

ഇത് ഗോൾഡ് ക്ലാസാ!! ഫൈൻ അടയ്ക്കേണ്ടിവരും!!!
19-11-22 (ശനി )
ഇന്നും നാളെയും ജയേട്ടന് ഓഫീസ് അവധിയാണ്. ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ palm ബീച്ച് ഹോട്ടലിനോട് ഗുഡ്ബൈ പറഞ്ഞിറങ്ങി. കൊണ്ടുപോകാൻ ആനന്ദ് വണ്ടിയുമായി വന്നിരുന്നു. ഇനി പോകുന്ന ഹോറിസോൺ ഹോട്ടൽ അപ്പാർട്ട്മെന്റ്ലെ 206-മത്തെ റൂം ഒരു മാസത്തേയ്ക്ക് ഞങ്ങൾക്ക് സ്വന്തം.

അവിടെ എത്തിയപ്പോൾ റൂം സെറ്റിംഗ്സ് ഒന്നും കഴിഞ്ഞിരുന്നില്ല. ബാഗുകളെല്ലാം അവിടുത്തെ സ്റ്റോറിൽ വെച്ചു. കുറച്ചുനേരം ഞങ്ങളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവിടിരുന്നു ബോറടിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ട സ്ഥലമായ ക്രീക്കിലേയ്ക്ക് പോയി. അവിടുത്തെ കാറ്റും വെളിച്ചവും, ദയ്റയിലേയ്ക്ക് ബോട്ടിൽ പോകാനുള്ള ആളുകളുടെ തിരക്കും എല്ലാം നോക്കിനില്ക്കുന്നത് മനസ്സിന് വളരെ സന്തോഷം തരുന്ന കാര്യമാണ്. ചോളം പുഴുങ്ങി മസാല ചേർത്തതും കഴിച്ചുകൊണ്ട് ഞങ്ങൾ അവിടെയെല്ലാം കറങ്ങിനടന്നു.

രണ്ട് മണിക്കൂറോളം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ ഹോട്ടലിലേയ്ക്ക് ചെന്നു. അവിടെ റൂം എല്ലാം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. താഴെ സ്റ്റോർ റൂമിൽ നിന്ന് ഞങ്ങളുടെ ലഗ്ഗേജ് എല്ലാം ലിഫ്റ്റിൽ സെക്കന്റ് ഫ്ലോറിലേയ്ക്ക് കൊണ്ടുപോയി. അവിടേയും palm ബീച്ച് ഹോട്ടലിലെ പോലെ കാർഡ് സിസ്റ്റമൊക്കെ വെച്ചിട്ടുണ്ട് എങ്കിലും ഒന്നും വർക്കിങ്ങ് കണ്ടീഷൻ അല്ലായിരുന്നു. സാധാരണപോലെ കീചെയിനിൽ വലുതായി റൂം നമ്പർ എഴുതിയതോടൊപ്പം ചാവിയും. അപ്പോൾ ജയേട്ടൻ പറയാ അത് 3 star ആണ്. ഇത് സാധാ ഹോട്ടലും അതാ വ്യത്യാസം എന്ന്. നമുക്കിപ്പോ കാർഡായാലും ചാവിയായാലും വിശേഷിച്ചൊന്നും ഇല്ല. റൂം നന്നായാൽ മതി. ആരുടേയും ശല്യവും ഉണ്ടാവരുത്. അത്രയേ വേണ്ടൂ.
നല്ല വിശാലമായ റൂം, തിരിച്ച് രണ്ട് വലിയ കട്ടിൽ. നിറയെ ലൈറ്റ്കൾ. ഒരു ഗ്രീൻ ലൈറ്റ് എല്ലായിപ്പോഴും കത്തിക്കൊണ്ടിരിയ്ക്കും. അത് നിർബന്ധമാണെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെയൊരു കാര്യം ശ്രദ്ധയിൽ പെട്ടത് റൂമുകളിലെല്ലാം ചുമരിന്റെ ഒരുഭാഗത്ത് മുസ്ലിം പള്ളിയുടെ ചെറിയൊരു ഫോട്ടോ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. റൂമുകളിൽ മുസ്ലിംസ് താമസിക്കാൻ വരുമ്പോൾ അവർക്ക് എങ്ങോട്ട് തിരിഞ്ഞുനിന്ന് നിസ്ക്കാരം നടത്തണമെന്ന് ദിക്കറിയാതെ കൺഫ്യൂഷൻ ഉണ്ടാകാം. അപ്പോൾ ഈ ഫോട്ടോയ്ക്ക് അഭിമുഖമായി നിൽക്കാനാണെന്നാണ് സുഹൃത്ത് പറഞ്ഞുതന്നത്.

