തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ഇന്നലെ പ്രതികളായ പുതുക്കാട് നൂലുവള്ളി മുല്ലക്ക പ്പറമ്പിൽ അനിഷ(22)യുടെയും, ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിനെയും(25) കുട്ടികളെ കുഴിച്ചിട്ട സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബി എൻ എസ് 101 കൊലക്കുറ്റമാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം സംസ്കരിച്ച സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ മൊഴിക്ക് പുറമെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി ഡോ.എ കെ ഉന്മേഷ് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി ഭവിൻ കവറിലാക്കി കൊണ്ടുവന്ന അസ്ഥികഷണങ്ങൾ പരിശോധിച്ചിരുന്നു. തലയോട്ടി ,കൈ കാൽ അസ്ഥികൾ എന്നിവ പരിശോധിച്ചതിൽ രണ്ട് ആൺ കുട്ടികളുടേതാണ് ഇതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ഇവ ഡിഎൻഎ പരിശോധനക്ക് അയക്കും.
അതേസമയം 2021ൽ അനിഷ ഗർഭിണിയാണെന്ന് സംശയം തോന്നിയ അയൽവാസിയായ ഗിരിജ സുരേന്ദ്രൻ ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നു. അന്ന് അനിഷക്ക് പ്രായപൂർത്തി ആയിരുന്നുമില്ല. മാത്രമല്ല പറമ്പിൽ കുഴിയെടുത്ത അനിഷ ബക്കറ്റിൽ കൊണ്ടുവന്ന എന്തോ കുഴിച്ചിടുന്നത് ഗിരിജ കാണുകയും ചെയ്തിരുന്നു. എന്നാൽ തന്നെപ്പറ്റി അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷ ഗിരിജക്കെതിരെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. എന്നാൽ പരാതി പൊലീസ് സ്റ്റേഷനിൽ ഒത്തു തീർപ്പാക്കുകയും ചെയ്തു. ഹോർമോൺ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് അനിഷ തന്റെ ഗർഭം മറയ്ക്കാനായി പറഞ്ഞിരുന്ന ന്യായം.ഒപ്പം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ഗർഭം അനിഷക്ക് മറ്റുള്ളവരിൽ നിന്നും മറക്കാനായത്.
2021-ൽ ആയിരുന്നു അനീഷയുടെ ആദ്യത്തെ പ്രസം. വീട്ടിലെ ശൗചാലയത്തിൽ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആൺകുഞ്ഞ് കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതിനാൽ ജനിക്കുമ്പോഴേ മരിച്ചെന്നും തുടർന്ന് വീടിന് സമീപം പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോട് പറഞ്ഞതെന്ന് ഭവിൻ മൊഴിനൽകി. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികൾ എടുത്തുവെക്കണമെന്ന് താൻ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്ത് സൂക്ഷിച്ചതെന്നും ഇയാൾ പറയുന്നു.
2024-ൽ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടിൽ മുറിക്കുള്ളിൽ വെച്ചാണ് പ്രസവം നടന്നത്. കുട്ടി കരഞ്ഞതിനെ തുടർന്ന് അയൽക്കാർ അറിയാതിരിക്കാൻ വായ പൊത്തി പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി അനിഷ തന്റെ സ്‌കൂട്ടറിൽ മൃതദേഹം എത്തിച്ച ശേഷം വീടിന്റെ പിന്നിലെ തോട്ടിൽ കുഴിച്ചിടുകയും ചെയ്തു. ഇവിടെ നിന്നും ഭവിൻ പിന്നീട് കുഴി തോണ്ടിയാണ് അസ്ഥി പുറത്തെടുത്തു സൂക്ഷിച്ചത്. ആദ്യ കുട്ടിയുടെ അസ്ഥി അനിഷ തന്നെയാണ് ഭവിന് എത്തിച്ചു നൽകിയത്. മാതാപിതാക്കൾക്ക് ദോഷം വരാതിരിക്കാൻ കർമ്മം ചെയ്യണം എന്ന് പറഞ്ഞായിരുന്നു അനിഷയിൽ നിന്നും ഭവിൻ അസ്ഥി വാങ്ങിയത്. എന്നാൽ അനിഷ തന്നെ വിട്ട് പോകാതിരിക്കാനുള്ള പിടിവള്ളിയായാണ് ഭവിൻ അസ്ഥി സൂക്ഷിച്ചത്.
ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം 4 വർഷം മറച്ചു പിടിച്ചെങ്കിലും കഴിഞ്ഞ 6 മാസമായി ഭവിനും അനിഷക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങളാണ് സംഭവം പുറത്താറിയാൻ കാരണമായത്. അനിഷ തന്നെ ഒഴിവാക്കുമോ എന്ന ചിന്തക്കൊപ്പം താനറിയാതെ മറ്റൊരു ഫോൺ ഉപയോഗിക്കുന്നു എന്ന വിവരവും ഭവനിൽ ആശങ്ക ഉണ്ടാക്കി.ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്നാണ് ഇയാൾ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം തുറന്നു പറഞ്ഞത്.
No Comment.