
കഥ -നിഴൽക്കൂത്ത്
രചന : സ്മിത ദാസ്
ഏഴ് വയസ്സുള്ള ആൺകുട്ടി തന്റെ കൈവിരൽ ഒരു പ്രത്യകരീതിയിൽ കോർത്ത്ചു മരിൽ ആനയുടെ രൂപം തീർത്തു.തന്റെ ചൂണ്ടു വിരൽതാഴേക്ക് നീട്ടി അത് മടക്കുകയുംനിവർത്തുകയും ചെയ്തു
” നോക്ക് കുഞ്ഞ തുമ്പിക്കൈ “
ആൺകുട്ടി തന്റെ മൂന്ന് വയസ്സുള്ള അനിയത്തിയെ നോക്കി പറഞ്ഞു.
” ആനയ്ക്ക് പാപ്പ കൊടുക്ക്”
പെൺകുട്ടി പതുക്കെ സോഫയിൽ നിന്നെഴുന്നേറ്റ് ചുമരിനടുത്തേയ്ക്ക് വന്നു.
“ഹായ് ….. കരുത്താന”
കൈപ്പത്തി ഒന്നുകൂടി നിവർത്തി ചുമരിലെ ആനയുടെ രൂപത്തിൽ തൊട്ടു.എന്നിട്ട് കൈ വെള്ളയിലേക്ക് നോക്കി . ഇല്ല കൈയ്യിലില്ല. അവൾ തന്റെ നഖം കൊണ്ട് ചുമരിൽ ചുരണ്ടി നോക്കി. പിന്നെ ചുണ്ട് പിളർത്തി കരയാൻ തുടങ്ങി.
“ച്ച് ….. ആനേനെ വേണം “
“അയ്യോട കുഞ്ഞാ… കരയല്ലേ …. ഏട്ട വേറെ കാണിച്ച് തരാം “
അവൻ തള്ളവിരൽ തമ്മിൽ ചേർത്ത് മറ്റ് നാല് വിരലുകളും ഇരുവശത്തേക്കും വിടർത്തി ചുമരിൽ പക്ഷിയുടെ രൂപം തീർത്തു. അത് ചിറക് വിടർത്തി ചുമരിലെ കുഞ്ഞിന്റെ നിഴലിലേക്ക് പറന്നു വന്നു.
” അച്ഛ…… അച്ഛ……” കുട്ടി ചുമരിലെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി.
ചുമരിൽ ചേർന്ന് നിന്നിരുന്ന ഫോട്ടോയിൽ തൂങ്ങിയിരിക്കുന്ന മാല ഫോട്ടോയേക്കാൾ നീളമുള്ളതിനാൽ താഴെ വന്ന് നിന്നിരുന്നു.
” അച്ഛയ്ക്ക് നമ്മളെന്താ കൊടുക്കാ ……….” ആൺകുട്ടി ചോദിച്ചു.
“ഉം ………” അവൻ എന്തോ ചിന്തിക്കുന്നത് പോലെ നിന്നു .
“ആ…… കിട്ടി നമുക്ക് അച്ഛയ്ക്ക് ലോക്കറ്റ് കൊടുക്കാം “
അവൻ കൈ മുഷ്ടി ചുരുട്ടുന്നത് പോലെയാക്കി കൃത്യം മാലയുടെ താഴെ കൊണ്ട് വന്ന് ലോക്കറ്റ് പോലെയാക്കി.
മേശമേലിരിക്കുന്ന പാൽക്കുപ്പിയും അതിന്റെ നിപ്പിളും ചുമരിൽ മുലയുടെ രൂപം തീർത്തിരുന്നു. കുഞ്ഞ് അതിന്റെ നേരെ കൈ നീട്ടി.
“വെശക്ക്ണ്ണ്ടോ ” ആൺകുട്ടി ചോദിച്ചു.
