Skip to content

chithrodayamflashnews.com

October 28, 2026 8:25 am

ഏപ്രില്‍ മുതല്‍ ജൂണ്‍വരെ രാജ്യത്ത് മിക്കയിടത്തും ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) അറിയിക്കുന്നത്.

2023 | ഏപ്രിൽ 03|തിങ്കൾ |

വരുംദിവസങ്ങളില്‍ മധ്യ,കിഴക്ക്,വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വര്‍ഷത്തേത്. കൊടുംചൂടിനെ നേരിടാന്‍ സ്വയം ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സൂര്യാഘാതം, സൂര്യാതപം തുടങ്ങിയവയെക്കുറിച്ചെല്ലം അറിഞ്ഞിരിക്കുകയും പരമാവധി പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, തലകറക്കം, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

സൂര്യാതപം

സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവര്‍ ഉടനടി ചികിത്സ തേടണം. പൊള്ളലേല്‍ക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല. ക്ഷീണം, തലകറക്കം, തലവേദന,
പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്,കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുക, മൂത്രത്തിന്റെ നിറം കടുംമഞ്ഞ ആവുക, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഉടന്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കുക
തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക
ഫാന്‍, എ.സി. അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം.
ഫലങ്ങളും സാലഡുകളും കഴിക്കാന്‍ നല്‍കണം.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

പേശീവലിവ്

അന്തരീക്ഷത്തിലെ ചൂട് കൂടുമ്ബോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ചൂടുമൂലം പേശീവലിവ് ഉണ്ടാവുന്നത്.

പേശീവലിവ് ഉണ്ടായാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്തിവെച്ച്‌ വെയില്‍ കുറവുള്ള തണലുള്ള ഭാഗത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. ചൂടു മൂലം ഉണ്ടായ ക്ഷീണത്തിന് ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കൂടുതല്‍ ഫലപ്രദമാണ്. അല്‍പ്പനേരത്തെ വിശ്രമത്തിനു ശേഷവും പേശീവലിവ് മാറിയില്ലെങ്കില്‍ വൈദ്യസഹായം തേടണം.

പ്രതിരോധമാര്‍ഗങ്ങള്‍ ഇങ്ങനെ

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
വിയര്‍ക്കുന്നതനുസരിച്ച്‌ വെള്ളം കുടിക്കണം
ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
യാത്രാവേളയില്‍ ഒരുകുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്.
കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ മറ്റു പല രോഗങ്ങളുമുണ്ടാക്കും.
നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞതും വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദിവസവും രണ്ടുനേരം തണുത്തവെള്ളത്തില്‍ കുളിക്കുക.
വെയിലത്ത് പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തരുത്.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
വെയിലത്ത് പാര്‍ക്കുചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
ചൂട് പുറത്തേക്ക് പോകത്തക്കരീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ഫലങ്ങളും സാലഡുകളും കഴിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച്‌ വിശ്രമിക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പുവരുത്തുക

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6