Skip to content

chithrodayamflashnews.com

Asnap 1409

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ
2023 | ജനുവരി 15 | ഞായർ |

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി.

നാഗ്പൂരിലെ ഓഫീസിലേക്കു ഫോണിലൂടെ രണ്ടു തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.

പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയോട് എസ്ഐയുടെ അതിക്രമം.

അമിത ജോലിഭാരത്തിനെതിരേ പരാതിപ്പെട്ട വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയില്‍നിന്ന് ഇറക്കിവിട്ടു. വിശ്രമമുറിയില്‍ കയറി വാതിലടച്ചു കരഞ്ഞ ഉദ്യോഗസ്ഥയെ എസ്ഐ ജിന്‍സണ്‍ ഡോമിനിക്കും സംഘവും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയെന്നാണു പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് ബിൽ


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ല് അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന. മതപരമായ ആചാര അനുഷ്ഠാനങ്ങളെ ഒഴുവാക്കി ഭേദഗതികളോടെ കരടു ബില്ല് മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി അയച്ചിട്ടുണ്ട്. ബില്ലിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. അതിനാൽ തന്നെ എല്ലാ മത വിഭാഗങ്ങളിലേയും ആചാര അനുഷ്ഠാനങ്ങൾ പരിശോധിച്ച ശേഷമാണ് ബില്ല് തയ്യാറാക്കുന്നത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ളവയെ ഒഴുവാക്കണമെന്ന് നിയമ വകുപ്പിന്‍റെ ശുപാർശയുണ്ട്.

ജനക്ഷേമ പ്രവർത്തനങ്ങൾ തടയുവാൻ കേന്ദ്രം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി


കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾ തടയുവാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ വലിയ ജനവികാരം ഉണ്ടാകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന റാലിയിൽ ഇക്കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതങ്ങൾ കേന്ദ്രം നിഷേധിക്കുകയാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ക്ഷേമ പെൻഷൻ പോലെയുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പോലും വിഘാതം നിൽക്കുകയാണ്.

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചതിന് പിഴയായി ഈടാക്കിയത് 2.78 കോടി രൂപ

▪️സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശംവെച്ചതിന് പിഴയായി ഈടാക്കിയത് 2,78,83,024 രൂപ. 13,942 പരാതികളിലാണ് നടപടി. അനർഹമായി കാർഡ് കൈവശംവെച്ചവരുടെ പേരിൽ 2022 ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ എന്ന നടപടി തുടങ്ങിയത്. ഇവർക്ക് സ്വമേധയാ തിരിച്ചേൽപ്പിക്കാൻ പലതവണ അവസരം നൽകിയിരുന്നു. മുന്നറിയിപ്പ് പരിഗണിച്ച് തിരിച്ചേൽപ്പിച്ച 1,72,312 കാർഡുടമകൾ നടപടിയിൽനിന്ന് രക്ഷപ്പെട്ടു.

ഓപ്പറേഷൻ യെല്ലോ തുടരാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം. പൊതുജനങ്ങൾക്ക് പരാതി നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമുണ്ട്. 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ കൈമാറാം.

വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില കണക്കാക്കിയാണ് പിഴയിടുന്നത്. കാർഡ് പൊതു വിഭാഗത്തിലേക്കു മാറ്റുകയും ചെയ്യും.

സമാന്തര വയർലസ് സംവിധാനങ്ങൾ വീട്ടിൽ


രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയിൽ സ്വന്തം വീട്ടിൽ സമാന്തര വയർലസ് സംവിധാനങ്ങൾ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങൾ ചോർത്തിയ തൃശൂർ ചാഴൂർ സ്വദേശിയെ പൊലീസ് പിടികൂടി. പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജില്ലയിലെ വയർലസ് സന്ദേശങ്ങൾ ഇയാൾ ചോർത്തിയതായാണ് സൂചന. നിരവധി വർഷങ്ങൾ അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു ഇയാൾ. അഞ്ചു വർഷമായി നാട്ടിലുണ്ട്. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട്‌ പൊലീസ് അമ്പരന്നു. പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന.

