സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പരിശോധനയ്ക്കിടെ അക്രമാസക്തയായ യുവതി വനിതാ സിവിൽ എക്സൈസ് ഓഫീസറെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.തിരുവമ്പാടി സ്വദേശിനി എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിലാണ് യുവതിയിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിനും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ സാക്കിറ നേരത്തെയും മെത്താംഫെറ്റമിനുമായി പിടിയിലായിട്ടുണ്ട്. കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വെച്ച കേസിലും ഇവർ പ്രതിയാണ്.
ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലാകുന്നത്.
No Comment.