
ചിലപ്പോള്‍ തോന്നും
ഇത്രയും ചെറിയ ജീവിതത്തില്‍
അനേകമനേകം വിചിത്രമായ
നൂലിഴകളെന്തിനെന്ന്.
പലപ്പോഴും
ഓരോ നൂല്ത്തൂമ്പിലും
പുഞ്ചിരിക്കു പകരം
ആയിരമായിരം സങ്കടമൊട്ടുകള്
കാണാന്‍ കഴിയും.
അവയൊക്കെ
വിരിഞ്ഞു തുടങ്ങുമ്പോള്‍
വര്‍ണ്ണങ്ങളില്ലാത്ത
വസന്തമായി തോന്നും.
അടര്ത്തിയെറിയും
ഓരോ പൂക്കളും
ചിതറിത്തെറിച്ചു പോകും.
വിത്തുകള്‍
പതിനായിരം പൂക്കളായി
നാളെ വീണ്ടും ഉണരും.
പേരറിയാത്ത നനവുകളില്
വിത്തുകള്‍ വളരും.
നിറം നഷ്ടമായ
ഗുണം നഷ്ടമായ
ഇലകളും പൂക്കളും
ഇരുള് മൂടിയ
വസന്തചിത്രമൊരുക്കും.
ഞാനെന്ന ദിശയിലേക്ക്
ഉറ്റുനോക്കുന്ന മുഖങ്ങളില്‍
എന്റെ കണ്ണുകളുടക്കും.
ഓരോ നോട്ടത്തിന്റെയും
ദൂരമെന്റെ ചിറകില്‍
തുളച്ചുകയറും,
വിടര്‍ത്താന്‍ കഴിയാതെ
ഞാന്‍ പിടയും.
മറ്റു ചിലപ്പോള്‍
വര്‍ണ്ണം പടരാത്ത
പൂക്കളും ഇലകളും
ഒരു നേരത്തിന്റെ
മുനമ്പിലെത്തുമ്പോള്‍
സ്വയം ഭയന്നു പിന്‍വലിയും.
അപ്പോഴെന്റെ
ഉള്ളം തുടിക്കും
മുഖം ചിരിക്കും
വെറുതെ കണ്ണുകള്‍
തിളങ്ങും.

No Comment.