മലപ്പുറം ▪️ താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്ത മൻസൂർ, ജാബിർ എന്നീ രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ലഹരി നിരോധന നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്. രണ്ടുപേരും ഇപ്പോൾ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിലാണ്. അന്യായമായാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ജുഡീഷ്യൽ കസ്റ്റഡി അവസാനിപ്പിക്കണമന്നുമാണ് മൻസൂറും ജാബിറും ഹരജിയിൽ ആവശ്യപ്പെടുന്നത്.
ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച താനൂർ പൊലീസ് സ്റ്റേഷനിൽ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിന്നീട് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാർക്ക് സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്.
അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ ബന്ധുക്കൾ ഹൈകോടതിയെ സമീപിക്കുകയും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടത്.
No Comment.