ഞാൻ ബാഗുകൾ അതാതു സ്ഥാനത്തു ഒതുക്കിവെച്ചു. കിച്ചണിൽ പാത്രങ്ങളെല്ലാം ഉണ്ട്. ചായപ്പൊടിയും പഞ്ചസാരയും, വെള്ളം തിളപ്പിയ്ക്കാനുള്ള ഇലക്ട്രിക് കെറ്റിലും. വേഗം തന്നെ ജയേട്ടൻ ശില്പയ്ക്ക് കാണിച്ചുകൊടുത്തു ആ കെറ്റിലിൽ വെള്ളം തിളപ്പിയ്ക്കേണ്ട വിധം. പിന്നെ അവളായിരുന്നു ചായ വെപ്പുകാരി. ഞങ്ങളെയൊന്നും അങ്ങോട്ട് അടുപ്പിയ്ക്കാതായി. ചെയ്യട്ടെ എന്ന് ഞങ്ങളും കരുതി.
ഒരു ഓവൻ ഇരിപ്പുണ്ട് ഇതുമാത്രം വെച്ച് എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്നായി!!.ബഷീറിക്കയെ വിളിച്ചുപറഞ്ഞപ്പോൾ ഒന്നുകൊണ്ടും പേടിയ്ക്കേണ്ട എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞു.
വൈകുന്നേരം ഞങ്ങൾ സൂപ്പർ മാർക്കറ്റിൽ കയറി. കുറച്ച് സാധനങ്ങൾ വാങ്ങി.ജയേട്ടന്റെ റൂമിലെ ഇസ്തിരിപ്പെട്ടി കേടാണെന്നും അതുകൊണ്ട് അതും ഒരെണ്ണം വാങ്ങി. ഞങ്ങൾ തിരിച്ചു പോരുന്നത് വരെ ഉപയോഗിച്ചിട്ട് പിന്നീട് അവരുടെ റൂമിലേയ്ക്ക് കൊണ്ടുപോകാമെന്നു പറഞ്ഞു.
ശേഷം ഞങ്ങൾ മെട്രോ സ്റ്റേഷനിലേയ്ക്ക് പോയി. അവിടിരുന്നു ഞങ്ങൾ ആദ്യ യാത്രയിലെ രസകരമായ ഒരനുഭവം ഓർത്തോർത്ത് ചിരിച്ചു. അതെന്താണെന്നുവെച്ചാൽ,
2009 സെപ്റ്റംബറിലാണ് ഗൾഫ് മേഖലയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത അതിവേഗ ഗതാഗത മെട്രോ ലൈനിന്റെ ആദ്യഭാഗം ദുബായിയിൽ പ്രവർത്തനമാരംഭിച്ചത് എന്ന് നേരത്തേ പറഞ്ഞുവല്ലോ. അതൊന്ന് കാണാൻ, അറിയാൻ ആദ്യ ദുബായ് യാത്രയിൽ ഞങ്ങളൊന്ന് തീരുമാനിച്ചു. യാത്ര ചെയ്യാൻ ഇത്രയും സുഗമമായ മാർഗം വേറെ ഇല്ല എന്നുതന്നെ പറയാം. ഓരോ ഈരണ്ടു മിനിറ്റിലും മെട്രോട്രെയിൻ ലഭ്യമാണ്. മിനിറ്റ്കൾക്കുള്ളിൽ ആണ് ഓരോ സ്റ്റോപ്പിലും എത്തുന്നത്.