“അമ്മയിപ്പം വരും”
അമ്മയും രണ്ടാനച്ഛനും മിക്ക ദിവസവും വൈകിട്ട് പുറത്ത് പോകുന്നതിനാൽ അവർ തിരിച്ച് വരുന്നത് വരെ കുഞ്ഞ് കരയാതെ നോക്കുക എന്നത് അവന്റെ വലിയ ഉത്തരവാദിത്തമായിരുന്നു.
അവൻ പാൽക്കുപ്പി കുഞ്ഞിന്റെ കൈയ്യിൽ പിടുപ്പിച്ചു . കുഞ്ഞ് നിപ്പിൾ ചപ്പി പാൽ കുടിയ്ക്കാൻ തുടങ്ങി.
“ഏട്ടനിപ്പം വരാട്ടോ … അമ്മവര്ന്ന്ണ്ടോന് നോക്കട്ടെ … കുഞ്ഞ എങ്ങട്ടും പോവരുതേ”
വില്ലയുടെ ഉമ്മറത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയതിനാൽ ജനലിൽ കൂടി നോക്കിയാലും നീണ്ട വഴിയുടെ കാൽ ഭാഗം മാത്രമേ കാണാൻ പറ്റൂ .അവൻ അവളെ സോഫയിൽ കയറ്റി ഇരുത്തി. കോണി കയറി മുകളിലത്തെ ബാൽക്കണിയിലേക്കിറങ്ങി നീണ്ട വഴിയിലേക്ക് നോക്കി.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ട് നിഴലുകൾ നീണ്ട് നീണ്ട് വന്നു. അവൻ പ്രതീക്ഷയോടെ അതിലേക്ക് നോക്കി. അല്ല അതവരല്ല. അവൻ നിരാശനായി.
തൊട്ടടുത്ത വില്ലയിലെ ഗ്ലാസിടാത്ത ജനലിലെ വെളുത്ത കർട്ടനിൽ അവിടുത്തെ താമസക്കാരുടെ നിഴലുകൾ.
തീൻ മേശയിൽ പാത്രങ്ങളുടെ ശബ്ദം .പിന്നെ ചിരിയും വർത്തമാനങ്ങളും .കുട്ടി സൂക്ഷിച്ച് നോക്കി. വെളുത്ത കർട്ടനിലെ രൂപങ്ങൾ കൈകൾ പൊക്കുന്നു പാത്രങ്ങൾ കൈമാറുന്നു.
അച്ഛന്റെ കൂടെ ദേവീ ക്ഷേത്രത്തിലെ തോൽ പാവക്കൂത്ത് കാണാൻ പോയതാണ് കുട്ടിയ്ക് ഓർമ്മ വന്നത്.
“എന്തിനാ അച്ഛാ ഇത് നടത്തണെ ”
അച്ഛന്റെ കൈ പിടിച്ച്
തിരിച്ചു പോരുമ്പോൾ അവൻ ചോദിച്ചു.
” അതോ അത് പണ്ട്
പണ്ട് ദേവൻമാർക്കും ഋഷിമാർക്കും മാനവർക്കുമെല്ലാം ശല്യമായ ദാരുകൻ എന്ന അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂട വിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെ നാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരുകനെ വധിച്ചു. ദാരുകനും ഭദ്രകാളിയും യുദ്ധം നടന്ന അതേ സമയത്താണ് രാമ രാവണ യുദ്ധവും നടന്നത്.അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നത് കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണ് കൊല്ലം തോറും ദേവീ ക്ഷേത്രങ്ങളിൽ പാവക്കൂത്ത് നടത്തുന്നത്.
” ഭദ്രകാളിയെ കണ്ടാ പേടിയാവോ അച്ഛാ “
പിന്നേ …. കഴുത്തിൽ തലയോട്ടി കൊണ്ടുള്ള മാലയും പത്ത് കൈകളിൽ ആയുധവും ചുവന്നനാക്ക് പുറത്തേക്ക് നീട്ടി ”
കുട്ടി തന്റെ വിയർത്ത കൈ കൊണ്ട് അച്ഛന്റെ കൈയ്യിൽ അമർത്തി പിടിച്ചു.
