പാലക്കാട് : നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന് ചെന്താമര മറുപടി നൽകി.
നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയൽവാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31-നാണ് ചെന്താമര വെട്ടിക്കൊന്നത്.
തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.
കുടുംബപ്രശ്നനം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുർമന്ത്രവാദം നടത്തുകയാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. വീടിൻ്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടിൽതിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയിൽ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷർട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടർന്ന് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.
ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
No Comment.