവുന്നതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ പ്രവൃത്തിയിൽ ഒരു പശ്ചാത്താപവും അഫാനുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ പേരുമല ആർച്ച് ജംക്‌ഷനിലെ സ്വന്തം വീട്ടിൽ വച്ച് അമ്മ ഷമിയെയാണ് അഫാൻ ആദ്യം തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്നു കരുതി വീടു പൂട്ടി കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സൽമാബീവിയുടെ അടുത്തേക്ക് പോയി. പേരുമലയിലെ അഫാന്റെ വീട്ടിൽനിന്ന് 25 കിലോമീറ്റർ അകലെയാണിത്. അവിടെയെത്തി ഏഴു മിനിറ്റുള്ളിൽ മുത്തശ്ശിയെ കൊലപ്പെടുത്തി പുറത്തിറങ്ങി. വീട്ടിലേക്ക് അഫാൻ എത്തുന്ന ദൃശ്യങ്ങൾ പരിസരത്തെ സിസിടിവിയിൽനിന്നു പൊലീസിനു ലഭിച്ചു.

പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പുല്ലമ്പാറ എസ്എൻ പുരത്ത് താമസിക്കുന്ന പിതൃ സഹോദരൻ ലത്തീഫിനെയും അദ്ദേഹത്തിൻറെ ഭാര്യ സജിത ബീവിയെയും പിന്നാലെ കൊലപ്പെടുത്തി. അതിനുശേഷം ‘ക്ഷീണം തീർക്കാനായി’ പ്രതി വെഞ്ഞാറമൂട്ടിലെ ഒരു ബാറിൽ കയറി മദ്യപിച്ചെന്ന് തുറന്നു പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സഹോദരൻ അഫ്സാൻ ഉച്ചവരെ പരീക്ഷയ്ക്കായി സ്കൂളിലായിരുന്നു. മൂന്നു മണിയോടെ സ്കൂളിൽ നിന്ന് എത്തിയ അഫ്സാനെ കുഴിമന്തി വാങ്ങിക്കാനായി ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട്ടിലെ കടയിലേക്ക് അയച്ചു. ഇതിനിടെ മുക്കുന്നൂർ പുതൂരിൽ താമസിക്കുന്ന സുഹൃത്ത് ഫർസാനയുടെ വീട്ടിലെത്തി അവരെ ഒപ്പം കൂട്ടി. പിന്നീട് മൂന്നു പേരുമായി പേരുമലയിലെ വീട്ടിലെത്തി.

വൈകിട്ട് ആറു മണിക്ക് മുൻപായി അവരെയും കൊലപ്പെടുത്തി. അഫാന്റെ ഈ രീതിയാണ് പൊലീസിനെ കുഴയ്ക്കുന്നത്. സാധാരണഗതിയിൽ കൂട്ടക്കൊല നടത്തുന്ന പ്രതികൾ എത്രയും വേഗം ഒളിവിൽ പോവുകയോ അല്ലെങ്കിൽ കീഴടങ്ങുകയോ ചെയ്യും. ഇത്രയും നീണ്ട സമയം എടുത്ത്, ഒരു പരിഭ്രമവും ഇല്ലാതെ അടുത്ത ബന്ധുക്കളുടെ കൊലപാതകം നടത്തുന്നതും, കൊലപാതക ശേഷം പരിചയക്കാരോട് സാധാരണ പോലെ ഇടപഴകുന്നതും മുൻപ് അധികം കണ്ടിട്ടില്ലാത്ത രീതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകങ്ങൾക്കിടയിൽ അഫാൻ കൃത്യമായ ഇടവേളകൾ എടുത്തു. ഇതിനിടെ ബാറിൽ കയറി മദ്യപിച്ചു. വീടിനടുത്തുള്ള പരിചയക്കാരോട് സാധാരണ പോലെ പെരുമാറി. തൊട്ടടുത്ത് വീടുകൾ ഉണ്ടായിട്ടും അഫാന്റെ വീട്ടിൽ നിന്ന് ഒരു ശബ്ദവും ആരും കേട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് അഫാൻ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഒരു കുറ്റബോധവും ഇല്ലാതെ, പതറാതെ ഉറ്റബന്ധുക്കളെ കൊലപ്പെടുത്തിയ രീതി വിവരിച്ചത് പൊലീസിനെയും അതിശയിപ്പിച്ചു.

അഫാനെക്കുറിച്ച് നാട്ടുകാർക്കിടയിൽ നല്ല അഭിപ്രായമാണ്. കൊല്ലപ്പെട്ട ഫർസാനയുടെ വീട്ടുകാർക്കു പോലും അഫാനെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഇരുവരും പ്രണയത്തിലാണെന്ന് ഫർസാനയുടെ വീട്ടിൽ അറിയാമായിരുന്നു. ഫർസാനയെ എന്തു പറഞ്ഞാണ് അഫാൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. അഫാൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശാസ്ത്രീയ പരിശോധാ ഫലം ലഭിക്കാൻ ഇനിയും സമയമെടുക്കും. ചികിത്സയിലുള്ള അഫാനെ ചോദ്യം ചെയ്താലേ കൊലപാതക കാരണം വ്യക്തമാകൂ. പ്രതിയുടെ ഫോൺ രേഖകളടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. കൊലപാതകത്തിന് ശേഷം അഫാൻ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഫാന്റെ അമ്മ ചികിത്സയിലാണ്. അഫാന്റെ പിതാവ് വിദേശത്താണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6