വില്ലയിലേക്കുള്ള വഴിയിൽ രണ്ട് നിഴലുകൾ നീണ്ടു വന്നു. കുട്ടി നെഞ്ചിടിപ്പോടെ നിഴലിന്റെ കാൽ ഭാഗത്തേയ്ക്ക് ദൃഷ്ടിയൂന്നി.
തിരിച്ചറിഞ്ഞപ്പോൾ ശരവേഗത്തിൽ കോണി പടികളിറങ്ങാൻ തുടങ്ങി. കുട്ടിയേക്കാൾ മുൻപേ അവന്റെ നിഴലുകൾ താഴേക്ക് ഓടിയെത്തി. താഴത്തെത്തിയതും അവൻ കുറച്ചു മുൻപേ മറന്നു പോയ എന്തോ തിരഞ്ഞു.സോഫയിൽ കിടന്നു അവൾ സുഖമായി ഉറങ്ങുന്നു. പാൽക്കുപ്പി നിലത്ത് വീണ് കിടക്കുന്നു. പാൽത്തുള്ളികൾ അവൻ അതിവേഗം കാലു കൊണ്ട് തുടച്ചു. പാൽക്കുപ്പി വീണ്ടും ചുമരിൽ മുലയായി.
സിറ്റൗട്ടിലേക്കുള്ള ജനൽ ചില്ലുകളിൽ നിഴലുകൾ അനങ്ങുന്നു. വാതിലിന്റെ താക്കോൽ ദ്വാരത്തിൽ ഞരക്കങ്ങൾ ഉയർന്നു. രണ്ട് നിഴലുകൾ അകത്തേയ്ക്ക് നീണ്ടു വന്നു.കുട്ടി കൈകൾ പിന്നിൽ കെട്ടി തല താഴ്ത്തി നിന്നു . “
“എന്താ ഒരു കള്ള ലക്ഷണം കുഞ്ഞെവിടെ?”
അവൻ സോഫയിലേക്ക് വിരൽ ചൂണ്ടി.
“പാലുകേടുത്തോ അവൾക്ക് “
അവർ അഴിഞ്ഞു കിടന്നിരുന്ന മുടി മുകളിലേക്ക് പിടിച്ചു കെട്ടി സോഫയിൽ കിടന്നിരുന്ന കുഞ്ഞിനെ എടുത്തു.
” എന്താടാ ഇത് മൂത്രമെഴിപ്പിച്ചിലേ ഇവളെ ?”
കുട്ടി സോഫയിലേക്ക് നോക്കി.
സോഫയിലെ പതുപതുത്ത തുണിയിൽ നനവു പടർന്ന് ഒരു മുയലിന്റെരൂപം തീർത്തിരുന്നു.
“അമ്മ ചോദിച്ചതു കേട്ടില്ലേ.
അതുവരെ മിണ്ടാതിരുന്ന അയാൾ രംഗപ്രവേശം ചെയ്തു.
” ഞാ….ഞാൻ ……. മറന്നു.
ആ……….ആ……… എങ്ങനെ
അയാൾ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു. “ഞാ …… ഞാൻ
മറന്നു……
അയാളുടെ കൈ നിഴലിൽ പൊങ്ങി ചുമരിലിലിരിക്കുന്ന അവന്റെ കുഞ്ഞു കവിളിലേക്ക് ആഞ്ഞുപതിച്ചു.
കുഞ്ഞു ഞെട്ടി ഉണർന്നു.
പക്ഷേ അവൾ കരയാറില്ലായിരുന്നു. അമ്മയുടെ കയ്യിൽനിന്ന് ഊർന്നിറങ്ങി അകത്തേക്കോടി സ്ഥിരം ഒളിക്കാറുള്ള ഇരുമ്പു കട്ടിലിനടിയിൽ ഒളിച്ചിരുന്നു.
