കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് ഇന്നലെ രാത്രി 9:30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് വൈകിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. സാങ്കേതിക കാരണങ്ങളാണ് വിമാനം മുടങ്ങാൻ കാരണമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ മറുപടിയോ നൽകാൻ അവർ തയ്യാറായില്ല. രാത്രി 9:30 നുള്ള വിമാനത്തിനായി ഗേറ്റിലെത്തിയപ്പോൾ തങ്ങളുടെ പേരുകൾ സിസ്റ്റത്തിൽ കാണിക്കുന്നില്ല എന്നാണ് അധികൃതർ അറിയിച്ചതെന്ന് ഒരു യാത്രക്കാരി വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് എയർ ഇന്ത്യയുടെ വിമാനമാണ് നൽകിയിരുന്നതെന്നും, ഇതൊരു ഷെയേർഡ് ഫ്ലൈറ്റ് ആയതുകൊണ്ടാകാം പി.എൻ.ആർ (PNR) വിവരങ്ങൾ കാണിക്കാത്തത് എന്നുമായിരുന്നു ജീവനക്കാരുടെ ആദ്യത്തെ വിശദീകരണം. യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി യാതൊരുവിധ ഔദ്യോഗിക അനൗൺസ്മെന്റുകളും നടത്തിയിരുന്നില്ല എന്നും, പകരം യാത്രക്കാർ തന്നെ നേരിട്ട് ചെന്ന് വിവരങ്ങൾ ചോദിച്ചറിയേണ്ട അവസ്ഥയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ടിക്കറ്റുകൾ പുനർനൽകുന്ന കാര്യത്തിലും യാതൊരു ക്രമവും പാലിച്ചിരുന്നില്ല; വിമാനത്താവളത്തിൽ അവസാനം വന്നവർക്ക് പോലും ആദ്യം ടിക്കറ്റ് ലഭിക്കുന്ന സ്ഥിതിയുണ്ടായെന്നും യാത്രക്കാർ ആരോപിക്കുന്നു. വിമാനത്തിന്റെ സമയം പലതവണ മാറ്റിയതായും, രാവിലെ 8:30 ന് ശരിയാകുമെന്ന് പറഞ്ഞിരുന്ന കാര്യം പിന്നീട് 12:30 ലേക്ക് മാറ്റിയതായും യാത്രക്കാരി പറയുന്നു.
രാത്രി വൈകിയതോടെ യാത്രക്കാർക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നതിലും വലിയ വീഴ്ചകളാണ് ഉണ്ടായത്. സ്ത്രീകളെയാണ് ആദ്യം താമസത്തിനായി കൊണ്ടുപോയതെങ്കിലും, തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ഒരു മുറി പങ്കിടാനാണ് (രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിൽ) അധികൃതർ ആവശ്യപ്പെട്ടത്.
മുൻപരിചയമില്ലാത്തവർക്കൊപ്പം ലഗേജുകൾ വെച്ച് അടച്ചിട്ട മുറിയിൽ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ താൻ ആ സൗകര്യം നിരസിച്ചതായി യാത്രക്കാരി പറഞ്ഞു.
കൂടാതെ, ഇത്രയും സമയം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണം നൽകുന്നതിനെക്കുറിച്ച് എയർലൈൻ അധികൃതർ യാതൊരു വിവരവും നൽകിയിരുന്നില്ല. ഈ ദുരിതം അവിടെയുള്ള പലരും പങ്കുവെച്ചു; തനിക്കൊപ്പം മറ്റു നാല് പേർ കൂടിയുണ്ടെന്നും, ഇതുവരെ ആർക്കും ടിക്കറ്റുകൾ ലഭിച്ചിട്ടില്ലെന്നും അവിടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പ്രതികരിച്ചു. ടിക്കറ്റ് വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചില യാത്രക്കാർക്കായി 8:15 നും 11:15 നും രണ്ട് പകരം വിമാനങ്ങൾ എയർലൈൻ ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും, നിരവധി പേർ തങ്ങളുടെ യാത്രയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഒരുപാട്
നേരം പുറത്തു കാത്തു നിന്നു..
പുതുക്കിയ സമയമായ രാവിലെ 9:30 അടുത്തിട്ടും യാത്രക്കാർക്ക് കൃത്യമായൊരു സംവിധാനമോ പരിഹാരമോ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിന്നത്.
No Comment.