ചെന്നിത്തലയെ പരിഹസിച്ച്‌ തരൂർ


രമേശ്‌ ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കോട്ട്‌ പരാമർശത്തിന്‌ മറുപടിയുമായി ശശി തരൂർ. മുഖ്യമന്ത്രി കോട്ട്‌ തയ്യാറാക്കിയിട്ടില്ലെന്നും ആര്‌ എന്ത്‌ പറഞ്ഞാലും പ്രശ്‌നമില്ലെന്നും തരൂർ വ്യക്തമാക്കി. നാട്ടുകാർ കേൾക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം പോകും. ഇപ്പോൾ ധരിച്ചിരിക്കുന്നത്‌ മുഖ്യമന്ത്രി കോട്ടല്ല. തയ്‌ച്ചുവച്ച മുഖ്യമന്ത്രി കോട്ട്‌ ഊരിവെക്കണമെന്ന ചെന്നിത്തലയുടെ പരാമർശത്തെ തരൂർ പരിഹസിച്ച്‌ തള്ളി. കോട്ടിന്റെ കാര്യം പറഞ്ഞവരോട്‌ ചോദിക്കണമെന്ന്‌ ആദ്യം പ്രതികരിച്ച തരൂർ പിന്നീട്‌ ചെന്നിത്തലയെ കടന്നാക്രമിക്കുകയായിരുന്നു. മലബാറിൽ നൂറിലേറെ കേന്ദ്രങ്ങളിൽ നിന്ന്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. നാട്ടുകാർ എന്നെ കാണാൻ ആഗ്രഹിക്കുന്നു. അതിനാലാണ്‌ പരിപാടികളിൽ പങ്കെടുക്കുന്നത്‌. ഇതിനെതിരെ ആരെങ്കിലും നിൽക്കുന്നുണ്ടോയെന്ന്‌ അറിയില്ലെന്നും തരൂർ പറഞ്ഞു.

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം തേടും


മലയോര മേഖലകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം തേടുന്നതിനൊപ്പം വംശ വർധനവ് തടയാനും ആവശ്യമായ നടപടി എടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. വിഷയം അഡ്വക്കറ്റ് ജനറലുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് 2013 ൽ എൻജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് ഈ കേസ് കോടതി സ്റ്റേ ചെയ്തിരുന്നു. കേരളം ഉൾപ്പെടെ 12 ഓളം സംസ്ഥാനങ്ങൾ കക്ഷികളായുള്ള കേസിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റേ നീക്കാനുള്ള നടപടി കളെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ശരദ്‌ യാദവിന്‌ ആദരം; വിട


ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ്‌ യാദവിന്‌(75) ആദരം അർപ്പിച്ച്‌ രാഷ്ട്രീയ നേതാക്കൾ. ഡൽഹി ഛത്തർപുരിലെ വസതിയിൽ പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ, രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. ജന്മനാടായ മധ്യപ്രദേശിലെ ഹോഷംഗബാദിലാണ്‌ സംസ്കാരം നടന്നത്. വ്യാഴം രാത്രി ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജോഷിമഠ്‌ നിവാസികൾക്ക്‌ പുനരധിവാസ പാക്കേജ്


ജോഷിമഠ്‌ നിവാസികൾക്ക്‌ പുനരധിവാസ പാക്കേജായി 45 കോടി അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രശ്‌നബാധിതമായ അഞ്ചു സ്ഥലത്ത്‌ ജിയോളജിക്കൽ സർവേ നടത്താനും ജോഷിമഠിലെ പ്രശ്‌നബാധിത കുടുംബങ്ങൾ സഹകരണ ബാങ്കുകളിൽനിന്ന്‌ എടുത്തിട്ടുള്ള വായ്‌പയ്‌ക്ക്‌ ഒരു വർഷം മൊറട്ടോറിയം അനുവദിക്കാനും തീരുമാനിച്ചു. പൊതുമേഖലാ ബാങ്കുകളിലെ വായ്‌പകളുടെ കാര്യത്തിൽ കേന്ദ്രത്തിന്‌ സംസ്ഥാന സർക്കാർ കത്തയക്കും.

