കോഴിക്കോട്: നിപ ബാധിച്ച് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയില്‍ എത്തിയ ആള്‍ക്കാണ്. അദ്ദേഹം ആശുപത്രിയില്‍ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
നിപ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും പരിശോധന കോഴിക്കോട് തന്നെ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ഉപയോഗിക്കും. കേരളാ എപിഡമിക് ആക്ട് 2021 പ്രകാരം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തും. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. അതിന് ശേഷം വീണ്ടും പരിശോധന നടത്തും. ആദ്യം മരിച്ച രോഗി ചികിത്സ തേടിയ ആശുപത്രിയില്‍ അതേ സമയത്ത് പോയവര്‍ നിര്‍ബന്ധമായും കോള്‍ സെന്ററില്‍ ബന്ധപ്പെടണം. വവ്വാലുകളെ ഓടിക്കാന്‍ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
No Comment.