ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. പതിനൊന്നാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. അഞ്ച് തവണ ലങ്ക ചാമ്പ്യന്മാരായി. ഇന്ത്യ 10 തവണ ഫൈനലില്‍ എത്തി. ഏഴ് തവണ ഇന്ത്യ കിരീടം നേടി. 2018ല്‍ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂര്‍ണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂര്‍ണമെന്റ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്നാൽ സ്വന്തം ഗ്രൗണ്ടിൽ മികച്ച ഫോമിൽ കളിക്കുന്ന ശ്രീലങ്കയാവട്ടെ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേസമയം ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. രോഹിത് ശര്‍മ്മ, വിരാട് കോലി, ശുഭ്മാന്‍ ഗിൽ, കെ.എല്‍ രാഹുൽ, ഹാർദിക് പാന്ധ്യ എന്നിവർ അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്. ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ഫൈനലിന് ഒരു റിസര്‍വ് ദിനം കൂടി അനുവദിച്ചിട്ടുണ്ട് എന്നുള്ളത് ആശ്വാസമാണ്. പരിക്കേറ്റ സ്പിന്നര്‍ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക.
ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ; മഴ വില്ലനായേക്കും
No Comment.