ഉത്തരാഖണ്ഡിലെ പട്ടണങ്ങളുടെ താങ്ങൽശേഷി പഠിക്കും


ജോഷിമഠിലെ ഭൂമി ഇടിഞ്ഞു താഴലിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ എല്ലാ പട്ടണങ്ങളുടെയും താങ്ങൽശേഷി പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. കർണപ്രയാഗ്‌ അടക്കം സമീപ സ്ഥലങ്ങളിലും വിള്ളൽവീണ പശ്ചാത്തലത്തിലാണ് ഇത്‌. ജോഷിമഠിൽ എല്ലാ നിർമാണപ്രവർത്തനവും നിര്‍ത്താന്‍ ഉത്തരാഖണ്ഡ്‌ ഹൈക്കോടതി നിർദേശിച്ചു. സാഹചര്യം പഠിക്കുന്നതിനായി സ്വതന്ത്രവിദഗ്‌ധരുടെ സമിതിക്ക്‌ രൂപം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സമിതി രണ്ടുമാസത്തിനകം റിപ്പോർട്ട്‌ നല്‍കണം.

മാധ്യമങ്ങൾ സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ പ്രവർത്തിക്കരുതെന്ന് കോടതി


അജണ്ട നടപ്പാക്കാൻ സംഭ്രമജനകമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന്‌ സുപ്രീംകോടതി. മാധ്യമങ്ങൾ സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ പ്രവർത്തിക്കരുതെന്നും വിദ്വേഷ പരാമർശങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കവെ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ നിരീക്ഷിച്ചു. ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി പക്ഷപാതപരമായി പെരുമാറരുത്‌. എത്ര സംഭവങ്ങളിൽ നടപടി എടുത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. തത്സമയ പരിപാടികൾ ന്യായമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്വമുള്ള അവതാരകൻ ന്യായം വിട്ട്‌ പ്രവർത്തിച്ചാലോ? ഒരു പക്ഷത്തോടൊപ്പം ചേരുക, മറ്റൊരു പക്ഷക്കാരന്റെ മൈക്ക്‌ ഓഫ്‌ ചെയ്യുക, ഒരു കൂട്ടരോട്‌ ചോദ്യം ചോദിക്കാതിരിക്കുക. ഇതെല്ലാം തികച്ചും പക്ഷപാതപരമാണ്‌.

അർധ സൈനികർക്ക് ഒപിഎസ്‌ പെൻഷൻ പദ്ധതി


അർധ സൈനിക വിഭാഗങ്ങളിൽ 2004 ജനുവരി ഒന്നിനുശേഷം നിയമനം ലഭിച്ചവർക്കും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്‌) ബാധകമാക്കണമെന്ന്‌ ഡൽഹി ഹൈക്കോടതി. ഇതിനായി എട്ട്‌ ആഴ്‌ചയ്‌ക്കുള്ളിൽ ഉത്തരവിറക്കാന്‍ ഡിവിഷൻ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചു. സിആർപിഎഫ്‌, ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, ഐടിബിപി, എസ്‌എസ്‌ബി, അസം റൈഫിൾസ്‌, എൻഎസ്‌ജി സൈനികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഭാരത് ജോഡോ യാത്രയ്ക്കിടെ എം.പി കുഴഞ്ഞുവീണ് മരിച്ചു


ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്‌വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു.

നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി


ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു കേസ്. വിചാരണക്കോടതിയാണ് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടനെ കുറ്റവിമുക്തനാക്കിയത്.കളമശേരിയില്‍ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലാണ് വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തത്.

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കെ എം ഷാജി


ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലീഗ് നേതാവ് കെ എം ഷാജി. ജെന്റര്‍ ന്യൂട്രാലിറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജെന്റര്‍ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിരാണെന്നും എല്‍ജിബിടിക്യു സമൂഹം നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും കെ എം ഷാജി പറഞ്ഞു.

കർഷകനെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ച് വീഴ്ത്തി


വയനാട്ടിനെ വിറപ്പിച്ച കടുവയെ വെടിവച്ച് വീഴ്ത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവയെ കണ്ടെത്തി‍യത്. കഴിഞ്ഞ ദിവസം കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവതന്നെയാണ് പിടിയിലായതെന്ന് ആർടിഒ സ്ഥിരീകരിച്ചു.

