Skip to content

chithrodayamflashnews.com

Asnap 1409

റോയിയുമായി ബന്ധമുള്ള സിനിമാതാരങ്ങളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷണത്തിലാക്കി, റെയ്ഡുകൾക്കുപിന്നിൽ ദുരൂഹത

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ പുറകേ മാത്രമല്ല അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന സിനിമാക്കാരെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നിരീക്ഷണത്തിലാക്കിയിരുന്നതായി റിപ്പോർട്ട്.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബിസിനസ് ദുബായിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ ദുബായിൽ റോയി വൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത ചിലരെയാണ് നിരീക്ഷണത്തിലാക്കിയത്. മരണത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത റോയിയുടെ ഡയറിയിലും സിനിമാക്കാരുടെ ഫോൺനമ്പരും ഇടപാടുകളും രേഖപ്പെടുത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി കൊച്ചിയിലെ ഉദ്യോഗസ്ഥർ അന്വേഷണവും പരിശോധനകളും നടത്തിയത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല. റെയ്ഡ് നടത്തിയ സംഘത്തിലെ ഒരുദ്യോഗസ്ഥൻ റോയിയെ സമ്മർദ്ദത്തിലാക്കിയെന്നും ആരോപണമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തിയെന്നതോ ഉദ്യോഗസ്ഥർ റോയിയെ സമ്മർദ്ദത്തലാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടുമില്ല. ഇൻകം ടാക്സ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ റോയിയെ വിടാതെ പിന്തുടർന്നിരുന്നു എന്നും അദ്ദേഹത്തോട് അടുപ്പമുളള ചിലർ വ്യക്തമാക്കുന്നുണ്ട്.റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത് എന്നാണ് അധികൃതർ പറയുന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡിസംബർ 28നാണ് ആദ്യ റെയ്ഡ് നടത്തിയത്. ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തുകയും രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി.ഇന്നലെ ഉച്ചതിരിഞ്ഞ് ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടക്കവേ ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഇന്നലെ വൈകിട്ട് 3.15 ഓടെ സ്വയം നിറയൊഴിച്ചാണ് റോയി ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുമ്പോൾ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാണ് വിവരം. മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കാൻ സ്വന്തം ചേംബറിലേക്ക് പോയ റോയ്, തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നു.

1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6