” നിന്നോടു ഞാൻ പറഞ്ഞിട്ടുള്ളതല്ലെ കുഞ്ഞിനെ മൂത്രമൊഴിപ്പിച്ചേ കിടത്താൻ പാടുളളുവെന്ന് “
കുട്ടിക്ക് അതൊരു പത്തു കൈകളുള്ള ചോരയിറ്റുന്ന നാവ് പുറത്തേക്ക് തള്ളി നിൽക്കുന്ന കാളിയാണെന്ന് തോന്നി.
” എന്നെ തല്ലല്ലേ അമ്മേ ഇനി നാൻ ചെയ്തോളാം മറക്കില്ല.”
അവൻ കൈകൾ കൂപ്പി പിന്നിലേക്ക് ഓരടി വെച്ച് നടന്നുകൊണ്ട് പറഞ്ഞു.
ചുമരിൽ അവന്റെ കുഞ്ഞു രൂപം തെളിഞ്ഞു.
ഭീമാകാരമായ കാളിയുടെ രൂപവും ദാരുകന്റെ രൂപവും ചുമരിൽ അവനെ പൊതിഞ്ഞു നിന്നു.
ദാരുകൻ കാലുകൾ പൊക്കി അവന്റെ അടിവയറ്റിലേക്ക് ആഞ്ഞുചവിട്ടി.കുട്ടി തെറിച്ച് ചുമരിന് മുകളിലേക്ക് തലയിടിച്ചു താഴെ വീണു.ചുമരിൽ ഉഗ്രരൂപിണിയായ ഭദ്രകാളി മുടിയഴിച്ചിട്ട് ചേരയിറ്റുന്ന നാവുമായി അവന് നേരെ ഓടി വന്ന് അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി ചുമരിൽ നിന്ന് കിതച്ചു.
നിലത്ത് കിടന്ന അവന്റെ കാലുകൾ ദാരുകൻ വായുവിൽ ചുഴറ്റുന്നത് പക്ഷേ ചുമരിൽ ദേവകിയുടേയും വസുദേവരുേടേയും പുത്രൻമാരെ നിലത്തടിച്ച് കൊല്ലുന്ന കംസന്റെ രൂപം തീർത്തു.
ഇരുമ്പു കട്ടിലിനടിയിൽ കുഞ്ഞ് ശ്വാസമടക്കി പിടിച്ച് കിടക്കുകയായിരുന്നു അപ്പോഴും
ശബ്ദങ്ങൾ നിലച്ചു. ആരോ വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദം . നിശബ്ദത . അവൾ പതുക്കെ കട്ടിലിനടിയിൽ നിന്ന് പുറത്തിറങ്ങി. ഹാളിൽ നിഴൽ ചിത്രങ്ങൾക്ക് മാത്രമായുള്ള അരണ്ട വെളിച്ചത്തിൽ ചുമരിന് താഴെ ഏട്ടൻ കമിഴ്ന്നു കിടക്കുന്നു.
ചുമരിൽ ചോര പടർന്ന് പടർന്ന് വലിയൊരു ആനയുടെ രൂപം തീർത്തിരുന്നു.
പക്ഷേ താഴേക്കൊലിച്ചിറങ്ങുന്ന ചോര തുമ്പിക്കൈ തീർക്കുന്നേ ഉണ്ടായിരുന്നുള്ളു.
കുട്ടി ചുമരിനടുത്തേയ്ക്ക് നടന്നു വന്നു. നിലത്തിരുന്ന് തുമ്പിക്കൈയ്യിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച് അവനെ തട്ടി വിളിച്ചു.
“ഏട്ടാ …. നോക്ക് ആന ”
അവൾ പെട്ടെന്ന് എഴുന്നേറ്റ് നിലത്ത് മുട്ടുമായിരുന്ന തുമ്പിക്കൈയുടെ ഉരുണ്ട അറ്റത്ത് തന്റെ കുഞ്ഞിക്കൈ പതിപ്പിച്ചു.
എന്നിട്ട് കൈ വെള്ളയിലേക്ക് നോക്കി.
ആദ്യമായി ആനയെകൈയ്യിൽ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു.
“ഹായ്……. ചോപ്പാന!! “

No Comment.