യുവ അഭിഭാഷക മരിച്ച നിലയിൽ


തൃശൂർ പുഴയ്ക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. നമിത ശോഭനയെ (42) യാണ് മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ ചെവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചനം നേടിയ നമിത ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിന്‍റെ ശുചി മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

അരുൺകുമാറിനെതിരായ പരാതിയിൽ വിശദീകരണം തേടി


കേരള സർവ്വകലാശാല അധ്യാപകനായ ഡോ. അരുൺകുമാറിനെതിരായ പരാതിയിൽ കേരള സർവ്വകലാശാലയോട് വിശദീകരണം തേടി യുജിസിയുടെ കത്ത്. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്തയച്ചത്. പഴയിടം മോഹനൻ നമ്പൂതിരിയെക്കുറിച്ച് അരുൺകുമാർ പോസ്റ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ടാണ് അരുൺകുമാറിനെതിരെ യുജിസിയിൽ പരാതി ലഭിക്കുന്നത്.

ചാരവൃത്തി ആരോപിച്ച് തൂക്കിലേറ്റി


ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ- വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. ബ്രിട്ടീഷ് ചാരസംഘടനയായ എം 16 ന് വേണ്ടി ചാര പ്രവൃത്തിയിൽ ഏർപ്പെട്ടെന്നാരോപിച്ചാണ് അക്ബറിയെ തൂക്കിലേറ്റിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

മധ്യവർഗത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതാകണം ബജറ്റെന്ന് ആർഎസ്എസ്


രണ്ടാം മോദി സർക്കാരിന്‍റെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനിരിക്കേ നിർദേശങ്ങൾ മുന്നോട്ടു വച്ച് ആർഎസ്എസ്. മധ്യവർഗത്തിന്‍റെ അതൃപ്തി പരിഹരിക്കണമെന്നാണ് ഉന്നയിച്ച പ്രധാന ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസിന്‍റെ നിർദേശം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ മധ്യ വർഗത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ മോദി സർക്കാരിനായില്ലെന്നും അത് ഈ സർക്കാരിനു മേലുള്ള ജനങ്ങളുടെ പ്രതിക്ഷയെ ബാധിച്ചെന്നും കേന്ദ്ര ബജറ്റിൽ ഇതിനുള്ള പരിഹാരം ഉൾപ്പെടുത്തണമെന്നും ആർ എസ് എസ് നിർദേശിച്ചു.

കാമുകനു മുന്നിൽവെച്ച് കൂട്ട ബലാത്സംഗം ചെയ്തു


തമിഴ്നാട് കാഞ്ചിപുരത്ത് കാമുകനു മുന്നിൽവെച്ച് 20 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കാമുകനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 6 പേർ ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. ഇരുവരും കോളെജ് വിദ്യാർത്ഥികളാണ്. മദ്യപിച്ച് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് കാമുകനെ ആക്രമിച്ച് അവശനാക്കി. മറ്റു നാലുപേരെയും വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 5 പേരെ കസ്റ്റഡിയിലെടുത്തു. ബലാത്സംഗം ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വീണ്ടും അച്ചടക്ക നടപടി


സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഒരു കമ്മൂണിസ്റ്റുകാരന് ചേരാത്ത പ്രവൃത്തിയാണിതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. 2 മാസം മുൻപ് എ പി സോണ വീട്ടിൽ എത്തി കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന സിപിഎം പ്രവർത്തകയുടെ പരാതിയിൽ നിന്നുമാണ് വിവാദങ്ങൾക്ക് തുടക്കം.

ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു


കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. ആലപ്പുഴ കോമളപുരത്താണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു.

കടന്നൽ കുത്തേറ്റ് മരിച്ചു


വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാളാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഇരച്ചെത്തിയ കടന്നാൽകൂട്ടം വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഭാസ്‌കര പൊതുവാളിനെ ആക്രമിക്കുകയായിരുന്നു. ഉടൻ ഇയാളെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാസ്‌കര പൊതുവാൾ ഇന്നലെ രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമാണ് മരിച്ച ഭാസ്‌കര പൊതുവാൾ.