ആദ്യമായി കയറുന്നതല്ലേ അതിന്റെ ഒരു ത്രില്ലുണ്ടായിരുന്നു .അങ്ങനെ ഞങ്ങൾ പോയി. ടിക്കറ്റ് എടുത്തു. എലവേറ്ററിൽ മുകളിലെത്തി. ജയേട്ടൻ പറഞ്ഞു ട്രെയിൻ വന്ന് നിന്നതും വേഗം കയറണം, അധിക സമയമൊന്നും കിട്ടില്ല.ഡോർ ഓട്ടോമെറ്റിക് ആയി അടയും എന്നൊക്കെ. ഞങ്ങൾ എത്തിയപ്പോഴേയ്ക്കും ട്രെയിൻ വന്നിട്ടുണ്ടായിരുന്നു അങ്ങനെ ഞങ്ങൾ അതിനുള്ളിലേയ്ക്ക് ഓടി . ഒപ്പം രണ്ട് പയ്യന്മാരും ചാടിക്കയറി.


ഒരു കൊട്ടാരത്തിൽ എത്തിയ പ്രതീതി ആയിരുന്നു എനിയ്ക്ക് തോന്നിയത്. സിംഹാസനംപോലെ നീല നിറത്തിലുള്ള ഇരിപ്പിടങ്ങൾ. നല്ല ഭംഗിയുള്ള കർട്ടനുകൾ. ബിന്ദുപണിക്കർ “ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം”എന്ന സിനിമയിൽ പറയുന്ന പോലെ ഇരുന്നാൽ കുതിച്ചു പൊങ്ങുന്ന കുഷ്യനിൽ ഞാനും ഇരുന്ന് നാലുപാടുമുള്ള ഭംഗിആസ്വദിയ്ക്കുന്നു. മക്കളും അതിനുള്ളിലെ ഭംഗിയെക്കുറിച്ച് പറയുന്നുണ്ട്.. ആ രണ്ടുപേർ കുറച്ചു മാറി ഇരിയ്ക്കുന്നു. ജയേട്ടന്റെ മുഖത്ത് എന്തോ പന്തികേട് തോന്നിയോ!! അതോ എന്റെ തോന്നലാണോ!!. അല്ല, എന്തോ ഉണ്ട്….ഇതെല്ലാം ഏതാനും സെക്കൻഡിൽ നടക്കുന്നു. പെട്ടന്ന് മാജിക് പോലെ സൈഡിൽ നിന്ന് യൂണിഫോം ഇട്ട ഒരു ഓഫീസർ പ്രത്യക്ഷപ്പെടുന്നു. കൈയ്യിൽ പേനയും ബുക്കുമായി നിൽക്കുന്നു. എനിയ്ക്കൊന്നും മനസ്സിലായില്ല. ട്രെയിൻ നിന്നതും അദ്ദേഹം ഞങ്ങളോടെല്ലാം ഒപ്പം വരാൻ പറഞ്ഞു. ഞാൻ ജയേട്ടനോട് കാര്യമെന്തെന്നു ചോദിച്ചപ്പോൾ ജയേട്ടൻ പതുക്കെ പറയാ ‘ഡ്യേ… നമ്മൾ പെട്ടു’.”Gold Class” ലല്ലേ കയറിയത്.
അത് കേട്ടപ്പോൾ ‘ജാങ്കോ ഞാൻ പെട്ടു’ എന്ന ദിലീപിന്റെ ഡയലോഗ് ഓർമ്മവന്നുപോയി.
അനുസരണയോടെ ഞങ്ങൾ നാലുപേരും മറ്റേ രണ്ട് പേരും അദ്ദേഹത്തെ പിന്തുടർന്നു. പേടിച്ചു വിറച്ച് കാല് മുന്നോട്ട് നീങ്ങുന്നില്ല. ഞാനിനി വിളിയ്ക്കാത്ത ദൈവങ്ങളില്ല. ഞങ്ങളെ വെറുതേ വിടണേ എന്ന് മനസ്സിലിങ്ങനെ ജപിച്ചുകൊണ്ട് നടന്നു. കുറച്ചു നടന്ന് ഒരു കാബിനടുത്തായി നിന്ന ഓഫീസർ ആ രണ്ട് പേരെയും അടുത്തേയ്ക്ക് വിളിച്ചു.അവർ ചെന്നപ്പോൾഎന്തൊക്കയോ സംസാരിയ്ക്കുന്നു പരസ്പരം. അവരുടെ കൈയ്യിൽനിന്ന് 100 ദിർഹത്തിന്റെ ഫൈൻ ഈടാക്കി.അവരെ വിട്ടയച്ചു.
