കവിത
രചന :സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
•••••••••••••••••••••••••••••••
കഥയിലൊരല്പം പൊരുളുണ്ടെങ്കിൽ
കഥയില്ലാക്കഥയും സത്യമതാകും…
കരുണയിതില്ലാ ലോകത്തിൽ
കരുതലുകൊണ്ടും ഫലമില്ല…
കണ്ടതുകേട്ടതുചൊല്ലി നടക്കും
കലഹംകൂട്ടാൻ മടിയില്ലാത്തോർ…
കപടത മുറ്റി വളർന്നൊരു മണ്ണിൽ
കരബലമുണ്ടേൽ നേട്ടമതുള്ളൂ…
കണ്ണീർ തൂവും പാവങ്ങളുടെ
കരമതിൻ മുദ്രകൾ വാങ്ങി മഥിപ്പോർ
കയ്യാമത്തിൻ പഴുതുകൾ നീക്കാൻ
കമ്മട്ടക്കളിയാൽ വരുതിയിലാക്കും…
കച്ചവടത്തിൻ കണ്ണുകളാൽ
കടമകൾ തെരുവിൽ മരിക്കുന്നു…
കലിയുഗ ഭൂവിലെ കാഴ്ചകൾ പലതും
കഠിനമതല്ലോ? ചിന്തിച്ചീടുകിൽ…
കഷ്ടതയേറും പടവുകൾ കയറാൻ
കരമതു പലതും വഴിയാകാം…
കയ്യൂക്കിന്റെ ബലത്തിൽ കാട്ടും
കന്നത്തരവും കൗശലവും,
കളിയതു കാര്യം എന്നറിയുമ്പോഴും,
കടുകിട മാറുകയില്ല മർത്യൻ….
കള്ളത്തരമതേറുകയുള്ളൂ,
കഴിവുകൾ പലതും മൂടുകയുള്ളൂ….
കനകം മൂലം കാമിനി മൂലം
കത്തിയിലമരും ജീവിതനാടകം,
കണ്ടുമടുത്തവരല്ലോ നമ്മൾ…
കർത്തവ്യങ്ങൾ പലതുണ്ടാവാം
കളിയായിട്ട് കണ്ടിട്ടൊടുവിൽ
കർമ്മഫലത്തെ പഴിചൊല്ലുന്നു…
കഷ്ടതയേറും കാലത്തീശനെ
കരുണയ്ക്കായ് വിളിച്ചു കരയും….
കരതലമേറെ പണമായാൽ പിന്നെ,
കണ്ടൊരുഭാവമതില്ലായീശനെ…
കടന്നുവന്നൊരു പാതകൾ പലതും
കണ്ടില്ലന്നു നടിക്കുന്നോരനവധി…
കവചംകൊണ്ടു
മറച്ചാലും ശരി,
കണ്ടകശ്ശനിയതു കൊണ്ടേ പോകൂ…
കന്യാധാനം നടന്നിട്ടേഴാം നാളിൽ
കണവൻ കൊന്നൊരു വാർത്തയതല്ലോ കേൾപ്പൂ…
കണ്മണിയായൊരു മകളുടെ ഭാവിയിൽ
കരളു പിടഞ്ഞു കേഴുന്നമ്മ…
കവിതകൾ കഥകൾ എഴുതി നമ്മൾ,
കരകാണാക്കടലിന്നാഴംപോലെ…
കറവകൾ വറ്റിയ കന്നതുപോൽ
കലുഷം നമ്മുടെ ജീവിതഗതികൾ…
കട്ടുമുടിപ്പോർ നാട്ടിൽ പലരും,
കത്തിമുനയ്ക്കൽ വിജയം നേടുവോർ…
കപടസദാചാരം തെരുവിൽ വിതറി,
കതകിൽ മുട്ടി വിളിപ്പൂ രാവിൽ…
കനലിൽ കത്തിയമരട്ടെ കുടിലത…
കദനം വിടുതൽ നേടട്ടെ…
കരുതൽ തേടാം കനിവുകൾ നേടാം
കരതലമൊന്നായി ചേർത്തുപിടിയ്ക്കാം..

No Comment.