ആലപ്പുഴ മുഹമ്മയിൽ വീട്ടിനുള്ളിലെ കാർപ്പെറ്റിൽ തെന്നി വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മുഹമ്മ മുട്ടങ്ങൽ വീട്ടിൽ 67 വയസ്സുള്ള തങ്കമ്മയാണ് മരിച്ചത്. മകൻ അഭിലാഷ് കസ്റ്റഡിയിലായി.
ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളിലെ തറയിൽ വിരിച്ചിരുന്ന കാർപ്പെറ്റിൽ കാൽ തട്ടി തലയിടിച്ച് വീണെന്ന് പറഞ്ഞ് തങ്കമ്മയെ ഭർത്താവും മകനും ചേർന്ന് പുണപ്ര സഹകരണ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ തങ്കമ്മ മരിച്ചു. തുടർന്ന് തങ്കമ്മയുടെ മകൻ അഭിലാഷ് പിതാവിനെക്കൊണ്ട് തങ്കമ്മ വീട്ടിലെ തറയിൽ തെന്നി വീണ് തലയ്ക്ക് പരിക്ക് പറ്റിയാണ് മരണപ്പെട്ടതെന്ന് മുഹമ്മ പോലീസിനെ അറിയിച്ച് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചു.
മുഹമ്മ പോലീസ് തങ്കമ്മയുടെ ബന്ധുക്കളെയും അയൽവാസികളെയും കണ്ട് നടത്തിയ അന്വേഷണത്തിൽ തങ്കമ്മയുടെ മരണത്തെക്കുറിച്ച് മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ നേരിൽ കണ്ടു നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തങ്കമ്മയുടെ വീട്ടുകാരെയും ബന്ധുക്കളെയും ഒറ്റക്കൊറ്റയ്ക്കും ഒരുമിച്ചിരുത്തിയും വീണ്ടും കൂടുതലായി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് തങ്കമ്മയുടെ മരണത്തിൽ മകനായ അഭിലാഷിന്റെ പങ്ക് തെളിഞ്ഞത്.
മദ്യപിച്ചാൽ സ്ഥിരമായി വഴക്കുണ്ടാക്കുന്ന അഭിലാഷ് ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ വന്ന് ഭാര്യയുമായും 16 വയസ്സുള്ള മകനുമായും വഴക്കുണ്ടാക്കി. മകനെ ഇരുമ്പ് പൈപ്പിന് അടിക്കാൻ ഒരുങ്ങിയപ്പോൾ പിന്തിരിപ്പിക്കുന്നതിന് കയ്യിൽ കയറി പിടിച്ച തങ്കമ്മയെ അഭിലാഷ് തള്ളുകയും ഭിത്തിയിൽ തലയിടിച്ച് തറയിൽ വീഴ്ത്തുകയുമായിരുന്നു. തറയിൽ ഇടിച്ചതിൽ വെച്ച് തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.
തങ്കമ്മയെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് വീട്ടിലെ തറയിൽ കാൽ തെന്നി വീണാണ് അപകടം ഉണ്ടായതെന്നാണ് അഭിലാഷ് അറിയിച്ചിരുന്നത്.
തങ്കമ്മ അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു. അഭിലാഷിനെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
No Comment.