അടുത്ത ഊഴം ഞങ്ങളുടെയാ. ഞാനും മക്കളും ആകെ അമ്പരന്ന് നിൽക്കാണ്. ജയേട്ടൻ മനസ്സിൽ കാശിന്റെ കണക്കുകൂട്ടലുകളാവും നടത്തുന്നത്. അദ്ദേഹം അടുത്തുവന്ന് ഒന്നേ ഇംഗ്ലീഷിൽ ചോദിച്ചുള്ളൂ, “നിങ്ങൾക്ക് ഫാമിലിയുമൊത്ത് ദുബായ് കറങ്ങണോ അതോ ഉള്ള പൈസ ഇവിടെ ഫൈൻ അടച്ച് കളയണോ? വേഗം തീരുമാനിയ്ക്കൂ .” ഞങ്ങൾ കൈകൂപ്പി സോറി പറഞ്ഞു, ഇനി ചെയ്യില്ല എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു. അറിയാതെ പറ്റിപ്പോയതാ എന്നൊക്കെ പറഞ്ഞു. എങ്കിൽ ‘Ok & Enjoy’ എന്ന് പറഞ്ഞ് ഞങ്ങളെ അദ്ദേഹം വിട്ടയച്ചു. ജീവിതത്തിൽ ഒരിയ്ക്കലും മറക്കില്ല ആ ഒരു സംഭവവും ഓഫീസറുടെ മുഖവും.
5 രൂപയുടെ ടിക്കറ്റ് എടുത്തിട്ട് 5000 രൂപയുടെ സിംഹാസനത്തിലാ (Gold Class ) ഞങ്ങൾ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്തത് . അതാണ് ഞങ്ങൾ ചെയ്ത തെറ്റ്.
ജയേട്ടനോട് ഇതേപ്പറ്റി അറിയാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പറയാ, “നിങ്ങൾ മൂന്നുപേരും കയറിക്കഴിഞ്ഞതിന് പിന്നാലെ ആ രണ്ടുപേരും കയറി പിന്നെ നിങ്ങളെ തിരിച്ചിറക്കാനുള്ള സമയമില്ല,അപ്പോഴേയ്ക്കും ഡോർ ക്ലോസ് ആകാറായി അതുകൊണ്ട് ഞാനും വേഗം കയറി. അതാ ഉണ്ടായത്. നമ്മൾ ഫാമിലിയായല്ലേ അത് അവർക്ക് അറിയാമല്ലോ,തന്നെയുമല്ല ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ടായിരിയ്ക്കും, അറിയാതെ ചെന്ന് പെട്ടതാണെന്ന് മനസ്സിലായിട്ടുമുണ്ടാകും. അതുകൊണ്ടായിരിയ്ക്കാം ഫൈൻ ഈടാക്കാതിരുന്നത്. സാരല്യാ.. ഇതൊക്കെ ഓരോ രസകരമായ അനുഭവങ്ങളാ ഇടയ്ക്ക് ഓർത്ത് രസിയ്ക്കാം.”
എത്ര പെട്ടന്നാ ഇവിടെ ഓരോ കാര്യത്തിനും നടപടികൾ എടുക്കുന്നത് എന്നോർത്ത് എനിയ്ക്കത്ഭുതം തോന്നി.
ആ സംഭവത്തിന് ശേഷം “Gold Class “എന്ന് കണ്ടാൽ ജയേട്ടന്റെ കൈയ്യും പിടിച്ച് വലിച്ച് അവിടുന്ന് വേഗം മാറിനിൽക്കും ഞാനും മക്കളും. അങ്ങനെ രസകരമായ അനുഭവം ആദ്യ മെട്രോയാത്രയിൽ ഞങ്ങൾക്കുണ്ടായി…
തുടരും……

No Comment.