ബസ് യാത്രക്കിടെ ചില്ലറ പണത്തെച്ചുണ്ടായ ചെറിയൊരു വാക്കുതർക്കം ഒരു ജീവന്റെ അപഹരണത്തിൽ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ടിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ രോഷാകുലയായ യാത്രക്കാരി ഓടുന്ന ബസിൽ നിന്നും വനിതാ കണ്ടക്ടറെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു. തെറിച്ചുവീണ കണ്ടക്ടറുടെ കാലുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയുണ്ടായ ഈ ദാരുണ സംഭവം സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സംഭവിച്ചത് ഇങ്ങനെയുമാണ്:
തെലങ്കാന ആർടിസിയിലെ 24 കാരിയായ പ്രവല്ലിക എന്ന യുവതിയാണ് ജോലിത്തിക്കിനിടയിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആർടിസി ബസിൽ കണ്ടക്ടറായി ജോലി നോക്കവെയായിരുന്നു സംഭവം. യാത്രക്കാരിൽ ഒരാൾക്ക് ടിക്കറ്റ് നൽകിയ ശേഷം ബാക്കി ചില്ലറ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ബസിനുള്ളിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു.

വാക്കേറ്റം രൂക്ഷമായതോടെ നിയന്ത്രണംവിട്ട വനിതാ യാത്രക്കാരി പ്രവല്ലികയെ ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിലിലൂടെ പുറത്തേക്ക് പിടിച്ചു തള്ളുകയായിരുന്നു. ബാലൻസ് തെറ്റി റോഡിലേക്ക് തെറിച്ചുവീണ പ്രവല്ലികയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതി അറസ്റ്റിൽ; പ്രതിഷേധം ശക്തം
സംഭവത്തിൽ കുറ്റക്കാരിയായ വനിതാ യാത്രക്കാരിയെ പൊലീസ് ഉടൻതന്നെ പിടുകൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജോലി ചെയ്യുന്നതിനിടയിൽ അതിക്രമത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ട യുവതിയുടെ വേർപാടിൽ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തിലും തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്നും ഉയർന്നു വന്നിട്ടുള്ളത്.
സർക്കാരിന്റെ സഹായം പ്രഖ്യാപിച്ചു
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മരിച്ച പ്രവല്ലികയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും, കുടുംബത്തിലെ അമ്മയ്ക്ക് ജോലിയും ഒപ്പം സർക്കാരിന്റെ ‘ഇന്ദിരമ്മ’ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടും നൽകുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുഗേതാഗത രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഈ ദാരുണ സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും അക്രമാസക്തമാകുന്ന ചില യാത്രികരുടെ മനോഭാവം ഒരു ജീവനാണ് എടുത്തുമാറ്റിയത്.
No Comment.