എംഡിഎംഎയുമായി പിടിയിൽ


എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രാണ് പിടിയിലായത്. പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ പിടികൂടിയത്.

ഫീഡർ സർവ്വീസിന് തിങ്കളാഴ്ച തുടക്കമാകും


സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന കെഎസ്ആർടിസിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവ്വീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിനും ന​ഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് കെഎസ്ആർടിസി ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

കുട്ടനാട്ടിലെ കൂട്ടരാജിയിൽ വിമർശനം


കുട്ടനാട്ടിലെ കൂട്ടരാജിയിൽ സിപിഎം ജില്ല സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റിൽ വിമർശനം. പ്രവർത്തകരുടെ പരാതികൾ കൈകാര്യ ചെയ്യുന്നതിൽ ജില്ല സെക്രട്ടറിക്ക് വീഴ്ച്ച പറ്റിയതായി ഒരു കൂട്ടം നേതാക്കൾ കുറ്റപ്പെടുത്തി. പരാതിക്കാരായ പ്രവർത്തകരെ സെക്രട്ടറി പൊതുവേദികളിൽ അധിക്ഷേപിച്ചുവെന്നതടക്കം വിമർശനങ്ങൾ ഉയർന്നു. പോകേണ്ടവർക്ക് പോകാം എന്ന നിലപാട് ശരിയല്ലെന്നു മന്ത്രി സജി ചെറിയാനും കുറ്റപ്പെടുത്തി.

ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു


2023ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം.

മകരജ്യോതി കണ്ട് പതിനായിരങ്ങൾ


മലകയറിയെത്തിയ ഭക്തരുടെ ശരണാരവങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായി അയ്യനെ കണ്ട പതിനായിരങ്ങൾ കിഴക്ക് നിബിഢ വന മദ്ധ്യത്തിലെ പൊന്നമ്പല മേട്ടിൽ പുണ്യ ജ്യോതി കണ്ടും സായൂജ്യരായി. ദീപാരാധനനക്ക് ശേഷം എല്ലാ കണ്ണുകളും പൊന്നമ്പല മേട്ടിലേക്ക് ആയിരുന്നു. ആദ്യവട്ടം ജ്യോതി പ്രകാശിച്ചപ്പോൾ സന്നിധാനത്തും പരിസരത്തുമായി തിങ്ങിയ ഭക്തർ തൊഴുകൈയ്യോടെ ഉച്ചത്തിൽ ശരണ ഘോഷം മുഴക്കി.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് തിരുവാഭരണം ചാർത്തി ശ്രീകോവിൽ നട തുറന്നത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിച്ചത്.

അവസാന ഏകദിനം ഇന്ന്


തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ ഇന്ന് നടക്കുന്ന അവസാന ഏകദിന മത്സരത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകൾ തിരുവനന്തപുരത്ത്‌ വിമാനമിറങ്ങി. തുടർച്ചയായി രണ്ടു കളിയും ജയിച്ച്‌ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടിയ ആവേശത്തിലാണ്‌ ഇന്ത്യ. ശ്രീലങ്കയാകട്ടെ ആശ്വാസജയം നേടാനുള്ള ഒരുക്കത്തിലും.

ജയവുമായി ഹോക്കി ലോകകപ്പിൽ ഇന്ത്യ


അവസാന നിമിഷങ്ങളിൽ സ്‌പെയ്‌ൻ വിറപ്പിച്ചെങ്കിലും രണ്ട്‌ ഗോൾ ജയവുമായി ഇന്ത്യക്ക് ഹോക്കി ലോകകപ്പിൽ തുടക്കം. അമിത്‌ റോഹിദാസും ഹാർദിക്‌ സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂൾ ഡിയിൽ വെയ്‌ൽസിനെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ച ഇംഗ്ലണ്ടാണ്‌ ഒന്നാമത്‌. ഇന്ത്യ രണ്ടാമതും.
ആദ്യ രണ്ടു ക്വാർട്ടറിലും തകർപ്പൻ കളി പുറത്തെടുത്ത ഇന്ത്യ അവസാന രണ്ടു ക്വാർട്ടറിൽ അവസരങ്ങൾ തുലയ്‌ക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6